സ്നേഹ നിര്‍ഭരമായ കാല്‍വയ്പ്
കേരളത്തില്‍ ആദ്യമായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ രണ്ട് ക്ലാസ് മുറികള്‍ നിര്‍മിക്കുകയാണ് ഈ സ്‌കൂളില്‍. ക്ലാസ് മുറികള്‍ പണിയാന്‍ മുന്‍കൈയെടുക്കുന്നതോ, സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി. പ്രചാരണങ്ങളില്‍ നിന്നെല്ലാം അകലം പാലിച്ചാണ് വിശ്വപൗരനായ പൂര്‍വവിദ്യാര്‍ഥി ഈ ഉദ്യമത്തിനു മുതിര്‍ന്നിരിക്കുന്നത്. രഹസ്യമായി നടത്താനിരുന്ന ഈ കര്‍മം ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റോടെയാണ് പുറംലോകം അറിയുന്നത്.
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ഡോ. ഇ. ശ്രീധരനാണ് ആ പൂര്‍വവിദ്യാര്‍ഥി. പാലക്കാട് പട്ടാമ്പിക്കടുത്ത് തിരുമിറ്റക്കോട് പഞ്ചായത്തിലെ ചാത്തന്നൂര്‍ എല്‍.പി സ്‌കൂളിനാണ് ഇ. ശ്രീധരനാല്‍ പുതിയ കെട്ടിടം ഉയരുന്നത്. 80 വര്‍ഷം മുന്‍പാണ് ഇ. ശ്രീധരന്‍ ചാത്തന്നൂര്‍ എല്‍.പി സ്‌കൂളിന്റെ മേല്‍ക്കൂരക്ക് കീഴില്‍ വിദ്യ അഭ്യസിച്ചത്. വെറും മൂന്നു വര്‍ഷം മാത്രമേ ആ കാലം നീണ്ടുള്ളു. അന്നുതൊട്ടിന്നോളം സ്‌കൂളിന്റെ ഓരോ നിശ്വാസത്തിനുമൊപ്പം ഈ മനുഷ്യനുണ്ട്. പഠിച്ച സ്‌കൂളിനും അവിടത്തെ കുട്ടികള്‍ക്കുമായി നിരവധി സഹായങ്ങള്‍ വര്‍ഷങ്ങളായി ചെയ്തുവരുന്നതിനിടെയാണ് കെട്ടിടമെന്ന പദ്ധതി മനസിലുദിച്ചത്. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ പരസ്യമാക്കാനോ, ഇന്നയാളുടെ സംഭാവന പ്രകാരം നിര്‍മിച്ചതെന്ന് എഴുതിവെക്കാനോ താല്‍പ്പര്യപ്പെടാതെ...
സ്‌കൂള്‍ മുറ്റത്തെ തണല്‍ മരങ്ങളേക്കാള്‍ വലിയ തണലേകാനാണ് സത്യവും നീതിയും എന്നും ഉയര്‍ത്തിപ്പിടിക്കുന്ന ഈ മനുഷ്യന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. സ്നേഹ നിര്‍ഭരമായ ഒരു കാല്‍വെപ്പായി ഏവരും എന്നും ഈ ഉദ്യമം ഓര്‍ക്കുമെന്നു തീര്‍ച്ച.
അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഉള്ളില്‍ ജീവശ്വാസം പോലെയാണ് ആ നന്മ നിറയുന്നത്. ഞാവല്‍മരങ്ങളും നെല്ലിയും മാവുമൊക്കെ തണലേകുന്ന മുറ്റം നിറയെ പഴുത്തുവീണു ഞാവല്‍പ്പഴങ്ങള്‍. മരങ്ങളില്‍ നെല്ലിക്കയും കനംതൂങ്ങിനില്‍പ്പുണ്ട്. മരത്തണലില്‍ ഒരുക്കിയ ഊഞ്ഞാലില്‍ ആടിത്തിമര്‍ക്കുന്ന കുട്ടികള്‍. വേനലവധിക്ക് മുന്‍പുള്ള ഈ വിദ്യാലയത്തിലെ കാഴ്ചകളായിരുന്നു ഇവയെല്ലാം.
സ്‌കൂളില്‍നിന്ന് രണ്ടര കിലോമീറ്റര്‍ മാത്രമാണ് ഇ. ശ്രീധരന്റെ വീട്ടിലേക്കുള്ള ദൂരം. 16 ഏക്കര്‍ വിസ്തൃതമായ പറമ്പില്‍ വന്‍മരങ്ങള്‍ നിഴല്‍ വിരിച്ചുനില്‍ക്കുന്നു. 185 വര്‍ഷത്തിലധികം പഴക്കമുള്ള നാലുകെട്ട്. ശ്രീധരന്റെ കുട്ടിക്കാലത്ത് കൂട്ടുകുടുംബമായി അറുപതോളം പേര്‍ ഒരുമിച്ചു താമസിച്ചിരുന്ന ഈ വീട്ടില്‍ ഇന്ന് ആളും അനക്കവും നേര്‍ത്തുപോയിരിക്കുന്നു.
ആറു തൊഴിലാളികളും ഒരു കാര്യസ്ഥ നും രാവില്‍ വീടുകാക്കാന്‍ എത്തുന്ന കാവല്‍ക്കാരനുമാണ് ഇവിടെ ഇപ്പോഴുളളത്. മരുമകന്‍ എളാട്ടുവളപ്പില്‍ ബാലചന്ദ്രന്‍ എന്ന നാട്ടുകാരുടെ ബാലേട്ടനാണ് നാലുകെട്ടിന്റെ മേല്‍നോട്ടം. മാസത്തില്‍ ഒന്നോ, രണ്ടോ തവണ ഇ. ശ്രീധരന്‍ മുടങ്ങാതെ സന്ദര്‍ശനത്തിനെത്തും. ആ സമയത്ത് മാത്രമാണ് ഈ വീട്ടില്‍ താമസക്കാരുണ്ടെന്ന് ചുറ്റുപാടുള്ളവര്‍ അറിയുന്നത്.
പ്രധാനാധ്യാപിക സാവിത്രി ടീച്ചര്‍
''2009 ആഗസ്റ്റ് മൂന്നിനാണ് ഞാനിവിടെ പ്രധാനാധ്യാപികയായി വരുന്നത്. ഇവിടുത്തെ സമ്പ്രദായങ്ങളൊന്നും എനിക്കറിയില്ലായിരുന്നു. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു ചെക്ക് ഓഫിസില്‍ വന്നിരുന്നു. കുട്ടികള്‍ക്കുള്ളതാണെന്ന് ഉറപ്പാക്കിയ ശേഷം ഞാന്‍ അത് മാറി കുട്ടികള്‍ക്ക് വീതിച്ചുകൊടുത്തു. വിവരത്തിന് മെയില്‍ അയച്ചു. എന്തുകൊണ്ടാണ് ചെക്ക് മാറാന്‍ താമസിച്ചതെന്നു ചോദിച്ച് അദ്ദേഹത്തിന്റെ മറുപടി വന്നു. പുതുതായി ചാര്‍ജെടുത്ത ടീച്ചറാണ്, കാര്യങ്ങള്‍ പഠിച്ചുവരുന്നതേയുള്ളൂ എന്നു ഞാന്‍ മറുപടിയും അയച്ചു. അക്കാര്യം അദ്ദേഹത്തിനു ബോധ്യപ്പെടുകയും ചെയ്തു.
2010-11 കാലത്ത് പ്രീ പ്രൈമറി ക്ലാസ് മുറികളുടെ മേല്‍ക്കൂര ചിതലരിച്ചു വീഴാറായ കാലത്തും തുണയായത് മറ്റാരുമായിരുന്നില്ലെന്ന് ടീച്ചര്‍.
ഏതു സമയത്തും വീണേക്കുമെന്നു ഞങ്ങള്‍ ഭയന്ന നാളുകള്‍. സര്‍ക്കാരിനെ അറിയിച്ചെങ്കിലും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ നടക്കുമെന്ന് ഉറപ്പിക്കാനാവാത്ത സ്ഥിതി. മേല്‍ക്കൂര തകര്‍ന്നാല്‍ എന്താണുണ്ടാവുക. ഫോണെടുത്ത് ഇ. ശ്രീധരന്‍ സാറിനെ വിളിച്ചു. ഒരു വൈകുന്നേരമായിരുന്നു അത്. വിശദമായൊരു മെയില്‍ അയക്കാന്‍ ആവശ്യപ്പെട്ട് ഫോണ്‍ വച്ചു.
പിറ്റേന്ന് രാവിലെ ഒന്‍പതു മണിക്ക് സ്‌കൂളിലെത്തുമ്പോള്‍ കണ്ടത് ജോലിക്കാരുമായി കാത്തുനില്‍ക്കുന്ന ബാലേട്ടനെയാണ്. ഞൊടിയിടയില്‍ പ്രീ പ്രൈമറി ക്ലാസ് മുറികളുടെ അറ്റകുറ്റപ്പണികള്‍ ബാലേട്ടനും സംഘവും വെടിപ്പായി തീര്‍ത്തു. ഏകദേശം 50,000 രൂപ ചെലവായെന്നാണ് അറിഞ്ഞത്.
അറ്റകുറ്റപണികള്‍ തീര്‍ന്നയുടന്‍ സ്‌കൂളിന് ആവശ്യമായ കാര്യങ്ങളെക്കുറിച്ച് വിശദമായി മെയില്‍ മുഖേന അറിയിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. അതിനിടയ്ക്കായിരുന്നു ഡല്‍ഹിയില്‍ വച്ച് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചത്. ആ തുകയും ചെലവഴിച്ചത് മറ്റൊന്നിനുമായിരുന്നില്ല. എല്‍.പി. സ്‌കൂളിനു നല്‍കുമെന്ന് വേദിയില്‍ വച്ചുതന്നെ പ്രഖ്യാ പിച്ചിരുന്നു. അവാര്‍ഡ് തുകയായ ഒന്നര ലക്ഷവും സ്വന്തം പോക്കറ്റില്‍ നിന്നെടുത്ത മറ്റൊരു ഒന്നര ലക്ഷവും ചേര്‍ത്ത് സ്‌കൂളിന് മെസ് ഹാള്‍ നിര്‍മിച്ചു. 2015-16ല്‍ ഞങ്ങള്‍ രൂപീകരിച്ച 'അനുഗ്രഹം' എന്ന സംഘടനയിലേക്ക് ഇ. ശ്രീധരന്‍ സാര്‍ നല്‍കിയ ഒരു ലക്ഷം രൂപ കൊണ്ട് ഓഡിറ്റോറിയം നവീകരിച്ചു. കുട്ടികള്‍ക്ക് ഇരിക്കാന്‍ സൗകര്യത്തിന് ഇഷ്ടിക പതിച്ചായിരുന്നു ആ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്.''
ചാത്തന്നൂര്‍ സ്‌കൂളില്‍ ഇപ്പോള്‍ ഒന്നു മുതല്‍ നാലു ക്ലാസുകളിലായി ഒന്‍പത് ഡിവിഷനുകളാണുള്ളത്. 240 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്്. കുട്ടികളുടെ അംഗസംഖ്യ പ്രകാരം ഒരു ഡിവിഷന്‍ കൂടി കിട്ടേണ്ടതായിരുന്നു. ക്ലാസ് മുറി ഇല്ലാത്തതിനാല്‍ ഡിവിഷന്‍ അനുവദിക്കാനാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞപ്പോഴാണ് പ്രധാനാധ്യാപിക ഇ. ശ്രീധരന് എഴുതിയത്. ഉടന്‍ തന്നെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ വഴി രണ്ട് ക്ലാസ് മുറികള്‍ നിര്‍മിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുകയായിരുന്നു. ആ പ്രവര്‍ത്തിയാണ് ദ്രുതഗതിയില്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിനുവേണ്ട 20 ലക്ഷം രൂപയും അനുവദിച്ചു കിട്ടിയിട്ടുണ്ട്. പക്ഷേ സ്‌കൂള്‍ കെട്ടിടം ഡി.എം.ആര്‍.സി നിര്‍മിക്കുന്ന പതിവില്ലെന്നു പറഞ്ഞ് ധനകാര്യ സെക്രട്ടറി ഇതിനുള്ള ഫയല്‍ തടഞ്ഞുവച്ചു. മന്ത്രി തോമസ് ഐസകിന്റെ ശ്രദ്ധയില്‍പ്പെടുത്തിയാണ് പരിഹരിച്ചത്.
90 സെന്റിലധികം പരന്നുകിടക്കുന്ന സ്‌കൂള്‍ വളപ്പില്‍ നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് പുറമെയാണ് പുതിയ ക്ലാസ് മുറികള്‍ നിര്‍മിക്കുന്നത്. തണല്‍വിരിച്ചു നില്‍ക്കുന്ന വലിയ ഞാവല്‍മരങ്ങളും പ്ലാവും മാവും നെല്ലിയും നിലനിര്‍ത്തിയാണ് കെട്ടിടം പണി മുന്നേറുന്നത്. കെട്ടിടത്തിനായി മണ്ണെടുത്തപ്പോള്‍ ആ സ്ഥലത്തുണ്ടായിരുന്ന ചെറുതൈകള്‍ വരെ മാറ്റിവച്ചു. മരത്തിന്റെ കൊമ്പുകള്‍ മുറിക്കാതിരിക്കാന്‍ പ്ലാനില്‍ ആവശ്യമായ മാറ്റങ്ങളും വരുത്തി. ഇതിനായി കഴിഞ്ഞ സെപ്തംബറില്‍ ഇ. ശ്രീധരന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. രണ്ടു മാസത്തിനുള്ളില്‍ സ്‌കൂള്‍ തുറക്കുന്നതിനൊപ്പം പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനവും നടക്കും. ഉദ്ഘാടനം ഉത്സവമാക്കാന്‍ പി.ടി.എയും നാട്ടുകാരും ഇപ്പോഴെ രംഗത്തുണ്ട്.
''നാലാം വയസിലാണ് സ്‌കൂളിലേക്ക് എത്തുന്നത്. ആദ്യമായി കാലടി പതിഞ്ഞ പള്ളിക്കൂടം. 1936ലോ, തൊട്ടടുത്ത വര്‍ഷമോ ആയിരിക്കണം അവിടെ ചേര്‍ന്നത്. വീട്ടില്‍നിന്ന് പാടവും തോടും പിന്നിട്ടുവേണം അക്ഷര മുറ്റത്തെത്താന്‍. വാഹനങ്ങള്‍ കേട്ടുകേള്‍വികളായ ഒരു കാലം. സഹായിയുടെ തോളിലിരുന്നാണ് എന്നും സ്‌കൂളിലേക്ക് പോയിരുന്നത്. തിരികെ കൊണ്ടുവരാനും അദ്ദേഹം എത്തും. ഏകദേശം ആറുമാസത്തോളം ഇങ്ങനെ പോയി. പിന്നെയാണ് വിദ്യനേടാന്‍ നടന്നു തുടങ്ങിയത്. ചേച്ചിയും ചേട്ടനും രണ്ടു വയസിനു ഇളയതായ മരുമകന്‍ ബാലചന്ദ്രനും അടക്കം നാലു പേരുടെ സംഘമാണ് ചാത്തന്നൂര്‍ സ്‌കൂളിലേക്ക് ഒച്ചയും ബഹളവുമായി ആഘോഷമായി നീങ്ങുക.
അന്ന് കരിമ്പനപ്പട്ട മേഞ്ഞ ഷെഡിലായിരുന്നു സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ബെഞ്ചോ, കസേരയോ ഇല്ല. കരിമ്പനപ്പട്ട കൊണ്ട് ഉണ്ടാക്കിയ തടുക്കിലാണ് കുട്ടികള്‍ ഇരിക്കുക. മണല്‍വിരിച്ച നിലത്ത് എഴുതിയാണ് അക്ഷരങ്ങള്‍ പഠിപ്പിക്കുക. ദൂരെ ദിക്കുകളില്‍നിന്നുള്ള അധ്യാപകരും ഞങ്ങളെ പഠിപ്പിക്കാന്‍ ഉണ്ടായിരുന്നു. യാത്രാ സൗകര്യമോ, താമസിക്കാന്‍ മതിയായ ഇടമോ ഇല്ലാത്ത കാലം. അകലങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ ഞങ്ങളുടെ വീടിനോട് ചേര്‍ന്നുള്ള ഒരു ഷെഡിലാണ് കഴിഞ്ഞിരുന്നത്. താമസിക്കാന്‍ സൗകര്യം ചെയ്തതിന് പ്രത്യേകമായി ചില വിഷയങ്ങള്‍ ഞങ്ങളെ പഠിപ്പിച്ച ിരുന്നു. ഏതു കാലത്തും രണ്ടോ, മൂന്നോ അധ്യാപകര്‍ വീട്ടിലുണ്ടാവും.
സ്‌കൂളില്‍ വരുന്ന കുട്ടികളെ അധ്യാപകര്‍ സസൂക്ഷ്മം നിരീക്ഷിക്കുമായിരുന്നു. കുളിച്ചിട്ടാണോ വരുന്നത്. പല്ലു തേക്കാറുണ്ടോ എന്നൊക്കെ നോക്കുന്നവരായിരുന്നു അന്നത്തെ അധ്യാപകര്‍. പല്ലു തേച്ചില്ലെന്ന് തോന്നിയാല്‍ അവര്‍ തന്നെ തേച്ചുരച്ച് വൃത്തിയാക്കും. മനഃപാഠ പട്ടിക പഠിച്ചത് അവിടെ വച്ചാണ്. അതെന്റെ ജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവായി. അന്നത്തെ അധ്യാപകരിലാരെയും ഒരിക്കലും മറക്കാനാകില്ല. അവരുടെ മുഖങ്ങളെല്ലാം ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. നാലും അഞ്ചും ക്ലാസുകളിലെ തുടര്‍പഠനം കൊയിലാണ്ടി സ്‌കൂളിലായിരുന്നു. പിന്നീട് പാലക്കാട് ബി.ഇ.എം സ്‌കൂളിലേക്കു മാറി. തെരഞ്ഞെടുപ്പ് കമ്മിഷനറെന്ന നിലയില്‍ ഏറെ പ്രശസ്തനായ ടി.എന്‍ ശേഷന്‍ ആ സ്‌കൂളിലെ എന്റെ ക്ലാസ്‌മേറ്റായിരുന്നു. എം.ജി.ആറിന്റെ ഭരണകാലത്ത് തമിഴ്നാട്ടില്‍ ഐ.ജി ആയിരുന്ന മോഹന്‍ദാസും സഹപാഠിയായിരുന്നു''.
(പൊന്നാനിയിലെ കൂടിക്കാഴ്ചയിലാണ് ഇ. ശ്രീധരന്‍ എട്ടുപതിറ്റാണ്ട് മുന്‍പത്തെ ചാത്തന്നൂര്‍ എല്‍.പി സ്‌കൂളിലെ പഠനകാലം ഓര്‍ത്തെടുത്തത്.)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."