മുസ്‌ലിം ലീഗിനെതിരേ വൃന്ദഗാനം
ഇന്ത്യ സ്വതന്ത്രമായി രണ്ടു മാസം കഴിഞ്ഞു മാത്രം കൊല്‍ക്കത്തയില്‍ ജനിച്ച വൃന്ദാകാരാട്ട് കേരളത്തില്‍ വന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗില്‍ വര്‍ഗീയത കണ്ടെത്തിയിരിക്കുന്നു. തിരുവനന്തപുരത്തു കേസരി സ്മാരക ട്രസ്റ്റിന്റെ പരിപാടിയില്‍ പ്രസംഗിക്കവേ, സി.പി.എം പോളിറ്റ് ബ്യൂറോയിലെ 71 കാരിയായ ഈ വനിതാഅംഗം പറഞ്ഞതിങ്ങനെ: 'മുസ്‌ലിം ലീഗിന് മതേതര യോഗ്യതയില്ല. മതേതരത്വം അവകാശപ്പെടാനാവില്ല.'
ലീഗിനെ വര്‍ഗീയപ്പാര്‍ട്ടിയായി അവതരിപ്പിക്കുന്ന ബി.ജെ.പിയുടെ നിലപാടു തന്നെയാണോ സി.പി.എമ്മിനുമെന്ന മാധ്യമപ്രതിനിധികളുടെ ചോദ്യത്തിന് 'ഇടതുമുന്നണിയുടെയും നിലപാട് അതാണെ'ന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ പി.ബിയിലെ മറ്റൊരംഗത്തിനും ബോധോദയമുണ്ടായി. 'ലീഗ് വര്‍ഗീയം തന്നെ'യെന്ന് എസ്. രാമചന്ദ്രന്‍പിള്ള സഖാവിന്റെ തിരുമൊഴി.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സ്ത്രീകള്‍ വഹിച്ച പങ്കിനെക്കുറിച്ചു സഖാവ് വൃന്ദ പുസ്തകമെഴുതിയിരിക്കാം. എന്നാല്‍, നമ്മുടെ നാടിന്റെ രാഷ്ട്രീയചരിത്രം അവര്‍ ഏറെ പഠിച്ചിട്ടില്ലെന്നു തോന്നുന്നു. മുസ്‌ലിം ലീഗിന്റേതു മാത്രമല്ല, സി.പി.എമ്മിന്റെ ചരിത്രവും അവര്‍ക്കു പഠിക്കാന്‍ നേരം കിട്ടിയ മട്ടില്ല.
സി.പി.എമ്മിന്റെ പരമോന്നത സഭയായ പോളിറ്റ് ബ്യൂറോയില്‍ അംഗമായ ആദ്യവനിതയെന്ന ബഹുമതി ഈ മഹതിയുടെ പേരിലാവാം. പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളെന്ന് അഭിമാനപൂര്‍വം വിശേഷിപ്പിക്കാറുള്ള മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെപ്പോലും ഇറക്കിവിട്ട പി.ബിയില്‍ ആര് അകത്താവുന്നു, ആരു പുറത്താവുന്നു എന്നതൊക്കെ രാഷ്ട്രീയവിദ്യാര്‍ഥികള്‍ പഠിക്കട്ടെ.
സഖാവ് വൃന്ദാകാരാട്ട് തിരുവനന്തപുരത്തു പ്രഖ്യാപിച്ച നിലപാട് പോളിറ്റ് ബ്യൂറോയുടെ അംഗീകാരത്തോടെയാണോയെന്നു നമുക്കറിയില്ല. റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും കടം കൊണ്ടാണ് ഈ പി.ബി ഏര്‍പ്പാട് കമ്യൂണിസ്റ്റുകാര്‍ ഇന്ത്യയിലും ആരംഭിച്ചതെന്ന് ഏവര്‍ക്കുമറിയാം. പോളിറ്റ് ബ്യൂറോ ഇടക്കിടെ ചേര്‍ന്നു നയപരമായ കാര്യങ്ങള്‍ തീരുമാനിക്കാറുണ്ടെങ്കിലും അതിലെ പതിനേഴ് അംഗങ്ങളും എല്ലാ യോഗങ്ങളിലും പങ്കെടുക്കാറില്ല.
എത്തിച്ചേരുന്നവരെ ഉള്‍പ്പെടുത്തി അവൈലബിള്‍ പോളിറ്റ് ബ്യൂറോ എന്നു പറഞ്ഞാണു തീരുമാനങ്ങളെടുക്കുന്നത്. അത് എത്രയാളായാലും മതി. പി.ബി അംഗങ്ങളായ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പത്‌നിയായ വൃന്ദയും അവരുടെ വീടിന്റെ സ്വീകരണമുറിയിലോ, കിടപ്പുമുറിയിലോ വച്ചു സംസാരിച്ചാലും അവൈലബിള്‍ പി.ബിയാകുമെന്നര്‍ഥം.
കഴിഞ്ഞ ഏപ്രിലില്‍ ഹൈദരാബാദില്‍ നടന്ന ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസാണല്ലോ ജനറല്‍സെക്രട്ടറി സ്ഥാനത്തുനിന്നു പ്രകാശ് കാരാട്ടിനെ മാറ്റി സീതാറാം യെച്ചൂരിയെ അവരോധിച്ചത്. അന്നു ജനറല്‍സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഏറെ മോഹം വച്ച രാമചന്ദ്രന്‍പിള്ള അവസാനഘട്ടത്തില്‍ പുറത്താവുകയായിരുന്നു.
ഇപ്പോള്‍, മുസിലിം ലീഗില്‍ വര്‍ഗീയത കാണുന്ന ആലപ്പുഴക്കാരനായ എസ്.ആര്‍.പി താന്‍ പത്രാധിപരായി ചുമതലയേറ്റ കാലത്തെങ്കിലും കോഴിക്കോട്ടു വന്നു പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെ പഴയതാളുകള്‍ മറിച്ചുനോക്കിയിട്ടുണ്ടോയെന്നറിയില്ല. കേരളം പിറക്കും മുമ്പ് മലബാറില്‍ ലീഗിനെ നിശിതമായി വിമര്‍ശിച്ച് ആഴ്ചതോറും ലേഖനങ്ങളെഴുതിയ ചീഫ് എഡിറ്റര്‍ ദേശാഭിമാനിക്കുണ്ടായിരുന്നു. വി.ടി. ഇന്ദുചൂഡനെന്ന ആ പത്രാധിപസഖാവിനെ ഒടുവില്‍ കണ്ടത് സംഘ്പരിവാര്‍ പാളയത്താണ്.
ഇപ്പോഴത്തെ രാഷ്ട്രീയാവസ്ഥയെന്താണ്. അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ മുസ്‌ലിം ലീഗ് ഉള്‍പ്പെട്ട ഡി.എം.കെ മുന്നണിയിലാണ് സി.പി.എം മത്സരിക്കുന്നത്. മൂന്നുകൊടികളും കൂട്ടിക്കെട്ടിയാണ് അവിടെ പ്രചാരണം. അവിടെപ്പോയി ലീഗ് വര്‍ഗീയകക്ഷിയാണെന്നു പറയുമോ വൃന്ദയും എസ്.ആര്‍.പിയും.
മുസ്‌ലിംകള്‍ക്കു പുറമേ ദലിതരടക്കമുള്ള അമുസ്‌ലിംകള്‍ക്കു കൂടി അംഗത്വമുളള പാര്‍ട്ടിയാണു ലീഗ്. കേരളത്തില്‍ ഇന്ന് ഈ പാര്‍ട്ടി ഏറ്റവും വലിയ മൂന്നാംകക്ഷിയുമാണ്. വര്‍ഷങ്ങളായി അതിനു തെരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരമുണ്ട്.
ഇന്ത്യന്‍ ഭരണഘടനയെയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തെയും കമ്മ്യൂണിസ്റ്റുകള്‍ അംഗീകരിക്കാത്ത കാലത്തും അംഗീകരിക്കപ്പെട്ട ഭരണഘടനയില്‍ ലീഗ് നേതാക്കളുടെ കൈയൊപ്പുണ്ടായിരുന്നു. ഒന്നാം പാര്‍ലമെന്റ് മുതല്‍ കഴിഞ്ഞ പതിനാറു ലോക്‌സഭകളിലും മുസ്‌ലിംലീഗിന് എം.പിമാരുണ്ട്. അവിഭക്ത മദ്രാസ് അസംബ്ലിയിലെന്നപോലെ കേരള നിയമസഭയിലും അമുസ്‌ലിം സ്ഥാനാര്‍ഥിയെ സ്വന്തം ചിഹ്നത്തില്‍ നിര്‍ത്തി ജയിപ്പിച്ച പാര്‍ട്ടിയാണു ലീഗ്.
മലപ്പുറത്തെ ആദ്യതെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റില്‍ ജയിച്ച വന്ദ്യനായ കെ.എം സീതിസാഹിബിനേക്കാള്‍ കൂടുതല്‍ വോട്ടു നല്‍കിയാണ് ഹരിജന്‍ സംവരണ സീറ്റില്‍ എം. ചടയനെ ലീഗുകാര്‍ ജയിപ്പിച്ചത്. കെ.പി രാമന്‍ മുതല്‍ യൂ.സി രാമന്‍ വരെയുളളവര്‍ ലീഗ് അംഗങ്ങളായി കേരളനിയമസഭയിലെത്തിയതും ചരിത്രം.
കേരളത്തില്‍ 1957 ല്‍ നടന്ന തെരഞ്ഞെടുപ്പിലാണല്ലോ കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തിലാദ്യമായി അധികാരത്തില്‍ വന്നത്. അന്നു 122 സീറ്റുണ്ടായിരുന്ന നിയമസഭയിലേയ്ക്കു ജയിച്ചു കയറിയ കമ്മ്യൂണിസ്റ്റുകാരുടെ എണ്ണം 60 മാത്രമായിരുന്നു. അഞ്ചു സ്വതന്ത്രന്മാരുടെ പിന്തുണയാണ്, ഇ.എം.എസ് മന്ത്രിസഭയ്ക്കു ഭൂരിപക്ഷമുണ്ടാക്കിക്കൊടുത്തത്. ആ മന്ത്രിസഭയിലെ രണ്ടംഗങ്ങളെങ്കിലും ജയിച്ചു കയറിയതു മുസ്‌ലിം ലീഗിന്റെ പിന്തുണയോടെയായിരുന്നു.
അവരുടെ മണ്ഡലങ്ങളില്‍ ചെങ്കൊടിയോടൊപ്പം പച്ചപ്പതാകയും കൂട്ടിക്കെട്ടിയായിരുന്നു പ്രചാരണമെന്ന കാര്യം അന്നു പത്തുവയസ്സ് മാത്രമുള്ള വൃന്ദാ ലാല്‍ദാസ് എന്ന സ്‌കൂള്‍കുട്ടിക്ക് അറിയില്ലായിരിക്കാം. പില്‍ക്കാലത്ത് സിനിമയില്‍ അഭിനയിച്ചും എയര്‍ ഇന്ത്യയില്‍ ജോലി ചെയ്തുമൊക്കെ വളര്‍ന്ന വൃന്ദ, ജീവിതസഖാവായി സി.പി.എം നേതാവായ പ്രകാശിനെ തെരഞ്ഞെടുത്ത ശേഷമാണല്ലോ സജീവരാഷ്ട്രീയക്കാരിയായത്. വൃന്ദയ്‌ക്കൊപ്പമിതാ ഇന്നുവരെ ഒരു തെരഞ്ഞെടുപ്പും ജയിക്കാത്ത രാമചന്ദ്രന്‍പിള്ളയ്ക്കും ഹാലിളക്കം.
ഇ.എം.എസിന്റെ നേതൃത്വത്തില്‍ കേരളം ഭരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സൃഷ്ടിച്ച അരക്ഷിതാവസ്ഥയില്‍ മനംനൊന്ത് 1959ല്‍ വിമോചനസമരം പൊട്ടിപ്പുറപ്പെടുകയും ആ മന്ത്രിസഭയെ രാഷ്ട്രപതി പിരിച്ചുവിടുകയും ചെയ്ത ചരിത്രം ഇരുവരും ഓര്‍ക്കുന്നുണ്ടോ ആവോ. അന്നു പ്രതിപക്ഷത്ത് നിന്നു ലീഗിനെ അടര്‍ത്തിയെടുക്കാന്‍ കൊയിലാണ്ടിവരെയും പാണക്കാട്ടുവരെയും കമ്യൂണിസ്റ്റ് നേതാക്കള്‍ പരക്കം പാഞ്ഞിരുന്നു. അന്നു ലീഗില്‍ വര്‍ഗീയത കാണാന്‍ കഴിഞ്ഞിരുന്നില്ലേ.
1967 ല്‍ ഒരിക്കല്‍ക്കൂടി ഇ.എം.എസിന്റെ മന്ത്രിസഭ അധികാരത്തിലേറി. അതാകട്ടെ മുസ്‌ലിം ലീഗിനെ സഖ്യകക്ഷിയായി ചേര്‍ത്തുകൊണ്ടായിരുന്നു. സപ്തകക്ഷി മുന്നണിയുടെ ബലത്തിലായിരുന്നു വിജയം. കൊയിലാണ്ടിയില്‍ ബാഫക്കി തങ്ങളുടെ വസതിയിലും കോഴിക്കോട്ട് ബി.വി അബ്ദുല്ലക്കോയയുടെ വീട്ടിലുമൊക്കെയായി സി.പി.എമ്മുകാര്‍ പലതവണ കയറി ഇറങ്ങി.
അന്ന് അവിടങ്ങളില്‍ ഐക്യമുന്നണിയെന്നു പറഞ്ഞു ചര്‍ച്ചയ്ക്കു വന്നുകൊണ്ടിരുന്നതു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സമുന്നതനേതാക്കളായിരുന്ന ഇ.എം.എസും ഇ.കെ നായനാരും അഴീക്കോടന്‍ രാഘവനും സി.എച്ച് കണാരനുമൊക്കെ ആയിരുന്നു. കരിയാടന്‍വില്ല എന്നറിയപ്പെട്ടിരുന്ന ബി.വിയുടെ കോണ്‍വെന്റ് റോഡിലുള്ള വസതിയില്‍ അഴീക്കോടന്‍ രാഘവനോടൊപ്പമെത്തിയ ഇ.എം.എസുമായി 1966 ഓഗസ്റ്റില്‍ ബാഫക്കി തങ്ങളും സി.എച്ചും ബി.വിയും നടത്തിയ ചര്‍ച്ച ചരിത്രപ്രസിദ്ധമാണല്ലോ.
അങ്ങനെ കമ്മ്യൂണിസ്റ്റുകളും ലീഗും ഒരു മുന്നണിയായി. 1967 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഈ കമ്മ്യൂണിസ്റ്റ് - ലീഗ് സഖ്യം 133 സീറ്റില്‍ 117 ലും ജയിച്ചുകയറി. ലീഗ് പതിനാലിടത്തു ജയിച്ചപ്പോള്‍ സി.പി.എം 52 ലും സി.പി.ഐ 19 ലും വിജയിച്ചു. എസ്.എസ്.പി (19), ആര്‍.എസ്.പി (6), കെ.ടി.പി (2), കെ.എസ്.പി (1) എന്നിങ്ങനെയായിരുന്നു മുന്നണിയിലെ മറ്റു കക്ഷികളുടെ നില. നാലു സ്വതന്ത്രന്മാരും ജയിച്ചു.
എം.എന്‍ ഗോവിന്ദന്‍ നായര്‍, പി.ആര്‍ കുറുപ്പ്, ടി.കെ ദിവാകരന്‍, ബി. വെല്ലിങ്ങ്ടണ്‍, മത്തായി മാഞ്ഞൂരാന്‍ എന്നിവരോടൊപ്പം സി.എച്ചിനെയും കൂട്ടിപ്പോയാണ് സാക്ഷാല്‍ ഇ.എം.എസ് ഗവര്‍ണര്‍ ഭഗവാന്‍ സഹായിയുടെ മുമ്പാകെ ഭൂരിപക്ഷം തെളിയിച്ചത്. സി.എച്ചും എം.പി.എം അഹമ്മദ് കുരിക്കളും ഇ.എം.എസ് മന്ത്രിസഭയില്‍ അംഗങ്ങളായി. ലീഗിലെ എം.പി.എം ജാഫര്‍ഖാന് ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും നല്‍കി.
ഇന്ത്യയില്‍ മുസ്‌ലിം ലീഗുകാര്‍ ആദ്യം മന്ത്രിമാരായത് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലാണെന്ന ചരിത്രവസ്തുത വൃന്ദാകാരാട്ടിനും രാമചന്ദ്രന്‍ പിള്ളയ്ക്കും കേട്ടറിവെങ്കിലും ഉണ്ടാവാതെപോയല്ലോയെന്നാണു ചരിത്രവിദ്യാര്‍ഥികള്‍ അത്ഭുതപ്പെടുന്നത്.
ഈ സൗഹൃദം ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. ഡല്‍ഹിയില്‍ മാര്‍ക്‌സിസ്റ്റ് - ലീഗ് എം.പിമാര്‍ പലതവണ യോഗം ചേര്‍ന്നു പരിപാടികള്‍ ആവിഷ്‌കരിച്ചിരുന്നു. അന്നത്തെ നേതാക്കള്‍ക്ക് ലീഗുകാര്‍ അസ്പൃശ്യരായി തോന്നിയില്ല. അക്കാര്യങ്ങള്‍ ഒന്നും ഓര്‍ക്കാന്‍ കഴിയാത്ത രണ്ടുപേരെയാണു സി.പി.എം ഇപ്പോള്‍ പോളിറ്റ് ബ്യൂറോയില്‍ എഴുന്നള്ളിച്ചു നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."