തെരുവുനായ്ക്കള്‍ക്ക് പോറ്റമ്മയായി സാറാമ്മ
മലയിന്‍കീഴ്: തന്റെ സമ്പാദ്യം മുഴുവനും നായ്ക്കള്‍ക്കു വേണ്ടി വിനിയോഗിക്കുന്ന സാറാമ്മ കൗതുകമാവുന്നു. തെരുവുനായ്ക്കള്‍ക്ക് എതിരേ വിവിധ കോണുകളില്‍നിന്ന് രോഷപ്രകടനങ്ങള്‍ ഉയരുമ്പോഴാണ് തെരുവുനായ്ക്കളെ മക്കളെപ്പോലെ കാണുന്ന സാറാമ്മയുടെ ജീവിതം മഹത്വമുള്ളതാവുന്നത്.
തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് മേഖലയിലെ തലസ്ഥാന റോഡില്‍ പേയാട് ചന്തമുക്കില്‍ നിന്നു ബി.പി നഗറിലേക്കുള്ള വഴിയില്‍ ഏകദേശം 400 മീറ്റര്‍ പിന്നിട്ടാല്‍ ഇടതു വശത്തായി സാറാമ്മയുടെ പണിതീരാത്ത വീടു കാണാം. അഭയാര്‍ഥി ക്യാംപ് പോലെ ഒരിടം. സാരിയും ടാര്‍പ്പോളിന്‍ ഷീറ്റുകളും ഉപയോഗിച്ച് കെട്ടിയ ചെറിയ ടെന്റുകളും തടിമില്ലില്‍നിന്നു മിച്ചംവരുന്ന മരക്കഷ്ണങ്ങള്‍ ഉപയോഗിച്ചുള്ള കൂടുകളും സമീപത്തായി പരന്നുകിടക്കുന്നു.
100 തെരുവുനായ്ക്കള്‍, ഇരുപതില്‍ അധികം പൂച്ചകള്‍, മൂന്ന് ആടുകള്‍, രണ്ട് ഡസനോളം കോഴികള്‍, താറാവുകള്‍, കൃഷ്ണപ്പരുന്ത്, രണ്ട് തത്തകള്‍, പത്തോളം ലവ് ബേര്‍ഡ്‌സ് ഒപ്പം രണ്ട് ആമകളുമായാല്‍ സാറാമ്മയുടെ വീട്ടിലെ ഹാജര്‍നില പൂര്‍ത്തിയാവും.
ഇവിടെയുള്ള അന്തേവാസികളില്‍ മിക്കവയും മനുഷ്യന്റെ ക്രൂരതയുടെ ആഴം അറിഞ്ഞവരാണ്. റോഡില്‍ അനാഥരായി കഴിയുന്ന നായകളെ കണ്ടാല്‍ സാറാമ്മ അവയെ തനിക്കൊപ്പം കൂട്ടും. തന്റെ മക്കളെ പോലെ പരിപാലിക്കും. ചിപ്പി, പക്രു, ഗിഫ്ടി, ബ്യൂട്ടി, പ്യാരി, സീബ്ര എന്നിങ്ങനെ ഇവയുടെ പേരുകള്‍ നീളുന്നു.
പേരുകള്‍ സാറാമ്മ നീട്ടിവിളിക്കുമ്പോഴേക്കും എല്ലാവരും ഓടിയെത്തും. അസുഖങ്ങളും അംഗഭംഗവും വന്ന നായ്ക്കള്‍ക്ക് സാറാമ്മ അമ്മയാണ്. അന്തേവാസികളില്‍ മുന്തിയ ഇനം നായ്ക്കളുമുണ്ട്. ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ട വെള്ള ലാബ്രഡോര്‍ ക്രോസ് വരെ അക്കൂട്ടത്തിലുണ്ട്.
സാറാമ്മ പേയാട് എത്തിയിട്ട് 25 വര്‍ഷ മായി. സര്‍ക്കാര്‍ ജോലിയായിരുന്നു. സര്‍വിസില്‍ നിന്ന് വി.ആര്‍.എസ് വാങ്ങിയാണ് തെരുവുനായ്ക്കള്‍ ഉള്‍െപ്പടെയുള്ളവയെ സംരക്ഷിക്കാന്‍ ഇറങ്ങിയത്. 15 സെന്റു സ്ഥലത്താണ് വിധവയായ സാറാമ്മ താമസിക്കുന്നത്. ഈ ഭൂമിയും ഇന്ന് അന്യാധീനപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ സ്വന്തം എന്ന് പറയാന്‍ മിണ്ടാപ്രാണികള്‍ മാത്രം.
മിണ്ടാപ്രാണികളെ പോറ്റാന്‍ തന്റെ പേരിലുണ്ടായിരുന്ന വസ്തു വില്‍ക്കുകയായിരുന്നു. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ആ പണി തീരാത്ത വീട്ടിന്റെ ഒരു മൂലയ്ക്കാണ് സാറാമ്മയും രാവ് പുലര്‍ത്തുന്നത്. നായ്ക്കളുടെ അന്നത്തിനായി ഇന്ന് തെണ്ടുകയാണ് സാറാമ്മ. തെരുവ്‌നായ്ക്കള്‍ക്ക് വയറുനിറയെ ആഹാരം നല്‍കനുള്ള പണവും അവര്‍ക്ക് ഉറങ്ങാനുള്ള ഇടവും അതാണ് സാറാമ്മയുടെ ഏറ്റവും വലിയ സ്വപ്നം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."