കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് വീട് യാഥാര്‍ഥ്യമായി
പെരിയ(കാസര്‍കോട്): പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന് നിര്‍മിച്ച് നല്കിയ പുതിയ വീടിന്റെ ഗൃഹപ്രവേശന കര്‍മം നാളെ നടക്കും.
ഹൈബി ഈഡന് എം.എല്‍.എ നിര്‍മിച്ചു നല്കിയ വീടിന്റെ നിര്‍മാണം കഴിഞ്ഞ മാര്‍ച്ച് 3ന് ആരംഭിച്ച് 46 ദിവസത്തിനുള്ളില്‍ തന്നെ പണി പൂര്‍ത്തിയാക്കുകയായിരുന്നു. കൃപേഷ് കൊല ചെയ്യപ്പെട്ടപ്പോള്‍ വീട് സന്ദര്‍ശിക്കാനെത്തിയ ഹൈബി ഈഡന് എം.എല്‍.എ ഒറ്റമുറി കുടിലിന്റെ ദുരവസ്ഥ കണ്ടറിഞ്ഞ് തന്റെ മണ്ഡലത്തില്‍ പ്രളയത്തില്‍ ഭവനരഹിതരായവര്‍ക്കായി നടപ്പാക്കുന്ന തണല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃപേഷിന്റെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.നാളെ നടക്കുന്ന ഗൃഹപ്രവേശന ചടങ്ങില്‍ എറണാകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കൂടിയായ ഹൈബി ഈഡന് തെരഞ്ഞെടുപ്പ് തിരക്കുകള്‍ മാറ്റിവച്ച് പങ്കെടുക്കും.
ശുചിമുറികളോട് കൂടിയ രണ്ട് കിടപ്പ് മുറികളും പൊതു ശുചിമുറിയും ഹാളും അടുക്കളയോടും കൂടിയ 1300 സ്ക്വയര്‍ഫീറ്റിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ഹൈബി ഈഡന് എം.എല്‍.എയുടെ ഓഫിസ് ജീവനക്കാര്‍ ആര്ക്കിടെക്റ്റുമാരുമായി നേരിട്ട് കല്യോട്ട് എത്തിയാണ് വീടിന്റെ പ്ലാന്‍ തയാറാക്കിയത്. ഫെബ്രുവരി 17 നാണ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെ ഒന്‍പതോളം പേര് അറസ്റ്റിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."