കുടിവെള്ള വിതരണം വാട്ടര്‍ അതോറിറ്റി അധികൃതരുമായി മന്ത്രി ചര്‍ച്ച നടത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ളക്ഷാമം രൂക്ഷമായതിനാല്‍ ലഭ്യമായ കുടിവെള്ളം ഫലപ്രദമായി വിതരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് വാട്ടര്‍ അതോറിറ്റി അധികൃതരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. ജല വിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, വാട്ടര്‍ അതോറിറ്റി എം.ഡി എ. ഷൈനാ മോള്‍, വാട്ടര്‍ അതോറിറ്റിയുടെ വിവിധ ജില്ലകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
വരള്‍ച്ച രൂക്ഷമാണെങ്കിലും മിക്കവാറും എല്ലാ ജില്ലകളിലും താല്‍കാലിക ചെക്ഡാമുകളിലെ വെള്ളം ഉപയോഗപ്പെടുത്തിയും പമ്പിങ്ങില്‍ ക്രമീകരണം നടത്തിയും കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ സാധിക്കുന്നതായി വാട്ടര്‍ അതോറിറ്റി ഉദ്യാഗസ്ഥര്‍ മന്ത്രിയെ ധരിപ്പിച്ചു. ഈ വര്‍ഷം മഴയുടെ ലഭ്യത 62 ശതമാനം വരെ കുറഞ്ഞതിനാല്‍ കഴിഞ്ഞ ഡിസംബര്‍ മാസമായപ്പോഴേക്കും സംസ്ഥാനത്തെ മിക്ക നദികളും വറ്റിവരളാന്‍ ഇടയായി.ഭാരതപ്പുഴ, കടലുണ്ടിപ്പുഴ, വാമനപുരം നദി എന്നിവ പൂര്‍ണമായും വറ്റിപ്പോയ ജലസ്രോതസുകളാണ്. കാസര്‍കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവുമധികം കുടിവെള്ളക്ഷാമം നേരിടുന്നത്. ഇവിടങ്ങളിലെല്ലാം വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ചും ടാങ്കറില്‍ ജലമെത്തിച്ചും കുടിവെള്ള വിതരണം സാധാരണ നലയിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതോറിറ്റി ഉേദ്യാഗസ്ഥര്‍ വിശദീകരിച്ചു.
തിരുവല്ലയില്‍ നിന്നാണ് മന്ത്രി വീഡിയോ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചത്. മഴ ഇനിയും വൈകിയാല്‍ കുടിവെള്ളക്ഷാമം രൂക്ഷമാവാനുള്ള സാധ്യത കണക്കിലെടുത്ത് കുടിവെള്ളം പാഴാക്കാതിരിക്കുവാനും ഉപയോഗം നിയന്ത്രിക്കുവാനും ജനങ്ങള്‍ തയ്യാറാവണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."