മത്സ്യ മേഖലയില്‍ ലാഭം കൊയ്യുന്നത് ഇടനിലക്കാര്‍: മന്ത്രി മെഴ്‌സിക്കുട്ടിയമ്മ
കൊച്ചി: മത്സ്യ മേഖലയില്‍ ലാഭംകൊയ്യുന്നത് ഇടനിലക്കാരെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ. മത്സ്യസമ്പത്ത് വേണ്ടുവോളമുണ്ടെങ്കിലും ആ സമ്പത്തിന് ആനുപാതികമായ മെച്ചപ്പെട്ട ജീവിതസൗകര്യം മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലെന്നും മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ കൗണ്‍സിലിന്റെ(സാഫ്) ആഭിമുഖ്യത്തില്‍ നടന്ന തീരമൈത്രി സംസ്ഥാന തല ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മത്സ്യ മേഖലയിലെ തൊഴിലാളികള്‍ക്ക് നേരെയുള്ള ചൂഷണത്തിന്റെ തോത് കൂടിവരുകയാണെന്നും അവര്‍ പറഞ്ഞു. മത്സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവര്‍ത്തിച്ച് അധികാരത്തില്‍ വന്നിട്ടുള്ള ഒരു സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ പുതിയ പദ്ധതികളിലൂടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ പ്രതിജ്ഞാബദ്ധമാണ്. പിടികൂടുന്ന മത്സ്യത്തിന് വിലയിടാന്‍ തൊഴിലാളികള്‍ക്ക് സാധിക്കണം. അങ്ങനെ ആയാല്‍ വിഷരഹിത മത്സ്യം മാര്‍ക്കറ്റുകളില്‍ ലഭ്യമാകും. ഇതിനായുള്ള നടപടികള്‍ പഞ്ചായത്ത് തലത്തില്‍നിന്ന് ആരംഭിക്കണം.
പഞ്ചായത്തുകളുടെ സഹായത്തോടെ 'ശുചിത്വതീരം' പദ്ധതിയും, തീര മേഖലകളിലെ അനാഥരായ കുട്ടികളെ ദത്തെടുക്കുന്ന പദ്ധതിയും ആലോചിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു.
മത്സ്യബോര്‍ഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍, കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ഏര്‍പ്പെടുത്തിയ വിവിധ ധനസഹായ വിതരണവും മന്ത്രി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."