പത്തു ലക്ഷത്തോളം ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ വിദേശ മരുന്ന് കമ്പനിക്ക്
അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് വഴി നടത്തിയ സര്‍വേക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്ന് സൂചന
തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റ കിരണ്‍ സര്‍വേയിലൂടെ ശേഖരിച്ച പത്തുലക്ഷത്തോളം വരുന്ന ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് കൈമാറിയതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ആരോഗ്യവകുപ്പിലെ ഉന്നതന്‍.
ഗ്‌ളക്‌സോ, സ്മിത്ത്‌ക്ലൈന്‍ ബീച്ചാം, നോവാര്‍ട്ടിസ്, കിങ് ഫാര്‍മ, ബോറിങ്ങര്‍ ഇംഗല്‍ (ജര്‍മനി), സനോഫി അവന്റിസ് (ഫ്രാന്‍സ്), ആസ്ട്രാ സെനീക്ക (സ്വീഡന്‍) തുടങ്ങിയ മരുന്നു കമ്പനികള്‍ ഉപയോക്താക്കളായ കനേഡിയന്‍ കമ്പനിയായ പോപ്പുലേഷന്‍ ഹെല്‍ത്ത് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് (പി.എച്ച്.ആര്‍.ഐ) വിവരങ്ങള്‍ കൈമാറിയതെന്നാണ് വിവരം. ഇവര്‍ ഇക്കാര്യം വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തു. അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്തു വഴിയാണ് സര്‍വേ നടത്തുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇതേ ആരോഗ്യവകുപ്പ് ഉന്നതന്‍ വഴി ഇതേ സ്ഥാപനത്തിനുവേണ്ടി സര്‍വേ ആരംഭിച്ചുവെങ്കിലും അന്ന് പ്രതിപക്ഷത്തിരുന്ന ഇടതുമുന്നണിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍വേ നിര്‍ത്തിവയ്ക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മുഖ്യമന്ത്രിയുടെ വിശ്വസ്തരുടെ പട്ടികയിലെത്തിയ ഈ ഉദ്യോഗസ്ഥന്‍ വീണ്ടും ഈ കമ്പനിക്ക് വേണ്ടി സര്‍വേ നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം.
പത്തുലക്ഷം പേരുടെ വിവരങ്ങളാണ് കേരള ഇന്‍ഫര്‍മേഷന്‍ ഓണ്‍ റസിഡന്‍സ് ആരോഗ്യം നെറ്റ്‌വര്‍ക്ക് അഥവാ കിരണ്‍ സര്‍വേയിലൂടെ ശേഖരിച്ചത്. ഭക്ഷണം,രോഗം, ചികിത്സ തുടങ്ങിയ സൂക്ഷ്മമായ വിവരങ്ങള്‍ പോലും ആരോഗ്യവകുപ്പ് ശേഖരിച്ചു. വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും മുഖ്യഗവേഷകനും കോ-ഓര്‍ഡിനേറ്ററും മാത്രമേ അറിയുകയുള്ളൂവെന്നും ഉറപ്പ് നല്‍കിയാണ് സര്‍വേ. എന്നാല്‍ കാനഡയിലെ പോപ്പുലേഷന്‍ ഹെല്‍ത്ത് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റ വെബ്‌സൈറ്റില്‍ കേരളത്തില്‍ കിരണ്‍ സര്‍വേ നടത്തുന്നത് തങ്ങളാണന്ന് ഇവര്‍ അവകാശപ്പെടുന്നു. സര്‍വേയിലെ ആളുകളുടെ എണ്ണം, വിവരശേഖരണരീതി എല്ലാം വ്യക്തമാക്കിയിട്ടുണ്ട്.
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സിലെ ഡോ. രാമന്‍കുട്ടിയാണ് മുഖ്യഗവേഷകന്‍. എന്നാല്‍ പി.എച്ച്.ആര്‍.ഐയുടെ സൈറ്റില്‍ മുഖ്യഗവേഷകര്‍ സലീം യൂസഫും ഫിലിപ്പ് ജോസഫുമാണ്. ഡാറ്റാ വിശകലനത്തിന് പി.എച്ച്.ആര്‍.ഐയുടെ സഹായം വേണ്ടിവരുമെന്നും അതിനായി കേന്ദ്രസര്‍ക്കാരിന്റ അനുമതി തേടിയിട്ടുണ്ടെന്നും കിരണ്‍ സര്‍വേയുടെ മുഖ്യ ഗവേഷകന്‍ ഡോ.രാമന്‍കുട്ടി തന്നെ സമ്മതിക്കുന്നു.
എന്നാല്‍ ആരോഗ്യവകുപ്പ് നടത്തുന്ന സര്‍വേക്ക് പി.എച്ച്.ആര്‍.ഐ അവകാശവാദം ഉന്നയിക്കുന്നത് എന്തിനെന്ന് അറിയില്ലെന്നും രാമന്‍കുട്ടി പറഞ്ഞു.അതേസമയം, ആരോഗ്യ വിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് നല്‍കുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ അറിയിച്ചു. സംസ്ഥാനത്ത് ജീവിതശൈലീരോഗങ്ങള്‍ കൊണ്ടുള്ള രോഗാതുരതയും മരണങ്ങളും അതുകൊണ്ടുള്ള ചികിത്സാച്ചെലവും വര്‍ദ്ധിച്ചുവരുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ആന്റ് സ്റ്റഡീസ് 2017 ല്‍ നടത്തിയ പഠനം അനുസരിച്ചു സംസ്ഥാനത്തു മൂന്നില്‍ ഒരാള്‍ക്ക് രക്താതിമര്‍ദ്ദവും അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹവും ഉണ്ടെന്നുള്ള വസ്തുത ആശങ്കയോടെയാണ് ആരോഗ്യകേരളം വീക്ഷിക്കുന്നത്. എന്നാല്‍ ഇതിലേക്ക് വെളിച്ചം വീശുന്ന ആധികാരിക പഠനങ്ങളുടെ അഭാവം ഈ രംഗത്തുള്ള നയരൂപീകരണത്തിനും പദ്ധതി രൂപീകരണത്തിനും തടസമായി വരുന്നതിനാലാണ് ജീവതശൈലീരോഗങ്ങളെക്കുറിച്ചും അതിലേക്കു നയിക്കുന്ന കാരണങ്ങളെക്കുറിച്ചും ഒരു ബ്രഹത് പഠനം നടത്തുവാന്‍ ആരോഗ്യവകുപ്പ് തീരുമാനം എടുത്തതും ഈ പഠനം നടത്താന്‍ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്തിനെ ഏല്‍പ്പിച്ചതെന്നും സര്‍വേക്ക് ആവശ്യമായ സാങ്കേതിക സഹായവും സോഫ്ട്‌വെയര്‍ തയാറാക്കി നല്‍കുക മാത്രമാണ് കനേഡിയന്‍ കമ്പനി ചെയ്തതെന്നുമാണ് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."