രാഹുലിനും തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കുമെതിരേ വിദ്വേഷം ചൊരിഞ്ഞ് ബി.ജെ.പി വക്താവ്
കൊച്ചി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്കുമെതിരെ വീണ്ടും വിദ്വേഷം ചൊരിഞ്ഞ് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇരുവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്.
മുസ്‌ലിം ലീഗ് വൈറസല്ല നൂറുശതമാനം എയ്ഡ്‌സാണെന്ന വിവാദ പരാമര്‍ശമാണ് ഗോപാലകൃഷ്ണന്‍ നടത്തിയത്. രണ്ടാം തവണയാണ് ഗോപാലകൃഷ്ണന്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത്.ലീഗ് കേരളത്തില്‍ വളര്‍ന്നുവരുന്ന മതസംഘടന മാത്രമാണ്. മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്ന സംഘടനയെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നും വക്താവ് ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി കപട ഹിന്ദുവാണ്. ഓരോ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമ്പോള്‍ സാഹചര്യത്തിനനുസരിച്ചാണ് ദൈവങ്ങളെ മാറ്റിപിടിക്കുന്നത്. അതുകൊണ്ടാണ് കേരളത്തിലെത്തി അദ്ദേഹം ബലിതര്‍പ്പണം നടത്തിയത്.
ന്യൂനപക്ഷ സങ്കേതം തപ്പിയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. ഭക്ഷണം കഴിക്കാനും കള്ളം പറയാനും മാത്രമാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. കേരളത്തിലെത്തി സി.പി.എമ്മിനെ തലോടിയ രാഹുല്‍ സി.പി.എം നടത്തുന്ന രാഷ്ട്രീയ കൊലപാതകത്തിന് മൗനസമ്മതം നല്‍കുകയാണ്. തങ്ങള്‍ സുരക്ഷിതരാണോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭീതിയിലാണ്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ഭയക്കേണ്ടെന്നും പ്രവര്‍ത്തകരെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും വക്താവ് പറഞ്ഞു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബി.ജെ.പി ശബരിമല വിഷയം ഉന്നയിക്കും. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ നടപടി സ്വീകരിക്കട്ടെ എന്നും അദ്ദേഹം വെല്ലുവിളിച്ചു. തെരഞ്ഞെടുപ്പ് ഓഫിസറുടെ വിചാരം അദ്ദേഹം മമ്മൂട്ടി ആണെന്നാണ്. ചുവന്ന ഷര്‍ട്ടിടുന്നത് ഇടതുപക്ഷത്തോടുള്ള മമത കാണിക്കാനാണ്. ബി.ജെ.പി വിരുദ്ധത പ്രകടിപ്പിച്ച് മറ്റുള്ളവരുടെ കാവലാളായിരിക്കുകയാണ് അദ്ദേഹം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് ഓഫിസര്‍ സി.പി.എമ്മുകാരനായി മാറുമെന്നും വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."