ശബരിമലയില്‍ പാത്രം വാങ്ങിയതില്‍ 1.87 കോടിയുടെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു
പത്തനംതിട്ട: ആചാര ലംഘന വിവാദത്തിനു പിന്നാലെ ശബരിമലയില്‍ വീണ്ടും ദേവസ്വം വിജിലന്‍സ് അന്വേഷണം. കഴിഞ്ഞ മകരവിളക്ക് സീസണില്‍ ശബരിമലയിലേക്ക് 1.87 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിയത് സംബന്ധിച്ചാണ് പുതിയ അന്വേഷണം. പാത്രങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ് തിരുവാഭരണം കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കെ. രാഘവന്‍ കത്തു നല്‍കിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് വഴിതെളിഞ്ഞത്.
മണ്ഡല-മകരവിളക്ക് ആഘോഷങ്ങളോട് അനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലേക്കാണ് പാത്രങ്ങളും സ്റ്റേഷനറികളും വാങ്ങിയത്. മുന്‍ വര്‍ഷങ്ങളില്‍ വാങ്ങിയത് ഗോഡൗണില്‍ കെട്ടിക്കിടക്കേയാണ് പിന്നെയും പാത്രങ്ങള്‍ വാങ്ങിക്കൂട്ടിയത്. ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിലുള്ള ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് പാത്രം വാങ്ങിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദേവസ്വം ബോഡിലെ ഉന്നതന്റെ അറിവോടെയാണ് ഇതെന്നും പരാമര്‍ശമുണ്ട്. എന്നാല്‍ പാത്രങ്ങളുടെ എണ്ണം സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. സംഭവം വിവാദമായതോടെയാണ് അന്വേഷണത്തിന് തിരുവാഭരണം കമ്മിഷണറെ നിയോഗിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ വാങ്ങിയ പാത്രത്തിന്റെ കണക്കാണ് അന്വേഷിക്കുക. ഇതിനു മുന്നോടിയായി, 10 വര്‍ഷത്തെ കണക്കുകളും മറ്റ് രേഖകളും ആവശ്യപ്പെട്ടുകൊണ്ട് ദേവസ്വം വിജിലന്‍സ് എസ്.ഐ ആര്‍. പ്രശാന്ത് ബോര്‍ഡിനു കത്ത് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."