സംസ്ഥാനത്തെ 56,000 അധ്യാപകര്‍ക്ക് ഐ.ടി പരിശീലനം
മലപ്പുറം: സംസ്ഥാനത്തെ എട്ടു മുതല്‍ 12 വരെയുള്ള 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കി മാറ്റുന്നതിന്റെ ഭാഗമായി മുഴുവന്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കും ഐ.ടി പരിശീലനം നല്‍കുമെന്ന് ഐ.ടി @സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഐ.ടിയില്‍ അധിഷ്ഠിതമായി എല്ലാ വിഷയങ്ങളും പഠിപ്പിക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.
മെയ് എട്ടുമുതലാണ് സംസ്ഥാനത്ത് പരിശീലനം തുടങ്ങുക. റിസോഴ്‌സ് ഗ്രൂപ്പുകളുടെ പരിശീലനം ആറിനകം പൂര്‍ത്തിയാവും. 56,000 അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുക.
മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ തയ്യാറാക്കല്‍, ഡിജിറ്റല്‍ വിഭവങ്ങള്‍ ഇന്റര്‍നെറ്റും അനുബന്ധ സൗകര്യങ്ങളും ഉപയോഗിച്ച് കണ്ടെടുക്കല്‍. ശേഖരിച്ചവ വീഡിയോയും ശബ്ദവുമുപയോഗിച്ച് പഠനവിഭവമാക്കല്‍, ചിത്രം നിര്‍മിക്കല്‍, ഭാഷാ കംപ്യൂട്ടിങ് തുടങ്ങിയ മേഖലകളിലാണ് മൂന്നു ദിവസത്തെ ഐ.ടി പരിശീലനം. ഓരോ വിഷയത്തിനും അതത് വിഷയത്തിലെ വിദഗ്ധരും ഐ.സി.ടി വിദഗ്ധരും സംയുക്തമായി പരിശീലനം നല്‍കുകയാണ് ചെയ്യുന്നത്.
സംസ്ഥാനത്ത് 550 കേന്ദ്രങ്ങളില്‍ 11,000 റിസോഴ്‌സ് അധ്യാപകരുടെ നേതൃത്വത്തിലാണ് പരിശീലനം. ഓരോ വിഷയത്തിനും പ്രത്യേകം തയ്യാറാക്കിയ പരിശീലന മൊഡ്യൂളും ഇ കണ്ടന്റുമുണ്ടാവും. കാഴ്ചാ പരിമിതിയുള്ള അധ്യാപകര്‍ക്ക് സ്‌ക്രീന്‍ റീഡിങ് സോഫ്റ്റ് വെയര്‍ അടിസ്ഥാനമാക്കിയുള്ള പ്രത്യേക പരിശീലന സംവിധാനങ്ങളുമൊരുക്കും. ഡിജിറ്റല്‍ സാങ്കേതികവിദ്യ ക്ലാസ് മുറിയിലെത്തിക്കുന്ന പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ വിഭവ സമാഹരണത്തിന് സമഗ്രവിഭവ പോര്‍ട്ടല്‍ തയാറായി വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളിലായി മൂന്നു ഘട്ടങ്ങളിലൂടെ ക്ലാസ് മുറികള്‍ ഹൈടെക് ആക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്. എട്ടുമുതല്‍ 12വരെയുള്ള ക്ലാസ് മുറികള്‍ ഹൈടെക് ആക്കാന്‍ കിഫ്ബി വഴി 400 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നാല് നിയമസഭാ മണ്ഡലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതിയാണ് സംസ്ഥാന വ്യാപകമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."