കരട് വിജ്ഞാപനം പരിസ്ഥിതിയുടെ മരണവാറണ്ട്
കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ കരട് വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്നലെ കഴിഞ്ഞു. ലക്ഷക്കണക്കിന് പരാതികളാണ് ഇതിനകം കേന്ദ്രത്തിന് ലഭിച്ചിരിക്കുന്നത്. മുന്‍കൂര്‍ പരിസ്ഥിതിപഠനം ഇല്ലാതെ വന്‍കിട പദ്ധതികള്‍ക്ക് അനുവാദം നല്‍കുന്ന കരട് വിജ്ഞാപനം പൂര്‍ണതോതില്‍ നടപ്പായാല്‍ കോര്‍പറേറ്റ് ഭീമന്‍മാര്‍ക്ക് രാജ്യത്തെ തീറെഴുതിക്കൊടുക്കുന്നതിന് തുല്യമായിരിക്കും.
പരിസ്ഥിതി ആഘാത വിലയിരുത്തല്‍ നിയമത്തില്‍ ഭേദഗതിവരുത്താനുള്ള തിടുക്കപ്പെട്ട പ്രയത്‌നത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. പരിസ്ഥിതി, വനംവകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ പ്രസ്താവനയില്‍ ഇത് വ്യക്തമാണ്. ഇതൊരു കരട് വിജ്ഞാപനം മാത്രമാണെന്നും അന്തിമ വിജ്ഞാപനം ഡിസംബറില്‍ മാത്രമേ പുറത്തിറക്കൂവെന്നും അഭിപ്രായങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മാത്രമേ വിജ്ഞാപനത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂവെന്നുമുള്ള പ്രകാശ് ജാവ്‌ദേക്കറുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാനാവില്ല. ധൃതിപിടിച്ചാണ് കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കിയത്. ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ഇതിനുപിന്നിലെ ഗൂഢതന്ത്രം വ്യക്തമായിരുന്നു. രാജ്യത്തെ മണ്ണിനെയും സാധാരണ മനുഷ്യരെയും അന്തിമമായി ഇല്ലാതാക്കുന്ന ഇത്തരമൊരു വിജ്ഞാപനം പ്രാദേശികഭാഷകളില്‍ പ്രസിദ്ധീകരിച്ചാല്‍ കര്‍ഷകരും തൊഴിലാളികളും ആദിവാസികളും സര്‍ക്കാരിനെതിരേ തെരുവിലിറങ്ങുമെന്ന ആശങ്കയെ തുടര്‍ന്നാണിത്. ഇതിനെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെടുകയുണ്ടായി. ഹരജി പരിഗണിച്ച കോടതി കരട് വിജ്ഞാപനം എല്ലാ പ്രാദേശികഭാഷകളിലും പ്രസിദ്ധീകരിക്കണമെന്ന് ഉത്തരവിട്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയില്ല. കരട് വിജ്ഞാപനമെന്ന പേരില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ രേഖ പരിസ്ഥിതിയുടെ മരണവാറണ്ടാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ഉത്തരവ് നടപ്പാക്കാത്തതിനെതിരേ കേന്ദ്ര സെക്രട്ടറിക്ക് കോടതിയലക്ഷ്യത്തിന് നോട്ടിസ് അയച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം വച്ചുനോക്കുമ്പോള്‍ വിധി സര്‍ക്കാരിനെതിരേ വന്നാലും മാനിക്കുമെന്ന് തോന്നുന്നില്ല.
എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസെസ്‌മെന്റ് (ഇ.ഐ.എ) എന്ന പരിസ്ഥിതി ആഘാത വിലയിരുത്തല്‍ നിയമം ഭേദഗതിയോടെ നടപ്പായാല്‍ സ്ഥാപനം തുടങ്ങിയ ശേഷം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയാല്‍ മതി. ഇതിനെതിരേ ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനോ പരാതി പറയാനോ കഴിയില്ല. ഇന്ത്യയില്‍ മലിനീകരണത്തിനെതിരായ നിയമംവന്നത് 1974ലും 1981 ലുമാണ്. 1984ലെ ഭോപ്പാല്‍ ദുരന്തത്തിനുശേഷം 1986ലാണ് ഇന്ത്യയില്‍ ആദ്യമായി പരിസ്ഥിതി മലിനീകരണത്തിനെതിരായ നിയമം വന്നത്. 1994ല്‍ ഈ നിയമത്തിന് കീഴില്‍ ഇ.ഐ.എ നിയമവും കൊണ്ടുവന്നു. ഈ നിയമമനുസരിച്ച് പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് എന്‍വയോണ്‍മെന്റല്‍ ക്ലിയറന്‍സ് കിട്ടിയതിനുശേഷം മാത്രമേ വ്യവസായശാലകള്‍ പോലുള്ള പദ്ധതികള്‍ക്ക് അനുമതി ലഭിക്കുകയുള്ളൂ.
എന്നാല്‍, ഈ നിയമത്തിന് 2006ല്‍ ഭേദഗതി കൊണ്ടുവന്നു. ഇപ്പോള്‍ ഈ നിയമംതന്നെ ദുര്‍ബലപ്പെടുത്തുന്ന ഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. വിശാഖപട്ടണത്ത് വാതകച്ചോര്‍ച്ചയുണ്ടാക്കിയ എല്‍.ജി പോളിമര്‍ കമ്പനിക്ക് എന്‍വയോണ്‍മെന്റല്‍ ക്ലിയറന്‍സ് ലഭിച്ചിരുന്നില്ല. നിലവില്‍ 20,000 സ്‌ക്വയര്‍ ഫീറ്റോ അതില്‍ കൂടുതലോ ചുറ്റളവുള്ള കെട്ടിടങ്ങള്‍ക്ക് പരിസ്ഥിതി ക്ലിയറന്‍സ് വേണം. എന്നാല്‍, ഭേദഗതിപ്രകാരം 1,50,000 സ്‌ക്വയര്‍ഫീറ്റുള്ള കെട്ടിടങ്ങള്‍ക്ക് മാത്രം ഈ അനുമതി മതി. ഇതനുസരിച്ച് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലും തന്ത്രപ്രധാന സ്ഥലമെന്ന് വിശേഷിപ്പിക്കപ്പെടുന്നയിടങ്ങളിലും വനങ്ങള്‍ക്കുള്ളിലും കൂറ്റന്‍ കെട്ടിടങ്ങളും പദ്ധതികളും തുടങ്ങാന്‍ കോര്‍പറേറ്റുകള്‍ക്ക് കഴിയും. കൃഷിഭൂമി ബലമായി പിടിച്ചെടുക്കപ്പെടും. വനസമ്പത്തുകള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്ന ആദിവാസികള്‍ വനങ്ങളില്‍നിന്ന് പുറന്തള്ളപ്പെടും. നിയമം ലംഘിക്കുന്ന കോര്‍പറേറ്റുകള്‍ക്ക് പിഴയടച്ച് നിയമലംഘനം തുടരാം. കമ്പനികള്‍ പരിസരവാസികള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തിയാലും നഷ്ടപരിഹാരത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല.
ഒരു പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ നേരത്തെ തുറന്ന ചര്‍ച്ചകള്‍ക്കായി 30 ദിവസം നല്‍കുമായിരുന്നു. ഇപ്പോള്‍ ഇത് 20 ദിവസമായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഈ നിയമം നടപ്പാകുന്നതോടെ അടിസ്ഥാനവര്‍ഗമാണ് പുറന്തള്ളപ്പെടാന്‍ പോകുന്നത്. വരുംതലമുറകളെപ്പോലും നശിപ്പിക്കുന്ന ഈ കരട് വിജ്ഞാപനത്തിനെതിരേ സംസ്ഥാനം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ ഇതുവരെ മൗനംപാലിച്ചത് അതിശയകരമാണ്.
കരട് രേഖ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സംസ്ഥാന സര്‍ക്കാരിന് കിട്ടിയതാണ്. ധാരാളം സമയമുണ്ടായിട്ടും അവസാനദിവസമായ ഇന്നലെയാണ് വിയോജനക്കുറിപ്പ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. ഇത് അക്ഷന്തവ്യമായ കാലതാമസമാണെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി ഇന്നലെ കുറ്റപ്പെടുത്തുകയുണ്ടായി. വികസനത്തിന് ആക്കംകൂട്ടുന്നതാണ് കരട് ഭേദഗതി വിജ്ഞാപനമെന്ന് ഏതെങ്കിലും ഉപദേശികള്‍ സര്‍ക്കാരിന് ഉപദേശം നല്‍കിയോ? ഒരാഴ്ച മുന്‍പ് നടന്ന ഇടതുമുന്നണി യോഗത്തില്‍ ഈ വിഷയം അജന്‍ഡയായില്ലെന്നത് അത്ഭുതകരമാണ്. രാജ്യത്തെ മൊത്തം ബാധിക്കുന്ന അതീവ ഗുരുതരമായ ഒരു പ്രശ്‌നത്തെ ഇടതുസര്‍ക്കാര്‍ ഗൗരവത്തോടെ സമീപിച്ചില്ലെന്നത് ഗുരുതര പാളിച്ചയാണ്. ഈ രാജ്യം നിലനില്‍ക്കണോ വേണ്ടയോ എന്ന് തിരുമാനിക്കുന്ന പരിസ്ഥിതി ദേഭഗതി നിയമം ഡിസംബറിന് ശേഷം പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി കേന്ദ്രം നടപ്പാക്കുകയാണെങ്കില്‍ അതിരൂക്ഷമായ പ്രക്ഷോഭത്തിലൂടെ മാത്രമേ അതിനെ പരാജയപ്പെടുത്താനാവുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."