നിലപാടിലുറച്ച് മുന്നോട്ടുപോകുമെന്ന സൂചന നല്‍കി സി.പി.ഐ
തിരുവനന്തപുരം: ഭരണമുന്നണിയിലെ ചേരിപ്പോരിന്റെ പിരിമുറുക്കം ചെറുതായി അയഞ്ഞ ഘട്ടത്തിലും സ്വന്തം നിലപാടിലുറച്ച് മുന്നോട്ടുപോകുമെന്ന് സി.പി.ഐ. സങ്കുചിത കാഴ്ചപ്പാടുകള്‍ മാറ്റിവച്ചുള്ള പ്രതിരോധ രാഷ്ട്രീയത്തിന് സമയമായെന്ന് പാര്‍ട്ടി മുഖപത്രമായ ജനയുഗം ഇന്നലെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു. സി.പി.എമ്മിനെ നേരിട്ടു കുറ്റപ്പെടുത്താതെ സ്വന്തം കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്ന മുഖപ്രസംഗത്തില്‍ നയവ്യതിയാനത്തിനെതിരേ വിമര്‍ശനമുന്നയിക്കാന്‍ മുന്നണി ഘടകകക്ഷികള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്ന് ജനയുഗം.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയപരിപാടികളുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളും ചര്‍ച്ചകളും സാമൂഹിക-രാഷ്ട്രീയ ജീവിതത്തെ സ്വാഭാവികമായും ആഴത്തില്‍ സ്വാധീനിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സി.പി.ഐ, സി.പി.എം സംസ്ഥാന നേതൃയോഗങ്ങളും അവയുടെ തീരുമാനങ്ങളും അത്തരം ഊഹാപോഹങ്ങളും ദുര്‍വ്യാഖ്യാനങ്ങളും അപ്രസക്തമാണെന്നു വ്യക്തമാക്കുന്നവയാണ്.
കേരളത്തിലെ എല്‍.ഡി.എഫ് പ്രവര്‍ത്തനം സംബന്ധിച്ച പ്രഖ്യാപിത പൊതുധാരണയില്‍ നിന്നുള്ള വ്യതിയാനത്തിനെതിരേ ക്രിയാത്മക വിമര്‍ശനം ഉന്നയിക്കുന്നതില്‍ നിന്ന് ഘടകകക്ഷികളെ വിലക്കാനാവില്ലെന്ന മൗലികതത്ത്വം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളിലും ദുര്‍വ്യാഖ്യാന വ്യവസായത്തിലും ഏര്‍പ്പെട്ടിരിക്കുന്നത്.
രാജ്യത്തെ ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിലേക്കു നയിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ബി.ജെ.പിക്കും സംഘ്പരിവാറിനുമെതിരേ അതിവിപുലവും വിശാലവുമായ മതേതര-ജനാധിപത്യ-ഇടതുപക്ഷ ഐക്യവേദി ആവശ്യമാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച തര്‍ക്കത്തിനു മറുപടിയെന്നോണം മുഖപ്രസംഗത്തില്‍ പറയുന്നു.
അതിനെ സങ്കുചിത രാഷ്ട്രീയത്തിന്റെ കണ്ണടയിലൂടെ നോക്കിക്കാണാന്‍ ശ്രമിക്കുന്നവരാണ് ഊഹാപോഹ, ദുര്‍വ്യാഖ്യാന വ്യവസായത്തില്‍ വ്യാപൃതരായിരിക്കുന്നത്. പാര്‍ട്ടി ആഹ്വാനം ഗൗരവതരമായ ചിന്തയ്ക്കും പ്രതിരോധ രാഷ്ട്രീയത്തിനുമുള്ള ആഹ്വാനമാണെന്നു പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."