മഅ്ദനിയുടെ ബംഗളൂരു ഡേയ്‌സ്
അബ്ദുന്നാസര്‍ മഅ്ദനിയുടെ ബംഗളൂരു ഡേയ്‌സ് ചിങ്ങം ഒന്നിന് പത്ത് വര്‍ഷം പൂര്‍ത്തിയാക്കും. അതിനുമുമ്പുള്ള കോയമ്പത്തൂരിലെ ഒന്‍പതരകൂടി ചേര്‍ത്താല്‍ അന്‍പത്തിയഞ്ചുകാരനായ മഅ്ദനിയുടെ ജയില്‍ജീവിതത്തിന് രണ്ടു ദശകത്തിന്റെ ദൈര്‍ഘ്യമാകും. ഏഴു വര്‍ഷംകൂടി ഇങ്ങനെ പോയാല്‍ അദ്ദേഹം നെല്‍സണ്‍ മണ്ടേലയുടെ റെക്കോര്‍ഡ് ഭേദിക്കും. ഭീകരപ്രവര്‍ത്തനത്തിന്റെ ഗണത്തില്‍പ്പെടുന്ന സ്‌ഫോടനം എന്ന മുന്തിയ കുറ്റമാണ് കോയമ്പത്തൂരില്‍ മഅ്ദനിക്കെതിരേ ചുമത്തപ്പെട്ടത്. വിചാരണയുടെ പത്താം വര്‍ഷം സമ്പൂര്‍ണമായ കുറ്റവിമുക്തിയോടെ മഅ്ദനി മോചിതനായി. നാല്‍പത്തിരണ്ട് പേര്‍ കൊല്ലപ്പെട്ട കേസില്‍ 72 പ്രതികളെ ശിക്ഷിച്ചിട്ടും മഅ്ദനി അക്കൂട്ടത്തില്‍ പെട്ടില്ല. ഒന്‍പതര വര്‍ഷം ജാമ്യമില്ലാതെ ജയിലില്‍ പാര്‍പ്പിച്ചതിനു ന്യായീകരണമായിട്ടെങ്കിലും ഒരു ചെറിയ ശിക്ഷ അദ്ദേഹത്തിനു നല്‍കാന്‍ കഴിഞ്ഞില്ല. ഖേദപ്രകടനമോ നഷ്ടപരിഹാരമോ ഉണ്ടായില്ല. ബോംബെറിഞ്ഞ് തന്റെ കാല്‍ തകര്‍ത്തയാളോട് ക്ഷമിച്ചതുപോലെ മഅ്ദനി എല്ലാം ക്ഷമിച്ചു. ഗംഭീരമായ വരവേല്‍പാണ് അന്ന് കേരളം മഅ്ദനിക്കു നല്‍കിയത്. കോയമ്പത്തൂരിലേതുപോലെ ബംഗളൂരുവില്‍ നിന്ന് സ്വതന്ത്രനായെത്തുന്ന മഅ്ദനിക്കുവേണ്ടി കേരളം കാത്തിരിക്കുന്നു. എന്നാണ് അത് സംഭവിക്കുകയെന്ന് പറയാന്‍ കഴിയില്ല. നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതിയുടെ നിര്‍ദേശമുണ്ടായിട്ട് ഇപ്പോള്‍ നാലു വര്‍ഷം കഴിഞ്ഞു. ഇന്ത്യന്‍ ഭരണഘടനയും നിയമങ്ങളും പൂര്‍ണമായി പ്രാബല്യത്തിലായിട്ടില്ലാത്ത ചില സംസ്ഥാനങ്ങളുണ്ട്. അക്കൂട്ടത്തിലൊന്നാണ് കര്‍ണാടക.
ഭരണകൂട ഭീകരതയുടെ കരുത്തേറിയ ഉപകരണമാണ് യു.എ.പി.എ എന്ന അനാകര്‍ഷവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ പേരില്‍ അറിയപ്പെടുന്ന നിയമം. മൂലരൂപത്തിലും ഇന്നത്തെ രൂപത്തിലും അത് കോണ്‍ഗ്രസിന്റെ സൃഷ്ടിയാണ്. അടിയന്തരാവസ്ഥയ്‌ക്കൊപ്പം കരിനിയമങ്ങളും കോണ്‍ഗ്രസിന്റെ സര്‍ഗാത്മകതയെ സമ്പുഷ്ടമാക്കുന്നു. ഭാരം ദുര്‍വഹമാകുമ്പോള്‍ ചുമല്‍ മാറുന്നതുപോലെ ഒന്നിനോട് എതിര്‍പ്പ് ശക്തമാകുമ്പോള്‍ പുനര്‍നാമകരണമുണ്ടാകുന്നു. മിസ കഴിഞ്ഞ് പോട്ടയും അതു കഴിഞ്ഞ് യു.എ.പി.എയും ഉണ്ടായത് അങ്ങനെയാണ്. പേര് മാറുമ്പോള്‍ രൂപം കുറേക്കൂടി ഭദ്രമാകുന്നു. ഭരണഘടനയും ക്രിമിനല്‍ നടപടിക്രമവും ഉള്‍ക്കൊള്ളുന്ന മഹനീയമായ മനുഷ്യാവകാശതത്ത്വങ്ങളുടെ സമ്പൂര്‍ണമായ നിരാസമാണ് യു.എ.പി.എ. അതുകൊണ്ട് ആ നിയമം പ്രയോഗിക്കപ്പെടുമ്പോള്‍ കരുതല്‍ വേണം. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്‌ക്കെതിരേ യു.എ.പി.എ ചുമത്താന്‍ തെളിവെവിടെ എന്ന് കൊച്ചിയിലെ എന്‍.ഐ.എ കോടതി ചോദിച്ചു. നിയമം യു.എ.പി.എ ആയതുകൊണ്ട് കോടതിക്ക് ആത്മഗതത്തിലും അര്‍ദ്ധോക്തിയിലും നിര്‍ത്തേണ്ടിവന്നു. മനഃസാക്ഷിയുള്ള പൊതുസമൂഹം ഓരോ യു.എ.പി.എ കേസിലും ആ സംശയം ഉന്നയിക്കണം. യു.എ.പി.എ ജനാധിപത്യത്തിലെ ആഘോഷമാകരുത്.
യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ബംഗളൂരുവിലെ കോടതി പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പൊലിസ് അന്‍വാര്‍ശേരിയിലെത്തി മഅ്ദനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. മഅ്ദനിയുടെ മുന്‍കൂര്‍ജാമ്യ ഹരജിയില്‍ സുപ്രിം കോടതി ഉച്ചയ്ക്കു ശേഷം ഉത്തരവ് പറയുമെന്നിരിക്കേ അതിനു മുമ്പുതന്നെ തിടുക്കത്തില്‍ അറസ്റ്റ് നടത്തി ഹരജി അപ്രസക്തമാക്കി. അറസ്റ്റ് ഒരു മണിക്കൂര്‍ വൈകിയിരുന്നുവെങ്കില്‍ ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജുവിന്റെ ഉത്തരവുണ്ടാകുമായിരുന്നു. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ മഅ്ദനിയെ അടച്ചതിനുശേഷമാണ് ആ രാത്രി യെദ്യൂരപ്പ ഉറങ്ങിയത്. അതേ ജയിലില്‍ യെദ്യൂരപ്പയ്ക്ക് മഅ്ദനിയുടെ സഹതടവുകാരനായി ഏതാനും രാത്രികള്‍ ഉറങ്ങേണ്ടിവന്നുവെന്ന കൗതുകമുണ്ടായി. അഴിമതിക്കേസില്‍ ലോകായുക്തയാണ് അന്ന് യെദ്യൂരപ്പയെ ജയിലിലാക്കിയത്. യെദ്യൂരപ്പയെയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയേയോ ഇക്കാര്യത്തില്‍ ഞാന്‍ പൂര്‍ണമായി കുറ്റപ്പെടുത്തുന്നില്ല. സിദ്ധരാമയ്യ മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തെ നേരില്‍ കണ്ട് മഅ്ദനിയുടെ കാര്യത്തില്‍ ഞാന്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. വിചാരണയിലെ കാലതാമസം ഒഴിവാക്കുന്നതിനാവശ്യമായ നിര്‍ദേശം പ്രോസിക്യൂഷനു നല്‍കണമെന്നു മാത്രമാണ് ഞാന്‍ ആവശ്യപ്പെട്ടത്. അനുകൂലമായ മനോഭാവം അദ്ദേഹം പ്രകടിപ്പിച്ചുവെങ്കിലും മഅ്ദനിക്ക് ഏറ്റവും ദ്രോഹകരമായ നിലപാടുകള്‍ ഭരണകൂടത്തില്‍നിന്ന് ഉണ്ടായത് അക്കാലത്തായിരുന്നു.
എട്ട് കേസുകള്‍ ചേര്‍ന്നതാണ് ബംഗളൂരു സ്‌ഫോടനക്കേസ്. എട്ടിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒരു കേസിലും മഅ്ദനി പ്രതിയായിരുന്നില്ലെങ്കിലും ഇപ്പോള്‍ 32 പ്രതികളുള്ള കേസില്‍ മുപ്പത്തിയൊന്നാമത്തെ പ്രതിയായി രണ്ടു വര്‍ഷത്തിനുശേഷം ചേര്‍ക്കപ്പെട്ടു. ഒന്നാം പ്രതിയായ തടിയന്റവിട നസീറിന്റെ മൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു അത്. അങ്ങനെയൊരു മൊഴി താന്‍ നല്‍കിയിട്ടില്ലെന്നാണ് നസീര്‍ പറയുന്നത്. കേസിന്റെ മെറിറ്റിനെക്കുറിച്ചുള്ള ചര്‍ച്ച അപ്രസക്തമാക്കിക്കൊണ്ട് കാലം ഇത്രയുമായിരിക്കുന്നു. ഇനി വേണ്ടത് വിചാരണയുടെ പൂര്‍ത്തീകരണമാണ്. കോടതിയും പ്രോസിക്യൂഷനും ചേര്‍ന്നാണ് വിചാരണ വൈകിപ്പിക്കുന്നത്. സുപ്രിം കോടതിയില്‍ നല്‍കുന്ന ഉറപ്പുകളും സുപ്രിം കോടതി നല്‍കുന്ന നിര്‍ദേശങ്ങളും പാലിക്കപ്പെടുന്നില്ല. വെറുതെ വിടേണ്ടിവരുമെന്ന് ഉറപ്പായ കേസില്‍ ജാള്യത മറയ്ക്കുന്നതിനുവേണ്ടി വിചാരണ നീട്ടിക്കൊണ്ടുപോകുന്ന അപലപനീയമായ കാഴ്ചയാണ് ഇപ്പോള്‍ ബംഗളൂരുവില്‍ കാണുന്നത്. വിസ്താരം പൂര്‍ത്തിയായ രണ്ട് കേസുകളില്‍, വിധി പ്രസ്താവിച്ചിട്ടില്ലെങ്കിലും, മഅ്ദനിയെ കുറ്റക്കാരനായി കാണാന്‍ സഹായകമായി ഒന്നുമില്ല. തുറക്കേണ്ട വാതില്‍ അപ്പോഴും തുറക്കപ്പെടുന്നില്ല.
മഅ്ദനിയെ മുന്‍നിര്‍ത്തി ചര്‍ച്ചയും പ്രതിഷേധവും നടക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത കുറേ പേരുകള്‍ അക്കൂട്ടത്തിലുണ്ട്. കേസുമായി ബന്ധപ്പെട്ട് ജയിലിലെ കോടതിയില്‍ ആദ്യകാലത്ത് പോകുമ്പോള്‍ അവരെ പരിചയപ്പെടുന്നതിനുള്ള അവസരമുണ്ടായി. മുഹമ്മദ് സക്കരിയ എന്ന ചെറുപ്പക്കാരനെ ഞാന്‍ പ്രത്യേകമായി ഓര്‍ക്കുന്നു. അറസ്റ്റിലാകുമ്പോള്‍ അയാള്‍ക്ക് 19 വയസായിരുന്നു. എന്തിനാണ് തന്നെ 12 കൊല്ലമായി ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ആ യുവാവിനറിയില്ല. എന്താണ് മകന്റെ കുറ്റമെന്ന് പരപ്പനങ്ങാടിയില്‍ അയാളുടെ ഉമ്മയെ കണ്ടപ്പോഴും ചോദ്യമുണ്ടായി. അത്തരം നിരവധി പേരുടെ കണ്ണീര്‍ നമ്മുടെ നീതിവ്യവസ്ഥയുടെമേല്‍ ചുടുലാവയായി ഒഴുകിയെത്തുന്നുണ്ട്. പ്രതികളിലൊരാള്‍ക്ക് ഒരു സാധാരണ ബാറ്ററി വിറ്റുവെന്ന കൃത്യത്തിനാണ് കടയില്‍ ജോലിക്കാരനായിരുന്ന സക്കരിയയ്ക്ക് തന്റെ യൗവനം ഹോമിക്കേണ്ടി വന്നിരിക്കുന്നത്. മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് കോയമ്പത്തൂരില്‍ നിന്നെത്തിയ മഅ്ദനി പറഞ്ഞു. ആ പ്രാര്‍ഥന സഫലമായില്ല. അനിവാര്യമായ തനിയാവര്‍ത്തനത്തില്‍ മഅ്ദനിതന്നെ ഇരയാക്കപ്പെട്ടു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ. പക്ഷേ അക്കൂട്ടത്തില്‍ ഒരു നിരപരാധിപോലും അകപ്പെടരുത്. ബംഗളൂരു കേസില്‍ അപരാധികളെ വിട്ടുകൊണ്ടുള്ള വിധിയല്ല സമൂഹം പ്രതീക്ഷിക്കുന്നത്.
മഅ്ദനിയുടെ പ്രഭാഷണങ്ങളിലെ തീവ്രതയാണ് അദ്ദേഹത്തെ കുറ്റക്കാരനായി കാണുന്നതിന് പലരെയും പ്രേരിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ഭരണഘടനയിലെ 19(1)(എ), 25(1) എന്നീ അനുഛേദങ്ങള്‍ വിളംബരം ചെയ്യുന്ന മൗലികാവകാശങ്ങളുടെ അനുവദനീയമായ വിനിയോഗമാണ് മഅ്ദനിയെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. മഅ്ദനിയുടെ അഭിപ്രായങ്ങള്‍ അസ്വീകാര്യവും അവയുടെ പ്രകാശനം പ്രകോപനപരമായ രീതിയിലും ആയിരുന്നിരിക്കാം. പക്ഷേ അത് കൈകാര്യം ചെയ്യേണ്ടത് ഈ രീതിയിലല്ല. വരവര റാവു, ഹാനി ബാബു, ജി.എന്‍ സായിബാബ, ആനന്ദ് തെല്‍തുംബ്‌ഡെ തുടങ്ങിയവരുടെ നിരയിലാണ് ഇനി മഅ്ദനിയെ കാണേണ്ടത്. മഅ്ദനിയെപ്പോലെ ചക്രക്കസേരയിലാണ് സായിബാബ കഴിയുന്നത്. നീതിയുടെ കാരുണ്യം ഇരുണ്ട ആ ജീവിതങ്ങളില്‍ എന്നായിരിക്കും പ്രകാശമായി ഒഴുകിയെത്തുന്നത്?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."