ദേശീയ വിദ്യാഭ്യാസ നയം 2020 രാജ്യത്തെ ആഗോള വൈജ്ഞാനിക ശക്തിയാക്കുമോ?
ജൂലൈ 29ന് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയം 2020 വിപുലമായ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. നീണ്ട 34 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തിന് ഒരു വിദ്യാഭ്യാസ നയം ഉണ്ടായിരിക്കുന്നു എന്ന രീതിയിലാണ് പല മാധ്യമങ്ങളും സംഭവത്തെ വിലയിരുത്തുന്നത്. രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ വിദ്യാഭ്യാസം ചെലുത്തുന്ന സ്വാധീനം ആര്‍ക്കും നിഷേധിക്കാനാവില്ല. വരുംകാലത്ത് രാജ്യത്തിന്റെ മറ്റു മേഖലകളെയും ഈ നയം ആഴത്തില്‍ സ്വാധീനിക്കും എന്നത് തീര്‍ച്ചയാണ്. 26 കോടി വിദ്യാര്‍ഥികള്‍, 15 ലക്ഷം സ്‌കൂളുകള്‍, 9 ലക്ഷം അധ്യാപകര്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസ മേഖല, 3.3 കോടി വിദ്യാര്‍ഥികള്‍, 41000 കോളജുകള്‍, 800പരം യൂണിവേഴ്‌സിറ്റികള്‍, 14 ലക്ഷം അധ്യാപകര്‍ എന്നിവര്‍ അടങ്ങിയ ഉന്നതവിദ്യാഭ്യാസമേഖല (MHRD 2017) എന്നിവയുള്‍പ്പെടുന്ന ലോകത്തെ തന്നെ വിപുലമായൊരു സംവിധാനത്തെ സമൂലമായി ഉടച്ചുവാര്‍ക്കാന്‍ ലക്ഷ്യമിടുന്നതാണ് പുതിയ നയരേഖ.
1964-66 ലെ കോത്താരി കമ്മിഷനെ തുടര്‍ന്ന് മൗലികമായ ഉടച്ചുവാര്‍ക്കലുകള്‍ മുന്നോട്ടുവച്ച 1968 വിദ്യാഭ്യാസ നയരേഖ, അവസര സമത്വം ഉറപ്പുവരുത്തുന്നതിന് ഊന്നല്‍ നല്‍കി പ്രൊഫ. യശ്പാല്‍ അവതരിപ്പിച്ച 1986ലെ നയരേഖ എന്നിവക്ക് ശേഷമാണ് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരി രംഗന്‍ അധ്യക്ഷനായ 2020ലെ നയരേഖ രാജ്യത്തിന്റെ മൂന്നാമത് വിദ്യഭ്യാസ നയരേഖയായി പ്രകാശിത മാവുന്നത്. 23 അധ്യായങ്ങളില്‍ നാല് ഭാഗങ്ങളിലായി 484 പേജുണ്ടായിരുന്ന രേഖ പൊതുചര്‍ച്ചകള്‍ക്ക് ശേഷം പുറത്തുവരുമ്പോള്‍ 27 അധ്യായങ്ങളില്‍ നാലു ഭാഗങ്ങളിലായി 65 പേജുകള്‍ മാത്രമാണുള്ളത്. കരടുരേഖയില്‍ രണ്ടു ലക്ഷത്തില്‍പരം നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ലഭിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്ധമായ ന്യായീകരണങ്ങള്‍ക്കും വസ്തുതാവിരുദ്ധമായ വിമര്‍ശനങ്ങള്‍ക്കും മധ്യേയുള്ള നിഷ്പക്ഷ വിലയിരുത്തലാണ് ഈ കുറിപ്പിലൂടെ ശ്രമിക്കുന്നത്.
നയരേഖ മുന്നോട്ടുവയ്ക്കുന്ന ദര്‍ശനം ഈ വരികളിലൂടെ വായിക്കാം; This National Education Policy envisions an education system rooted in Indian ethos that contributes directly to transforming India, that is Bharat, sustainably into an equitable and vibrant knowledge society, by providing high quality education to all, and thereby making India a global knowledge superpower ( Page 6. NEP 2020). ഇന്ത്യയെ ആഗോള വൈജ്ഞാനിക ശക്തിയാക്കുന്നതിനായി, ഉയര്‍ന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ സാര്‍വത്രികവും ചലനാത്മകവുമായ ജ്ഞാന സമൂഹമാക്കി ഭാരതത്തെ പരിവര്‍ത്തിപ്പിക്കുന്നതിന് ഭാരത ധര്‍മത്തിലൂന്നിയ വിദ്യാഭ്യാസമാണ് രേഖ വിഭാവനം ചെയ്യുന്നത്. Equity and Inclusion (തുല്യതയുള്ളതും ഉള്‍ചേര്‍ക്കുന്നതും), Respect to diversity and local context ( വൈവിധ്യത്തോടും പ്രാദേശിക സാഹചര്യങ്ങളോടുമുള്ള ആദരവ് ), community participation (സാമൂഹിക പങ്കാളിത്തം), use of technology (സാങ്കേതിക വിദ്യയുടെ ഉപയോഗം) എന്നിവയാണ് നയരേഖയുടെ അടിസ്ഥാന തത്ത്വങ്ങളായി ഉയര്‍ത്തിക്കാണിക്കുന്നത്.
സ്‌കൂള്‍: പ്രധാന നിര്‍ദേശങ്ങള്‍
രേഖയുടെ പ്രധാന സവിശേഷതകളായി സ്‌കൂള്‍ മേഖലയില്‍ 12 നിര്‍ദേശങ്ങളാണുള്ളത്.
1. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഘടനാമാറ്റം. നിലവിലുള്ള 10 + 2 സമ്പ്രദായത്തിന് പകരമായി 5 + 3 + 3 + 4 എന്ന ഘടന നിലവില്‍ വരും. മൂന്നുവര്‍ഷത്തെ പ്രീ- പ്രൈമറി പഠനം ഉള്‍പ്പെടെ അഞ്ചുവര്‍ഷത്തെ ഫൗണ്ടേഷന്‍. മൂന്നുവര്‍ഷത്ത പ്രിപ്പറേറ്ററി, മൂന്നുവര്‍ഷത്തെ മിഡില്‍, നാലുവര്‍ഷത്തെ സെക്കന്‍ഡറി എന്നിങ്ങനെയാണ് രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പുതിയ ഘടന.
2 . 3 മുതല്‍ 18 വയസുവരെ പഠനം സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ പരിധിയില്‍ ഉള്‍പ്പെടുത്തും. RTE Act 2009 ഭേദഗതി വരുത്തും.
3. മികച്ച നിലവാരമുള്ളതും സര്‍വത്രികവുമായ ശിശുവിദ്യാഭ്യാസം (ECCE).
4. അടിസ്ഥാന സാക്ഷരതയും സംഖ്യ ബോധവും ഉറപ്പുവരുത്തല്‍ (മൂന്നാം ക്ലാസോടെ).
5. ലഘൂകരിച്ച പാഠ്യപദ്ധതി ലേണിങ് വിത്തൗട്ട് ബര്‍ഡന്‍ (1993 ) എന്ന പേരില്‍ പ്രൊഫ. യശ്പാല്‍ കമ്മിറ്റി മുന്‍പ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
6 പുതുമയാര്‍ന്ന ബോധനശാസ്ത്രം.
7 സമഗ്രമായ വിലയിരുത്തല്‍ രേഖ.
8 വിഭവങ്ങളുടെ പങ്കുവയ്പിനായി സ്‌കൂള്‍ കോംപ്ലക്‌സുകള്‍ സ്ഥാപിക്കല്‍.
9 അഞ്ചാം ക്ലാസുവരെ മാതൃഭാഷയിലുള്ള അധ്യാപനം.
10. ആറാം ക്ലാസ് മുതല്‍ തൊഴില്‍പരിശീലനം.
11 . പരീക്ഷകള്‍ 3,5,8,10,12 ക്ലാസുകളില്‍ മാത്രമായി ചുരുക്കും. Objective Type, Descriptive Type എന്നിങ്ങനെ രണ്ടുതരം പരീക്ഷകള്‍.
12 . ത്രിഭാഷ പദ്ധതി നടപ്പിലാക്കും. മാതൃഭാഷക്കും ഇംഗ്ലീഷിനും പുറമെ ഇഷ്ടടമുള്ള മറ്റൊരു ഇന്ത്യന്‍ ഭാഷ കൂടി പഠിക്കാം (സംസ്‌കൃതം ഉള്‍പ്പെടെ).
ഉന്നതവിദ്യാഭ്യാസമേഖലയിലെ
മാറ്റങ്ങള്‍
1. 2035 ആകുമ്പോഴേക്കും പ്രവേശന അനുപാതം (Gross Enrollment Ratio) 50 ശതമാനമായി ഉയര്‍ത്തും.
2 . സമഗ്രമായ മള്‍ട്ടിഡിസിപ്ലിനറി വിദ്യാഭ്യാസം. ബഹുമുഖമായ പാഠ്യപദ്ധതി, വിഷയങ്ങളുടെ സര്‍ഗാത്മകമായ ചേരുവകള്‍, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സംയോജനം, ഉചിതമായ സര്‍ട്ടിഫിക്കേഷനോടുകൂടിയ മള്‍ട്ടിപ്പിള്‍ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍ എന്നീ സവിശേഷതകളുള്ള സമഗ്രമായ മള്‍ട്ടിഡിസിപ്ലിനറി അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാഭ്യാസമാണ് നയം വിഭാവനം ചെയ്യുന്നത്. യു.ജി വിദ്യാഭ്യാസം, മൂന്ന് അല്ലെങ്കില്‍ നാലു വര്‍ഷം ആകാം. ഉദാഹരണത്തിന്, ഒരു വര്‍ഷത്തിനുശേഷം സര്‍ട്ടിഫിക്കറ്റ്, രണ്ട് വര്‍ഷത്തിന് ശേഷം അഡ്വാന്‍സ്ഡ് ഡിപ്ലോമ, മൂന്നു വര്‍ഷത്തിന് ശേഷം ബാച്ചിലേഴ്‌സ് ഡിഗ്രി, നാലു വര്‍ഷത്തിന് ശേഷം ഹോണേഴ്‌സ് ബിരുദം എന്നിവ നേടുന്നതിനു അവസരമുണ്ടായിരിക്കും.
3. വിവിധ വിഷയങ്ങളുടെ തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യം.
4 . എം.ഫില്‍ പഠനം നിര്‍ത്തലാക്കും.
5. ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സ്വാതന്ത്ര്യം. ക്രെഡിറ്റ് ബാങ്ക്; വിവിധ സ്ഥാപനങ്ങളില്‍നിന്ന് നേടിയ അക്കാദമിക് ക്രെഡിറ്റുകള്‍ ഡിജിറ്റലായി സംഭരിച്ചിട്ടുള്ള ഒരു അക്കാദമിക് ബാങ്ക് വഴി കൈമാറ്റം ചെയ്യപ്പെടുകയും അവസാന ബിരുദം നേടുകയും ചെയ്യാം.
6. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താഴേ പറയുന്ന മൂന്ന് വിഭാഗങ്ങളില്‍ ഏതെങ്കിലും വിഭാഗത്തിലായിരിക്കും.
ഒന്ന്: ഗവേഷണ പ്രധാനം, രണ്ട്: അധ്യാപന പ്രധാനം, മൂന്ന്: ഡിഗ്രി നല്‍കുന്ന സ്വയംഭരണ സ്ഥാപനങ്ങള്‍. രാജ്യത്തുള്ള നാല്‍പ്പതിനായിരത്തില്‍ പരം വരുന്ന കോളജുകളും 800ല്‍ പരം യൂണിവേഴ്‌സിറ്റികളും ഈ രീതിയിലേക്ക് മാറ്റപ്പെടും.
7. നിയന്ത്രണത്തോടെയുള്ള സ്വയംഭരണം. കോളജുകളുടെ അഫിലിയേഷന്‍ സംവിധാനം 15 വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായി അവസാനിപ്പിക്കും. കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതിന് ഘട്ടംതിരിച്ചുള്ള സംവിധാനം ഏര്‍പ്പെടുത്തും. ഒരു നിശ്ചിത കാലയളവില്‍, ഓരോ കോളജും ഒന്നുകില്‍ സ്വയംഭരണ ബിരുദം നല്‍കുന്ന കോളജ് അല്ലെങ്കില്‍ ഒരു സര്‍വകലാശാലയുടെ ഒരു ഘടക കോളജായിരിക്കും.
8. ഉന്നതവിദ്യാഭ്യാസമേഖലയില്‍ നിലവിലെ യു.ജി.സിക്ക് പകരമായി Higher Education Commission of India (HECI) നിലവില്‍ വരും. വൈദ്യം, നിയമം ഒഴികെയുള്ള മുഴുവന്‍ മേഖലയും കമ്മിഷന്റെ നിയന്ത്രണത്തിലായിരിക്കും.
9. വിദ്യാഭ്യാസത്തിന്റെ നീക്കിയിരുപ്പ് ഏഉജ യുടെ ആറു ശതമാനം മാറ്റിവയ്ക്കും. 1966 ലെ കോത്താരി കമ്മിഷന്‍ മുതല്‍ ഈ നിര്‍ദേശം നിലവിലുണ്ടെങ്കിലും ഇതുവരെ നടപ്പാക്കാനായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
10. ഗവണ്‍മെന്റ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഒരേ മാനദണ്ഡങ്ങള്‍ നടപ്പില്‍വരുത്തും.
11. പി.പി.പി മോഡല്‍ നടപ്പാക്കും ( Private P-hilanthropic Partnership).
12. National Research Foundation, National Educational Technology Forum(NETF) എന്നിവ നിലവില്‍ വരും.
13. അധ്യാപക വിദ്യാഭ്യാസത്തില്‍ കാതലായ മാറ്റം. 2030 ആകുമ്പോഴേക്കും അധ്യാപനത്തിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത നാലു വര്‍ഷത്തെ സംയോജിത ബി.എഡ് ഡിഗ്രിയാക്കും.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."