കണ്ടെയ്ന്‍മെന്റ് സോണുകളിലും ക്ലോസ്ഡ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കും
തിരുവനന്തപുരം: തീരദേശ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക ഘടകങ്ങള്‍ പരിഗണിച്ച് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊല്ലം സിറ്റിയിലെ മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ കണ്ടെയ്ന്‍മെന്റ് സോണുകളിലും ക്ലോസ്ഡ് ഗ്രൂപ്പുകള്‍ക്കു രൂപം നല്‍കും.
കൊല്ലം റൂറലില്‍ വിജയകരമായി നടപ്പാക്കിയ മാര്‍ക്കറ്റ് കമ്മിറ്റി, മാര്‍ക്കറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സംവിധാനങ്ങളും വ്യാപിപ്പിക്കും. തൃശൂര്‍ സിറ്റിയില്‍ നിലവിലുള്ള മാതൃകയില്‍ മാര്‍ക്കറ്റ് മാനേജ്‌മെന്റ് സംവിധാനം സംസ്ഥാനത്തെ എല്ലാ വലിയ മാര്‍ക്കറ്റുകളിലും നടപ്പാക്കും. സംസ്ഥാനത്തിനു പുറത്തുനിന്ന് ചരക്കുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് മാത്രമായി സുരക്ഷിതവും അണുവിമുക്തവുമായ താമസസൗകര്യം ഏര്‍പ്പെടുത്തുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ പൊലിസ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും.
ഐ.ജി അശോക് യാദവ്, ഡി.ഐ.ജി എസ്. സുരേന്ദ്രന്‍ എന്നിവര്‍ മലപ്പുറത്ത് ക്യാംപ് ചെയ്ത് പൊലിസ് നടപടികള്‍ ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്തെ കരമനയില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ സ്വയം നിശ്ചയിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയ മാതൃക ജനമൈത്രി പൊലിസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തും.
ജനമൈത്രി പൊലിസിന്റെ സഹായത്തോടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തിപ്പെടുത്തും.
സ്വരക്ഷയ്ക്കു മാത്രമല്ല, മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനു കൂടിയാണ് മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതെന്ന സന്ദേശം പ്രചരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."