വഴിമുട്ടി
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ എ.എ.പിയുമായി സഖ്യംരൂപീകരിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ നീക്കം വഴിമുട്ടി.
സഖ്യചര്‍ച്ചകളില്‍ നിന്ന് എ.എ.പി പിന്‍വാങ്ങിയതായി ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം പി.സി ചാക്കോ അറിയിച്ചു. ഡല്‍ഹിയില്‍ ആകെ ഏഴുലോക്‌സഭാ സീറ്റുകളാണുള്ളത്. അതില്‍ എല്ലായിടത്തും കോണ്‍ഗ്രസ് മല്‍സരിക്കുമെന്നും ഇന്നുതന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും ചാക്കോ പറഞ്ഞു. ഡല്‍ഹിയിലെ സീറ്റ് വിഭജനം സംബന്ധിച്ച് ഏകദേശ ധാരണയായതിനു പിന്നാലെയാണ് സഖ്യചര്‍ച്ച വഴിമുട്ടുന്നതും ഇരുകക്ഷികളും ഇക്കാര്യത്തിലുള്ള നീക്കം ഉപേക്ഷിക്കുന്നതും. നീണ്ട ചര്‍ച്ചകള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും പിന്നാലെയാണ് തുലാസിലായിരുന്ന എ.എ.പി- കോണ്‍ഗ്രസ് സഖ്യ സാധ്യതകള്‍ ഇപ്പോള്‍ ഇല്ലാതായതായി പ്രഖ്യാപനം ഉണ്ടാവുന്നത്.
ഏഴില്‍ നാലുസീറ്റുകള്‍ നല്‍കാന്‍ തയ്യാറായിരുന്നിട്ടും എ.എ.പി സഖ്യത്തില്‍ നിന്നു പിന്നോട്ടുപോയെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. ഡല്‍ഹിക്കു പുറമെ എ.എ.പിക്കു സ്വാധീനമുള്ള ഹരിയാനയിലും ഒന്നിച്ചുള്ള സഖ്യമായിരുന്നു ചര്‍ച്ചയുടെ കാതല്‍. ഇതുപ്രകാരം ഹരിയാനയിലെ 10 സീറ്റില്‍ കോണ്‍ഗ്രസ്സിന് ആറും ദുഷ്യന്ത് ചൗത്താലയുടെ ജനനായക് ജനതാ പാര്‍ട്ടിക്ക് (ജെ.ജെ.പി) മൂന്ന്, എ.എ.പിക്ക് ഒന്ന് എന്നിങ്ങനെ സീറ്റ് വിഭജനം വേണമെന്നായിരുന്നു എ.എ.പിയുടെ ആവശ്യം. എന്നാല്‍, ഹരിയാനയില്‍ ഏഴെണ്ണം വേണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യം. ഡല്‍ഹിയില്‍ മാത്രമാണ് സഖ്യം എങ്കില്‍ സംസ്ഥാനത്തെ ഏഴില്‍ അഞ്ചുസീറ്റ് വേണമെന്ന് എ.എ.പിയും ഉറച്ചുനിന്നു. ഇതോടെയാണ് ചര്‍ച്ച വഴിമുട്ടിയതും കോണ്‍ഗ്രസ് സ്വന്തം നിലക്കു മല്‍സരിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോയതും.
ഡല്‍ഹിയില്‍ എ.എ.പിയുമായി സഖ്യമുണ്ടാക്കുന്നതിന് പി.സി.സി അധ്യക്ഷ ഷീലാ ദീക്ഷിത് ഉള്‍പ്പെടെയുള്ള സംസ്ഥാനനേതാക്കള്‍ തുടക്കംമുതലേ എതിരായിരുന്നു. എന്നാല്‍, എന്തു വിട്ടുവീഴ്ച ചെയ്തും ഡല്‍ഹിയില്‍ സഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ള കേന്ദ്രനേതാക്കളുടെ കടുത്തതീരുമാനം ഉണ്ടായതോടെയാണ് സഖ്യചര്‍ച്ച സജീവമായത്. ഡല്‍ഹിയില്‍ എ.എ.പിയും കോണ്‍ഗ്രസും ഒന്നിക്കുകയെന്നാല്‍ ബി.ജെ.പിയുടെ പരാജയമാണെന്നും എ.എ.പിക്ക് നാലുസീറ്റുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിപ്പും ഇട്ടു. ഇതോടെ അഹമ്മദ് പട്ടേലും ഗുലാംനബി ആസാദും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സഖ്യചര്‍ച്ചകളില്‍ പങ്കാളികളായി. എ.എപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും സഖ്യത്തിന് അനുകൂലമായിരുന്നു. എന്നാല്‍, എ.എ.പിയുടെ ഭാഗത്തുനിന്നു വിട്ടുവീഴ്ച ഇല്ലാതിരുന്നതോടെയാണ് അവസാനസമയത്ത് സഖ്യചര്‍ച്ച വഴിമുട്ടിയതെന്നാണ് റിപ്പോര്‍ട്ട്. എ.എ.പിയുമായി സഖ്യചര്‍ച്ച പരാജയപ്പെട്ടെങ്കിലും ഇടതുപാര്‍ട്ടികളുള്‍പ്പെടെയുള്ള മതേതരകക്ഷികളുമായി സഹകരണം തേടുമെന്ന് പി.സി ചാക്കോ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."