ലിസ്ബണ്‍ വിളിക്കുന്നു
ലിസ്ബണ്‍: ഇനി ഫുട്‌ബോള്‍ പ്രേമികളുടെ കണ്ണും കാതും പറങ്കികളുടെ തലസ്ഥാന നഗരമായ ലിസ്ബണിലേക്ക്. ലീഗ് ടൂര്‍ണമെന്റുകളുടെ ലോകകപ്പായ യുവേഫ ചാംപ്യന്‍സ് ലീഗിലെ ഇനിയുള്ള തീപാറും പോരാട്ടങ്ങള്‍ക്ക് ലിസ്ബണിലെ രണ്ടു സ്റ്റേഡിയങ്ങള്‍ സാക്ഷിയാവും. ഇന്നു നടക്കുന്ന പി.എസ്.ജി- അറ്റ്‌ലാന്റ മത്സരത്തോടെ ക്വാര്‍ട്ടറിലെ മാറ്റുരയ്ക്കലിന് പ്രാരംഭമാകും. രാത്രി 12.30നാണ് അങ്കപ്പോര്. സാധാരണ ഇരുപാദങ്ങളിലായി നടക്കുന്ന മത്സരം കൊവിഡ് ഭീതിയില്‍ ന്യൂട്രല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്നതിനാല്‍ ഏക മത്സരത്തിലൂടെ നോക്കൗട്ട് വിജയിയെ തിരഞ്ഞെടുക്കും. ഇതുവഴി ഒരാഴ്ചയ്ക്കകം സീസണിലെ ചാംപ്യന്‍സ് ലീഗ് വിജയിയെ കണ്ടെത്തുകയും ചെയ്യും.
പ്രീക്വാര്‍ട്ടറില്‍ മിന്നും ജയത്തോടെയാണ് ഇറ്റാലിയന്‍ അത്ഭുത ടീം അറ്റ്‌ലാന്റ നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്തതെങ്കില്‍ ഡോര്‍ട്ട്മുണ്ടിനോട് ജീവന്‍മരണപ്പോരാട്ടം കാഴ്ചവച്ചാണ് പി.എസ്.ജി അവസാന എട്ടിലേക്ക് ഇടം പിടിച്ചത്. ഇക്കുറി അത്ര ഫോമിലല്ലാത്ത വലന്‍സിയയെ 8-4 എന്ന അഗ്രിഗേറ്റ് സ്‌കോറിനാണ് അറ്റ്‌ലാന്റ പരാജയപ്പെടുത്തിയത്. എന്നാല്‍, ഡോര്‍ട്ട്മുണ്ടിനെതിരേ 3-2നായിരുന്നു പി.എസ്.ജിയുടെ ജയം.
നെയ്മറുടെ തുടര്‍മികവ് പ്രതീക്ഷിക്കുന്ന ആരാധകര്‍ക്ക് കൈലിയന്‍ എംബാപ്പെയുടെ തിരിച്ചുവരവും ആവേശം പകരും. നിര്‍ണായകമായ ഫ്രഞ്ച് കപ്പിനിടെ പരുക്കേറ്റ താരത്തിന് ഏകദേശം മൂന്ന് ആഴ്ചയെങ്കിലും വിശ്രമം അനിവാര്യമാണെന്ന് നിര്‍ണയിച്ചെങ്കിലും താരം ശനിയാഴ്ച പരിശീലനത്തിനെത്തിയത് കോച്ച് തോമസ് ടക്കലിന്റെ ആത്മവീര്യം ഇരട്ടിപ്പിച്ചു. അവസാന 28 അംഗ സ്‌ക്വാഡില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് പരസ്പരം പോരടിക്കുന്ന ഇരുടീമിനും ലക്ഷ്യം ഒന്നുമാത്രം- ഇതുവരെ ഷെല്‍ഫില്‍ എത്തിച്ചിട്ടില്ലാത്ത ചാംപ്യന്‍സ് ലീഗ് കിരീടം എങ്ങനെയെങ്കിലും സ്വന്തമാക്കണം. ഇത്തവണത്തെ ഫ്രഞ്ച് കപ്പും ഇന്റര്‍ടോട്ടോ കപ്പും ഉയര്‍ത്തിയ പി.എസ്.ജിക്ക് ടൂര്‍ണമെന്റ് കപ്പുയര്‍ത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം, സീരി എയിലെ അത്ഭുത ടീമെന്ന വിളിപ്പേരുള്ള അറ്റ്‌ലാന്റ നിലവില്‍ മികച്ച ഫോമിലാണ്. അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗിലേക്ക് ടിക്കറ്റെടുത്താണ് ടീം ക്വാര്‍ട്ടര്‍ പോരിനിറങ്ങുന്നത്. സ്ലൊവേനിയന്‍ മിഡ്ഫീല്‍ഡര്‍ ജോസിപ് ഇലിസിച്ചിനെ പിടിച്ചുകെട്ടാനായാല്‍ പി.എസ്.ജിക്ക് അടുത്ത റൗണ്ടിലേക്ക് കുതിക്കാം. കാരണം, ഇലിസിച്ചിന്റെ മികവിലാണ് ടീം പി.എസ്.ജിയുമായുള്ള കലാശക്കളിക്ക് യോഗ്യത നേടിയത്. വലന്‍സിയയുമായുള്ള രണ്ടാംപാദത്തില്‍ അറ്റ്‌ലാന്റയുടെ അക്കൗണ്ടിലെത്തിയ നാലു ഗോളും ഇലിസിച്ചിന്റെ വകയായിരുന്നു. അതേസമയം, നെയ്മറിലാണ് പി.എസ്.ജിയുടെ പ്രതീക്ഷ. പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച നെയ്മര്‍ ഇന്നും ഫോം തുടരുമോയെന്നാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."