അര്‍ബുദ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തു: ഇത്തക്കാരോട് ഒത്തുതീര്‍പ്പില്ലെന്ന് ജി സുധാകരന്‍
കട്ടപ്പന: അര്‍ബുദ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തു. കട്ടപ്പന സബ് രജിസ്ട്രാര്‍ ജി.ജയലക്ഷ്മിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആംബുലന്‍സില്‍ സബ് രജിസ്ട്രാര്‍ ഓഫീലെത്തിയ അര്‍ബുധ ബാധിതനായിരുന്ന സനീഷ് ജോസഫിനെ മൂന്നാം നിലയിലെത്താന്‍ നിര്‍ബന്ധിച്ചതിനാണ് നടപടി. ഓഫീസിലെത്തി ദിവസങ്ങള്‍ക്ക് ശേഷം ഇദ്ദേഹം മരിച്ചു. പൊതു ജനങ്ങളോട് നിര്‍ദയമായി പെരുമാറുന്നവരോട് ഇടത് സര്‍ക്കാരിന് ദയയും ദാക്ഷിണ്യവും ഒത്തുതീര്‍പ്പുകളുമില്ലെന്ന് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.
ജി സുധാകരന്റെ ഫേസ്ബുക്ക കുറിപ്പ്
കട്ടപ്പന സ്വദേശിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ സനീഷ് ജോസഫ് ക്യാന്‍സര്‍ രോഗബാധിതനായിരുന്നു. ഒഴിമുറി ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിലേയ്ക്കായി ഈ മാസം ആറിന് ആംബുലന്‍സിലാണ് അദ്ദേഹം സബ് രജിസ്ട്രാര്‍ ഓഫീസ് പരിസരത്ത് എത്തിയത്.
കടുത്ത രോഗബാധിതനും കിടപ്പു രോഗിയായ അദ്ദേഹത്തെ കട്ടപ്പന മിനി സിവില്‍ സ്റ്റേഷന്റെ മൂന്നാം നിലയിലുള്ള തന്റെ ഓഫീസിലെത്തിക്കണമെന്ന് രജിസ്ട്രാര്‍ നിര്‍ബന്ധിച്ചു. കസേരയിലിരുത്തി അദ്ദേഹത്തെ മൂന്നാം നിലയില്‍ എത്തിച്ചതിനു ശേഷമാണ് ആധാരം രജിസ്റ്റര്‍ ചെയ്ത് നല്‍കാന്‍ തയ്യാറായത്.
കരുണാശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഡ്രൈവറായി ജോലി നോക്കിയിരുന്ന സുനീഷ് ജോസഫ് അടുത്ത ദിവസം അന്തരിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ വിവരം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിച്ചു.
കോംപൗണ്ടില്‍ പ്രവേശിച്ചപ്പോള്‍ തന്നെ ഓഫീസിലെത്തിയതായി കണക്കാക്കി വേണ്ട നടപടികള്‍ എടുക്കാന്‍ തുനിയാതെ മനുഷ്യത്വ രഹിതമായി പെരുമാറിയ കട്ടപ്പന സബ് രജിസ്ട്രാര്‍ ജി.ജയലക്ഷ്മിയെ പ്രാഥമിക അന്വേഷണം നടത്തി സസ്‌പെന്റ് ചെയ്തു. ആസന്ന മരണനായിരുന്ന ഒരു ക്യാന്‍സര്‍ രോഗിയോട് ദയാശൂന്യമായ നിലപാട് സ്വീകരിച്ച് വകുപ്പിന് കളങ്കമുണ്ടാക്കിയ ഇവരെ വിശദമായ അന്വേഷണം നടത്തി സര്‍വ്വീസില്‍ നിന്നും പുറത്താക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമൂഹികവും മാനുഷികവും ഭരണപരവുമായി ഏറെ പ്രാധാന്യമുള്ള ഈ തീരുമാനം നിര്‍ഭാഗ്യവശാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ വേണ്ട പരിഗണനയോടെ റിപ്പോര്‍ട്ട് ചെയ്ത് കണ്ടില്ല.
വകുപ്പുകളുടേയും ചട്ടങ്ങളുടേയും ചതുരങ്ങള്‍ക്കപ്പുറം മനുഷ്യസ്‌നേഹത്തിന്റെ അനുതാപത്തിന്റെ ചക്രവാളം കൂടി കാണാന്‍ നിയമത്തെ മനുഷ്യത്വം ചാലിച്ച് വ്യാഖ്യാനിക്കാന്‍ ഉദ്യാഗസ്ഥര്‍ക്ക് കണ്ണുണ്ടാവണം, മനസ്സുണ്ടാവണം.ഭൂരിഭാഗവും ആത്മസമര്‍പ്പിതമായി ജോലി ചെയ്യുന്നവരും ജനോപകാരപ്രദമായ നിലപാടുകളുള്ളവരുമാണ്. എന്നാല്‍ പൊതു ജനങ്ങളോട് നിര്‍ദ്ദയമായി പെരുമാറുന്നവരോട് ഇടതു സര്‍ക്കാരിന് ദയയും ദാക്ഷണ്യവും ഒത്തുതീര്‍പ്പുകളുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."