ഇമാമുദ്ദീന്‍ കൊലപാതകം: പ്രതികളുടെ വധശിക്ഷ സഊദി നടപ്പാക്കി
ജിദ്ദ: മോഷണമുതല്‍ പങ്കുവയ്ക്കുന്നതിനിടെ ഇന്ത്യക്കാരനായ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പഞ്ചാബ് സ്വദേശികളായ രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കിയതായി സഊദി വിദേശകാര്യ മന്ത്രാലയം. ഫെബ്രുവരി 28ന് ആണ് ശിക്ഷനടപ്പാക്കിയത്. ഹോഷിയാര്‍പുര്‍ സ്വദേശി സത്വീന്ദര്‍ സിങ് , ലുധിയാന സ്വദേശി ഹര്‍ജിത് സിങ് എന്നിവരെയാണ് വധിച്ചതെന്ന് സഊദിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
അതേസമയം ഈ മാസമാണ് വിദേശകാര്യ മന്ത്രാലയം ഇതു സംബന്ധിച്ചുള്ള വാര്‍ത്ത സ്ഥിരീകരിക്കുന്നത്. എന്നാല്‍ റിയാദിലെ ഇന്ത്യന്‍ എംബസിക്ക് വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് ഇത് സംബന്ധിച്ച യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ആരിഫ് ഇമാമുദ്ദീന്‍ 2015ല്‍ ആണ് കൊല്ലപ്പെട്ടത്. അതേ വര്‍ഷം ഡിസംബര്‍ ഒന്‍പതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് തല്ലുണ്ടാക്കിയതിന്റെ പേരില്‍ പൊലിസ് പിടികൂടിയ ഇരുവരെയും നാടുകടത്തുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
എന്നാല്‍ കൊലപാതകവുമായി ഇവര്‍ക്കുള്ള ബന്ധം ഇന്ത്യന്‍ എംബസിയെയോ ബന്ധപ്പെട്ടവരെയോ സഊദി അധികൃതര്‍ അറിയിച്ചിരുന്നില്ല. പിന്നീട് റിയാദിലെ ജയിലിലേക്ക് മാറിയ ഇരുവരും വിചാരണക്കിടെ തങ്ങളുടെ കുറ്റം സമ്മതിക്കുകയായിരുന്നു. 2017ല്‍ മേയ് 31ന് നടന്ന വിചാരണയില്‍ ഇന്ത്യന്‍ എംബസി അധികൃതരും പങ്കെടുത്തു. ഹൈവേയില്‍ പിടിച്ചുപറി നടത്തിയ സംഭവത്തിലും ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സഊദിയിലെ ശരീഅത്ത് നിയമം അനുസരിച്ച് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍ ഇരുവരെയും സന്ദര്‍ശിക്കാനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തിയപ്പോഴാണ് ഇവരെ തലവെട്ടിയെന്ന വിവരം അറിയുന്നത്.
വധശിക്ഷ തടയുന്നതില്‍ വിദേശകാര്യ മന്ത്രാലയം പരാജയപ്പെട്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആക്ഷേപിച്ചു. സത്വീന്ദര്‍ സിങിന്റെ ഭാര്യ കോടതിയെ സമീപിക്കുന്നത് വരെ വിദേശകാര്യ മന്ത്രാലയം വധശിക്ഷയുടെ വിവരം മറച്ചുവച്ചതായും അമരീന്ദര്‍ സിങ് ആരോപിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.സഊദി നിയമപ്രകാരം വധശിക്ഷയ്ക്ക് വിധേയരാക്കിയവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല, മരണ സര്‍ട്ടിഫിക്കറ്റ് മാത്രമേ നല്‍കൂ എന്ന് സത്‌വീന്ദറിന്റെ ഭാര്യ സീമ റാണിയെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് രണ്ടിന് വധശിക്ഷ സംബന്ധിച്ച വിവരം സഊദിയില്‍ നിന്ന് കുടുംബത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പുകളില്ലാത്തതിനാല്‍ സീമ റാണി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. വ്യക്തമായ മറുപടിയൊന്നും വിദേശകാര്യ മന്ത്രാലയം നല്‍കിയില്ല. ഇതേ തുടര്‍ന്ന് സീമ റാണി പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ എട്ടിന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം വധശിക്ഷ സ്ഥിരീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."