വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ
പോങ്യാങ്: യു.എസുമായുള്ള ആണവചര്‍ച്ചകള്‍ വഴിമുട്ടിനില്‍ക്കെ വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. ഹ്രസ്വദൂര ക്രൂയിസ് മിസൈലാണ് പരീക്ഷിച്ചതെന്നാണ് വിവരം. സ്‌ഫോടകശേഖരം വഹിക്കാനാവുന്ന തന്ത്രപ്രധാന ആയുധമാണിതെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു. അമേരിക്കയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനാണ് പരീക്ഷണമെന്നു കരുതുന്നു.
അതിനിടെ പുതിയ ആയുധ പരീക്ഷണം ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വീക്ഷിക്കുന്ന ഫോട്ടോ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ടു. പരീക്ഷണം രാജ്യത്തെ ജനകീയ സൈന്യത്തിന്റെ കരുത്ത് കൂട്ടുന്ന ഒന്നാണെന്ന് കിം വിശേഷിപ്പിച്ചു. വിവിധ കേന്ദ്രങ്ങളെ ലക്ഷ്യംവയ്ക്കാവുന്ന ആയുധമെന്നാണ് വാര്‍ത്താ ഏജന്‍സി അഭിപ്രായപ്പെട്ടത്. പരീക്ഷണം നടന്ന് ഒരു ദിവസത്തിനു ശേഷമാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ട്രംപും കിമ്മും തമ്മില്‍ നടന്ന വിയറ്റ്‌നാം ഉച്ചകോടി പരാജയപ്പെട്ടതിനു ശേഷം ആദ്യമായാണ് ഉ. കൊറിയ മിസൈല്‍ പരീക്ഷണത്തിനു മുതിരുന്നത്.
ഇരു രാജ്യങ്ങള്‍ക്കും തൃപ്തികരമായ ഒരു കരാറിലൊപ്പിടാന്‍ യു.എസ് പ്രസിഡന്റിനെ പ്രേരിപ്പിക്കുകയാണ് കിം ഉദ്ദേശിക്കുന്നതെന്ന് മുന്‍ യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ മാര്‍ക് ഫിറ്റ്‌സ്പാട്രിക് അഭിപ്രായപ്പെട്ടു. തന്ത്രപ്രധാനമായ ആ ആയുധം ഒരു മിസൈല്‍ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017 നവംബറിനു ശേഷം ഉത്തരകൊറിയ പ്രധാന ആയുധ പരീക്ഷണം നടത്തുന്നത് ഇതാദ്യമായാണ്. അന്ന് ബാലിസ്റ്റിക് മിസൈലായിരുന്നു പരീക്ഷിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."