ശ്രീധരന്‍ പിള്ളക്കെതിരേ ജാമ്യമില്ലാ കേസ്
തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയെത്തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കല്‍, മതസ്പര്‍ധ വളര്‍ത്തി വര്‍ഗീയ ചേരിതിരിവിന് ഇടയാക്കല്‍, ഭാഷയുടെയും ജാതിയുടെയും പേരില്‍ കലാപം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ഇടതുമുന്നണി ആറ്റിങ്ങല്‍ മണ്ഡലം കണ്‍വീനര്‍ വി. ശിവന്‍കുട്ടിയുടെ പരാതിയില്‍ ആറ്റിങ്ങല്‍ പൊലിസാണ് കേസെടുത്തത്. ശിവന്‍കുട്ടിയുടെ മൊഴി പൊലിസ് രേഖപ്പെടുത്തി.
കഴിഞ്ഞ ഞായറാഴ്ച ആറ്റിങ്ങലില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടയിലാണ് ശ്രീധരന്‍പിള്ള വിവാദ പരാമര്‍ശം നടത്തിയത്. പുല്‍വാമ ആക്രമണത്തിന് മറുപടിയായി വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് പറയുകയായിരുന്നു അദ്ദേഹം.
'നമ്മുടെ രാഹുല്‍ ഗാന്ധിയും യെച്ചൂരിയും പിണറായിയുമൊക്കെ പറയുന്നത് പട്ടാളക്കാര്‍ അവിടെ പോയിനോക്കിയിട്ട് മരിച്ചവരുടെ എണ്ണം എടുക്കണമെന്നാണ്. അവരുടെ ജാതി, മതം തുടങ്ങിയവ. ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ ഇസ്‌ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റിനോക്കണം' എന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം.
ശ്രീധരന്‍ പിള്ളക്കെതിരേ നടപടി വേണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് ശ്രീധരന്‍പിള്ള നടത്തിയതെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വര്‍ഗീയ പരാമര്‍ശത്തിന്റെ പേരില്‍ ശ്രീധരന്‍പിള്ളക്കെതിരേ കേസെടുക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ബുധനാഴ്ച സര്‍ക്കാരിന്റെ വിശദീകരണവും തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."