മലമ്പുഴയില്‍ നോക്കുകുത്തികളായി കുടിവെള്ള കിയോസ്ക്കുകള്‍
പാലക്കാട്: മലമ്പുഴ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി ജല അതോറിറ്റി സ്ഥാപിച്ച ശുദ്ധജല കിയോസ്ക് നോക്കുകുത്തിയാകുന്നു. ജില്ലാ കലക്ടറുടെ കുടിവെള്ള ദുരിതാശ്വാസ പദ്ധതി ഫണ്ടിലെ ലക്ഷക്കണക്കിനു രൂപ ഉപയോഗിച്ച് സ്ഥാപിച്ച കിയോസ്ക്കുകളാണ് നോക്കുകുത്തികളാകുന്നത്.
പഞ്ചായത്തിലെ പല സ്ഥലങ്ങളിലും സ്ഥാപിച്ച കിയോസ്കുകള്‍ വീടുകളില്ലാത്ത പ്രദേശങ്ങളിലാണ്. അതും കോണ്ക്രീറ്റിലല്ലാതെ നിലത്താണ് വച്ചിരിക്കുന്നത്. അയ്യപ്പന്പൊറ്റയിലെ കിയോസ്ക് റോഡരികിലാണ് വച്ചിരിക്കുന്നത്. ആദിവാസികളാണ് കൂടുതല്‍.
നാലാം വാര്‍ഡിലെ ചേമ്പന അടപ്പുകോളനിയിലെയും മേലെ അടപ്പുകോളനിയിലേയും രണ്ടിനും കൂടിയുള്ള കിയോസ്ക് സ്ഥാപിക്കാനുള്ള സ്ഥലം നല്‍കിയിട്ടും മറ്റൊരിടത്താണ് കിയോസ്ക് സ്ഥാപിച്ചിരിക്കുന്നത്.
നാലു ദിവസത്തിലൊരിക്കലാണ് അതില്‍ വെള്ളം നിറക്കുന്നത്. വെള്ളമില്ലാത്ത സമയങ്ങളില്‍ ഒന്നര കിലോമീറ്ററോളം നടന്നാണ് വെള്ളം കൊണ്ടുവരുന്നത്.
33 വീടുകളുള്ള മേട്ടുപ്പതി ട്രൈബല്‍ കോളനിയില്‍ കിയോസ്ക് സ്ഥാപിച്ചിട്ടുമില്ല. നിലവിലുള്ള പൈപ്പ് കണക്ഷന് കേടുവന്നാല്‍ ആദിവാസികളുടെ കയ്യില്‍നിന്ന് ഫണം മുടക്കി വേണം നേരെയാക്കാന്‍.
വേനലായതിനാല്‍ തൊഴിലില്ലാതിരിക്കുകയാണ് ട്രൈബല്‍ കോളനിയിലെ ജനങ്ങള്‍. യഥാസ്ഥാനത്ത് സ്ഥാപിക്കാത്ത നാലോളം കിയോസ്കുകള്‍ ഉപയോഗശൂന്യമാണ്.
തൊഴിലില്ലാതെയിരിക്കുന്ന അവസ്ഥയില്‍ റേഷന്‍ വെട്ടിക്കുറച്ചതിനു പുറമെ കുടിവെള്ളം മുട്ടിയ ദുരിതവും തങ്ങളെ കഷ്ടപ്പെടുത്തിയതായി ആദിവാസിയായ കമലം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."