ദുരന്ത ഭീഷണിയായി വാകമരം: തഹസില്‍ദാരുടെ ഉത്തരവ് നടപ്പായില്ല
വടക്കാഞ്ചേരി: ഓട്ടുപാറ വാഴാനി റോഡില്‍ നിരന്തര അപകട മേഖലയായ മങ്കര വളവില്‍ ദുരന്ത ഭീതിയുയര്‍ത്തി ഭീമന്‍ വാക മരം. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നില കൊള്ളുന്ന മരത്തിന്റെ ശിഖിരങ്ങള്‍ മുഴുവന്‍ റോഡിലേക്കും, ജനവാസ മേഖലയിലേക്കും നീളുമ്പോള്‍ വലിയ ഭീതിയില്‍ കഴിയേണ്ട അവസ്ഥയിലാണ് ജനങ്ങള്‍.
ജീര്‍ണാവസ്ഥയിലായ മരകൊമ്പുകള്‍ വെട്ടിമാറ്റണമെന്നും മരം ഉയര്‍ത്തുന്ന ഭീതി ഇല്ലാതാക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് ജനങ്ങള്‍ നിരവധി നിവേദനങ്ങളാണ് സമര്‍പ്പിച്ചത്. ഇതിനെ തുടര്‍ന്ന് തഹസില്‍ദാര്‍ മരകൊമ്പുകള്‍ മുറിച്ച് മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗത്തോട് ആവശ്യപ്പെട്ടെങ്കിലും നടപടി മാത്രം ഉണ്ടായില്ല. ഇന്നലെ പുലര്‍ച്ചെ ഭീമന്‍ കൊമ്പ് റോഡിന് നടുവിലേക്ക് പൊട്ടി വീണത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.
മരം നില്‍ക്കുന്നതിന് സമീപമുള്ള കെട്ടിട സമുച്ചയത്തിലേക്കാണ് മരകൊമ്പ് വീണത്. നിരവധി കടകളിലേക്കുള്ള സര്‍വിസ് വയറുകള്‍ പൊട്ടി വീണ് പ്രദേശത്ത് വൈദ്യുതി ബന്ധം താറുമാറായി. ഓട്ടുപാറ വാഴാനി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പുലര്‍ച്ചെയായതിനാലും അപകടം നടക്കുമ്പോള്‍ റോഡിലൂടെ മറ്റ് വാഹനങ്ങളൊന്നും പേയിരുന്നില്ല എന്നതിനാലുമാണ് വന്‍ ദുരന്തം ഒഴിവായത്.
വടക്കാഞ്ചേരിയില്‍ നിന്ന് അഗ്നിശമനസേനയെത്തിയാണ് 1.30 ഓടെ മരം മുറിച്ച് മാറ്റിയത്. ഇനിയും നിരവധി ശിഖിരങ്ങള്‍ പൊട്ടി വീഴാന്‍ സാധ്യയുള്ളതിനാല്‍ വലിയ ഭീഷണിയിലാണ് ജനങ്ങള്‍. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ ജനങ്ങളോടുള്ള വെല്ലുവിളി അവസാനിപ്പിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."