ശബരിമല മിണ്ടാതെ വിശ്വാസം പറഞ്ഞ് മോദി
തിരുവനന്തപുരം: ശബരിമലയെ കുറിച്ച് മിണ്ടാതെ വിശ്വാസത്തെ കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ വൈകിട്ട് ജില്ലയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്കായി നടത്തിയ പ്രചാരണ പരിപാടിയില്‍ പ്രദേശത്തെ വോട്ട് ബാങ്കായ മത്സ്യത്തൊഴിലാളികളെ പുകഴ്ത്തിയും മുഖ്യമന്ത്രി പിണറായി വിജയനെയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ചുമാണ് മോദി പ്രസംഗിച്ചത്.
ബി.ജെ.പിയില്‍ ചേക്കേറിയ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ വേദിയിലിരുത്തി അദ്ദേഹത്തിന്റെ മുഖ്യഎതിരാളിയായ ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനായി സംസാരിക്കുകയും ചെയ്തു. നമ്പി നാരായണനോട് കോണ്‍ഗ്രസുകാര്‍ ചെയ്തതൊന്നും പൊറുക്കാനാകില്ലെന്ന് മോദി തുറന്നടിക്കുമ്പോള്‍ മാധ്യമശ്രദ്ധ സെന്‍കുമാറിലായിരുന്നു. ദക്ഷിണേന്ത്യ രാജ്യത്തിന്റെ ഭാഗമാണെന്ന സന്ദേശം നല്‍കാനാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന് പറയുന്ന രാഹുല്‍ ഗാന്ധി എന്തുകൊണ്ട് തിരുവനന്തപുരത്തും പത്തനംതിട്ടയിലും മത്സരിച്ച് സന്ദേശം നല്‍കുന്നില്ലെന്ന് മോദി ചോദിച്ചു. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഇവിടെ ഗുസ്തിയും കേന്ദ്രത്തില്‍ ചങ്ങാത്തവുമാണെന്നും അവസരവാദ രാഷ്ട്രീയമാണ് ഇരുമുന്നണികളും പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ കാവല്‍ക്കാരാണ് സര്‍ക്കാര്‍. അവര്‍ക്കുവേണ്ടി നിരവധി പദ്ധതികളാണ് എന്‍.ഡി.എ സര്‍ക്കാര്‍ കൊണ്ടുവന്നത്. പലതും വരാനിരിക്കുകയുമാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് വിശ്വാസങ്ങളിലും ആചാരങ്ങളിലും താല്‍പര്യമില്ല. അതുകൊണ്ട് കേരളത്തില്‍ ദൈവത്തിന്റെ പേര് പോലും പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. അത് പറഞ്ഞാല്‍ ഈ സര്‍ക്കാര്‍ ജയിലിലിടും. കോണ്‍ഗ്രസാകട്ടെ വിഷയത്തില്‍ ഇരട്ടഗെയിമാണ് കളിക്കുന്നത്. വീണ്ടും മോദി സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടാല്‍ വിശ്വാസം സംരക്ഷിക്കാന്‍ പോരാടുമെന്നും അതിനു ഭരണഘടനാപരമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റിനും ജനങ്ങളോട് പ്രതിബദ്ധതയില്ല. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ ലാവ്‌ലിന്‍ അഴിമതി ആരോപണ നിഴലില്‍ പെട്ടിരിക്കുകയാണ്. പ്രളയത്തിനുശേഷം ലഭിച്ച സഹായം അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ തട്ടിയെടുക്കുകയായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ പ്രതിരോധ വകുപ്പ് പണം അടിച്ചുമാറ്റുന്ന ഉപകരണമായിരുന്നുവെന്ന് ആരോപിച്ച മോദി സൈന്യത്തിനു വേണ്ടി എല്ലാം ചെയ്തുവെന്നും അക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന സന്ദേശം നല്‍കാന്‍ കഴിഞ്ഞുവെന്നും പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."