സഊദിയിലെ സ്വകാര്യ, വിദേശ സ്‌കൂളുകളിൽ മാനേജർ തസ്‌തികകൾ സ്വദേശികൾക്ക് മാത്രം
റിയാദ്: സഊദിയിലെ സ്വകാര്യ, വിദേശ സ്‌കൂളുകളിൽ മാനേജർമാർ ഇനി സ്വദേശികൾ മാത്രം. ആഗസ്റ്റ് 20 ആരംഭിക്കുന്ന പുതിയ ഹിജ്‌റ വർഷത്തോടെ ഈ തസ്‌തികയിൽ ഇനി സ്വദേശികൾ മാത്രമായിരിക്കും ജോലിയിലുണ്ടാകുക. സഊദി വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. സ്കൂൾ മാനേജരായി സ്വദേശികൾ നിയമിക്കപ്പെടുന്നതോടെ 4000 സ്വദേശികൾക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് തൊഴിൽ നഷ്‌ടപ്പെടും.
അതേസമയം, നിയമിക്കപ്പെടുന്ന സഊദി ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ മാനദണ്ഡങ്ങൾ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വിദേശ വിദ്യാലയങ്ങൾ ആയതിനാൽ ആവശ്യമായ വിദ്യാഭ്യാസങ്ങളും ഇംഗ്ളീഷ് ഭാഷ പരിജ്ഞാനവും വിദേശ അന്താരാഷ്ട്ര സ്‌കൂളുകളിലാണ് നിയമനമെങ്കിൽ സ്‌കൂളിന്റെ പാഠ്യപദ്ധതിയിലെ ഭാഷ അറിഞ്ഞിരിക്കുകയും വേണം. സ്‌കൂളിന്റെ ചിലവിൽ മന്ത്രാലയം നടത്തുന്ന നിയമനം ഒരു വർഷത്തേക്ക് പരിശീലനാടിസ്ഥാനത്തിലായിരിക്കും. ഇതിനു ശേഷം മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെകിൽ കരാർ പുതുക്കാവുന്ന തരത്തിലായിരിക്കും നിയമനം. കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കാനിരുന്ന നിയമം, സ്വകാര്യ, വിദേശ വിദ്യാലയങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താനായി സാവകാശം അനുവദിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."