പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി പിടിച്ചെടുക്കുമെന്ന് കെ.പി.എം.എസ്
തൊടുപുഴ: പാട്ടക്കാലാവധി കഴിഞ്ഞതും അനധികൃതമായി കൈവശം വച്ച് അനുഭവിക്കുന്നതുമായ ഭൂമി പിടിച്ചെടുക്കുമെന്ന് കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിന്റെ പ്രമേയം. മിച്ചഭൂമിയും വനഭൂമിയും സമ്പന്നവിഭാഗങ്ങള്‍ കൈവശപ്പെടുത്തിയതുമൂലം ലക്ഷക്കണക്കിനാളുകള്‍ ഭൂരഹിതരാണ്. ഇവര്‍ക്ക് കൃഷിഭൂമി ലഭ്യമാക്കണം. ഇതിനായി ഭൂരഹിതരായ മുഴുവന്‍ ജനങ്ങളെയും സംഘടിപ്പിച്ച് പാട്ടക്കാലാവധികഴിഞ്ഞ ഭൂമി പിടിച്ചെടുക്കുന്നതിന് കേരളപ്പിറവിദിനത്തില്‍ തുടക്കം കുറിക്കും.
സമരത്തിന് മുന്നോടിയായി നാല് മേഖലകള്‍ കേന്ദ്രീകരിച്ച് ഭൂരഹിത കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. കാസര്‍കോഡ് മുതല്‍ പാറശാല വരെ പ്രചാരണജാഥ നടത്തും. സംസ്ഥാനത്ത് തരിശിട്ടിരിക്കുന്ന കൃഷിഭൂമി പിടിച്ചെടുത്ത് കര്‍ഷക തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുക, എച്ച്എന്‍എല്‍ സ്വകാര്യവല്‍ക്കരണ നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയുക, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കൊടുക്കുന്ന ആനുകൂല്യം പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും നല്‍കുക, സര്‍ക്കാര്‍ ഭൂമി കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക, ദേശീയതൊഴിലുറപ്പ് പദ്ധതിയില്‍ മുന്നൂറ് ദിവസം പിന്നിട്ട തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി.
പൊതുചര്‍ച്ചയ്ക്ക് ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് മറുപടി പറഞ്ഞു. തുടര്‍ന്ന് ഭരണഘടനാ ഭേദഗതി കരട്‌രേഖ സംഘടനാ സെക്രട്ടറി കെ എ തങ്കപ്പന്‍ അവതരിപ്പിച്ചു. ടി.വി ബാബു, എന്‍. കെ നീലകണ്ഠന്‍ മാസ്റ്റര്‍, വി .സി ശിവരാജന്‍, കെ. കെ. രാജന്‍, ശിവന്‍ കോഴിക്കമായി എന്നിവര്‍ സംസാരിച്ചു.
ഇന്ന് മൂന്നിന് തൊടുപുഴ മൗര്യഗാര്‍ഡനില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം ടൗണ്‍ ചുറ്റി മങ്ങാട്ടുകവലയില്‍ സമാപിക്കും. അഞ്ചിന് ചേരുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്യും. കെപിഎംഎസ് സംസ്ഥാനപ്രസിഡന്റ് എന്‍. കെ. നീലകണ്ഠന്‍ മാസ്റ്റര്‍ അധ്യക്ഷനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."