തണലൊരുക്കി മുട്ടില്‍ യതീംഖാന; 44 യുവതികള്‍ക്ക് മംഗല്യസൗഭാഗ്യം
ഷഫീഖ് മുണ്ടക്കൈ
മുട്ടില്‍(വയനാട്): മുട്ടില്‍ യതീംഖാനയുടെ അങ്കണത്തില്‍ ഒരുക്കിയ പന്തലിലും കതിര്മണ്ഡപത്തിലുമായി 44 യുവതികള്‍ക്ക് മംഗല്യസൗഭാഗ്യം. വയനാട് മുസ്ലിം ഓര്‍ഫനേജ് സംഘടിപ്പിച്ച പതിനഞ്ചാമത് സ്ത്രീധന രഹിത സമൂഹവിവാഹ സംഗമത്തിലാണ് ഹിന്ദു, മുസ്ലിം കുടുംബങ്ങളില്‍ നിന്നുള്ള 88 യുവതീ-യുവാക്കള്‍ ആയിരങ്ങളുടെ ആശീര്‍വാദത്തോടെ പുതുജീവിതത്തിലേക്ക് കാലെടുത്തുവച്ചത്. പ്രത്യേകം സജ്ജമാക്കിയ കതിര്‍മണ്ഡപത്തില്‍ ഇന്നലെ രാവിലെ 9.30 മുതല്‍ 10.30 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ആറ് ഹൈന്ദവ സഹോദരിമാരുടെ മിന്നുകെട്ടാണ് ആദ്യം നടന്നത്. ഉച്ചക്ക് പന്ത്രണ്ടു മണിയോടെ പൊതുസമ്മേളന വേദിയിലാണ് നികാഹ് കര്‍മ്മങ്ങള്‍ നടന്നത്. എല്ലാ നികാഹുകളും ഒരുമിച്ചു നടത്താന്‍ പറ്റുന്ന വിധത്തിലായിരുന്നു പന്തലിന്റെ സജ്ജീകരണം. ഡബ്ല്യു.എം.ഒയുടെ സംരക്ഷണത്തിലുള്ള ആറു പേര് സംഗമത്തില്‍ വിവാഹിതരായി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്്ലിയാര്‍, കെ.പി അഹമ്മദ് കുട്ടി ഫൈസി, എസ്. മുഹമ്മദ് ദാരിമി, മഹല്ല് ഖത്തീബുമാര്‍ എന്നിവര്‍ നികാഹിന് നേതൃത്വം നല്കി. കരുവാരക്കുണ്ട് സമന്വയാശ്രമം ഗുരു സ്വാമി ആത്മദാസ് യമി ധര്‍മപക്ഷ, അപൂര്‍വാശ്രമം കണ്ണൂര്‍ സ്വാമിനി പ്രേം വൈശാലി, ഈശ്വരന് നമ്പൂതിരി എന്നിവര്‍ താലികെട്ട് കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. വധുവിന് അഞ്ച് പവന് സ്വര്‍ണ്ണാഭരണങ്ങളും വരന് ഒരു പവന് സമ്മാനവും വിവാഹവസ്ത്രവുമാണ് ഡബ്ല്യു.എം.ഒ നല്‍കിയത്. 2005ലാണ് ഡബ്ല്യു.എം.ഒ സ്ത്രീധന രഹിത വിവാഹസംഗമത്തിന് തുടക്കമിട്ടത്. തുടര്‍ന്നിങ്ങോട്ട് ഇന്നലെ നടന്ന വിവാഹ സംഗമത്തിലുള്‍പ്പെടെ 1894 പേരാണ് യതീംഖാനയുടെ തണലില്‍ കുടുംബജീവിതം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."