സംസ്ഥാനത്ത് ശക്തമായ മിന്നലിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്ന വേനല്‍ മഴയോടനുബന്ധിച്ച് ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് എട്ട് മണിവരെയുള്ള സമയത്ത് ഉണ്ടാകാനിടയുള്ള ഇടിമിന്നല്‍ അപകടകാരികളാണെന്നും അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുമെന്നും അതോറിറ്റിയുടെ മുന്നറിയിപ്പിലുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുകയും ജനലും വാതിലും അടച്ചിടുകയും വേണം. ഫോണ്‍ ഉപയോഗിക്കാതിരിക്കുക, കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്നത്. മിന്നലിന്റെ ആഘാതത്തില്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുതി പ്രവാഹം ഇല്ല എന്ന് മനസിലാക്കിയ ശേഷം പ്രഥമ ശുശ്രൂഷ നല്‍കണമെന്നും മിന്നലേറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് സുരക്ഷക്കായിട്ടുള്ള സുവര്‍ണ നിമിഷങ്ങളാണെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."