ഉത്തരം കിട്ടുംവരെ ചോദ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനുണ്ടായ പങ്കിനെക്കുറിച്ച് ഒരോ ദിവസവും പുതിയ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ രോഷാകുലനായി പ്രതികരിക്കുകയുണ്ടായി. പിന്നാലെ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ രൂക്ഷമായ സൈബര്‍ ആക്രമണവുമാണ് ഉണ്ടായത്. വനിതാ മാധ്യമപ്രവര്‍ത്തകരെ മ്ലേച്ഛമായ ഭാഷയില്‍ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടും തന്റെ ശ്രദ്ധയില്‍പെട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമാണ്. മാധ്യമലോകത്തില്‍ നിന്നുണ്ടായ രൂക്ഷമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന്, ഇപ്പോള്‍ ഇതേപറ്റി അന്വേഷിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടിരിക്കുകയാണ്. കേരള പത്രപ്രവര്‍ത്തക യൂനിയനും ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം ആരംഭിച്ചെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ചില സംഭവങ്ങളില്‍ ശക്തമായ എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഉണ്ടാകുമ്പോള്‍ അതു തണുപ്പിക്കാന്‍ സര്‍ക്കാരുകളുടെ 'ഒറ്റമൂലി' അന്വേഷണ പ്രഹസനങ്ങളുടെ ഗണത്തിലേക്ക് തള്ളരുത് ഇതു സംബന്ധിച്ച അന്വേഷണവും.
വലിയ വിവാദമുണ്ടാക്കിയ സ്പ്രിംഗ്‌ളര്‍ അഴിമതിയെ സംബന്ധിച്ച അന്വേഷണം ഇപ്പോള്‍ നിലച്ചമട്ടാണ്. അന്വേഷണ സമിതി ചെയര്‍മാന് മറ്റൊരു ചുമതല നല്‍കി അന്വേഷണം മരവിപ്പിച്ചിരിക്കുകയാണിപ്പോള്‍. പ്രതിപക്ഷ എം.പിമാര്‍ പൊലിസില്‍ നല്‍കുന്ന പരാതികള്‍ പോലും പരിഗണിക്കാത്ത ഒരു കാലമാണിതെന്ന് പറഞ്ഞത് കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനാണ്. ഇത്തരമൊരു ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള സൈബര്‍ ആക്രമണങ്ങളെക്കുറിച്ചുള്ള ഹൈടെക്ക് ക്രൈം എന്‍ക്വയറി സെല്‍, പൊലിസ് സൈബര്‍ ഡോം എന്നീ ഏജന്‍സികളുടെ സംയുക്താന്വേഷണ ഫലത്തെക്കുറിച്ചും ആശങ്കയോടെ മാത്രമേ കാണാനാകൂ. മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ കാറു കയറ്റി കൊലപ്പെടുത്തിയ ഐ.എ.എസ് ഓഫിസര്‍ ഒരു ദിവസം പോലും ലോക്കപ്പില്‍ കിടക്കാതെ, സര്‍വിസില്‍ വിരാജിച്ചുകൊണ്ടിരിക്കുന്ന ഒരഭിശപ്ത കാലത്തിലൂടെയാണ് ഇന്നത്തെ കേരളം സഞ്ചരിക്കുന്നതെന്നു കൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തെ പരോക്ഷമായി പിന്തുണയ്ക്കുകയായിരുന്നു.
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ നാല് വര്‍ഷം കഴിഞ്ഞിട്ടും ഒരു പെറ്റിക്കേസുപോലും ചാര്‍ജ് ചെയ്യാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനായിട്ടില്ല. എന്നിട്ടും അദ്ദേഹത്തെക്കുറിച്ച് എണ്ണിയെണ്ണി പറയാമെന്ന് ആവര്‍ത്തിക്കുന്നതും മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് സ്വപ്നാ സുരേഷ് നടത്തിയ സ്വര്‍ണ കള്ളക്കടത്തിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമ്പോള്‍ കോപാകുലനാകുന്നതും എവിടുത്തെ ന്യായമാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് മാധ്യമ പടയെ കൂടെക്കൂട്ടി കാസര്‍ക്കോട്ട് നിന്നും അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് കേരളയാത്രാ നടത്താം. എന്നാല്‍, മുഖ്യമന്ത്രിയായ ശേഷം അവര്‍ 'കടക്ക് പുറത്ത്' എന്ന് കേള്‍ക്കേണ്ടവരാകുന്നതും എവിടത്തെ ന്യായമാണ്.
കേരളത്തിന്റെ മാധ്യമപ്രവര്‍ത്തന-രാഷ്ട്രീയ ചരിത്രത്തിന്റെ ഏടുകള്‍ മറിച്ചു നോക്കാന്‍ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ഈ സന്ദര്‍ഭത്തിലെങ്കിലും തയാറാകേണ്ടതുണ്ട്. സ്വാതന്ത്ര്യ സമര പോരാളിയും നിവര്‍ത്തന പ്രക്ഷോഭത്തിന്റെ നായകനുമായിരുന്ന സി. കേശവന്‍ തിരു-കൊച്ചി മുഖ്യമന്ത്രിയായി ശോഭിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഏറ്റവും കടുത്ത വിമര്‍ശകന്‍ ഏക മകനായിരുന്ന കെ. ബാലകൃഷ്ണനായിരുന്നു. അഴിമതിയുടെ ഏഴയലത്ത് പോലും സഞ്ചരിക്കാതിരുന്ന, മന്ത്രിപ്പണി കഴിഞ്ഞാല്‍ തന്റെ കൃഷിയിടത്തില്‍ കൃഷിപ്പണി ചെയ്തിരുന്ന മുഖ്യമന്ത്രിയെയായിരുന്നു പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്ന മകന്‍ കെ. ബാലകൃഷ്ണന്‍ പ്രസംഗങ്ങളിലൂടെയും കൗമുദി പത്രത്തിലൂടെയും അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നത്. മകനോട് അതിന്റെ പേരില്‍ തട്ടിക്കയറാനോ വീട്ടില്‍ നിന്നും 'കടക്ക് പുറത്ത്' എന്ന് പറയാനോ ആ മുഖ്യമന്ത്രി തുനിഞ്ഞില്ല. മാത്രമല്ല, മുഖ്യമന്ത്രി സി. കേശവന്‍ തന്റെ ആത്മകഥയായ ജീവിതസമരം എഴുതി തീര്‍ത്തപ്പോള്‍ അതിന് അവതാരിക എഴുതാന്‍ സമീപിച്ചത് തന്റെ നിത്യവിമര്‍ശകനായിരുന്ന സ്വന്തം മകന്‍ കെ. ബാലകൃഷ്ണനെയായിരുന്നുവെന്ന് ഇന്നത്തെ സൈബര്‍ പോരാളികളും ചോദ്യങ്ങള്‍ക്ക് നേരെ അസഹ്യത പ്രകടിപ്പിക്കുന്ന ഭരണകര്‍ത്താക്കളും ഓര്‍ക്കണം.
ഐക്യകേരളം യാഥാര്‍ഥ്യമാകുന്നതിന് മുന്‍പ് സ്വതന്ത്ര തിരുവിതാംകൂര്‍ സ്ഥാപിക്കാന്‍ ദിവാന്‍ സര്‍ സി.പി രാമസ്വാമി അയ്യര്‍ കിണഞ്ഞു ശ്രമിച്ചപ്പോള്‍ അതിനെ പരാജയപ്പെടുത്തിയത് കേരളത്തിലെ പത്രപ്രവര്‍ത്തരായിരുന്നുവെന്ന ചരിത്രവും കൂടി ഇന്നത്തെ ഭരണാധികാരികള്‍ മറക്കരുത്. ക്രൂരനായ ഏകാധിപതിയായ സര്‍ സി.പിക്ക് മുന്‍പില്‍ പോലും കീഴടങ്ങാത്ത പാരമ്പര്യമാണ് കേരളത്തിലെ പത്രപ്രവര്‍ത്തകരുടേത്. അവരുടെ പിന്‍മുറ നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. ഈ രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടിയാണ് അവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ കൊണ്ട് നേരിട്ടാലൊന്നും അവര്‍ പിന്‍മാറുകയില്ല. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ഒരു പരിധിവരെ പരാജയപ്പെടുത്താന്‍ കഴിഞ്ഞേക്കും. അപ്പോഴും ചോദ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും. അത്തരം ചോദ്യങ്ങളിലൂടെയാണ് ഈ രാജ്യവും ജനാധിപത്യവും നിലനില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."