നാദാപുരത്ത് 76 ബൂത്തില്‍ സുരക്ഷ കര്‍ശനമാക്കും; ഒരിടത്ത് അതീവ സുരക്ഷ
നാദാപുരം: തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ നാദാപുരത്ത് കനത്ത ജാഗ്രത. സ്റ്റേഷന്‍ പരിധിയിലെ എഴുപത്തേഴ് ബൂത്തില്‍ എഴുപത്താറിടത്തും വന്‍ സുരക്ഷയൊരുക്കും. അതീവ ജാഗ്രത വേണമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിഷ്ണുമംഗലം ബൂത്തില്‍ പ്രത്യേക സുരക്ഷ ഒരുക്കാനും തീരുമാനമായി.
മൊത്തം ബൂത്തിനെ നാലു വീതം സെക്ടര്‍ ഓഫിസര്‍മാര്‍ക്കാണ് വിഭജിച്ചു നല്‍കിയിരിക്കുന്നത്. ഇവരുടെ കീഴില്‍ ആവശ്യമുള്ളയിടങ്ങളില്‍ കേന്ദ്ര സേനയെയും വിന്യസിക്കും. ഇതിനായി ഒരു കമ്പനി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് നാദാപുരത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
നേരത്തെ തെരഞ്ഞെടുപ്പിനെ ചൊല്ലി ബൂത്തുകളില്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ പിന്നീട് മേഖലയിലെ ക്രമസമാധാന പ്രശ്‌നമായി വളരുന്നത് ജില്ലാ ഭരണകൂടത്തിനും പൊലിസിനും തലവേദനയായിരുന്നു. ഇതൊഴിവാക്കാനുള്ള ശ്രമമാണ് പൊലിസ് നടത്തുന്നത്.
എന്നാല്‍, പ്രശ്‌ന ബൂത്തുകളുടെ നിര്‍ണയത്തെച്ചൊല്ലി ഇരു മുന്നണികളും തര്‍ക്കത്തിലാണ്. യു.ഡി.എഫ് ആധിപത്യമുള്ള ബൂത്തുകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യം എല്‍.ഡി.എഫ് ഉന്നയിക്കുമ്പോള്‍ തങ്ങളുടെ പ്രദേശങ്ങളിലെ ബൂത്തുകള്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചതായി യു.ഡി.എഫും ആരോപിക്കുന്നു.
അതിനിടെ മാവോയിസ്റ്റ് സാന്നിധ്യം ആരോപിക്കുന്ന വളയം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വിലങ്ങാട്, കണ്ടിവാതുക്കല്‍ പ്രദേശങ്ങളിലെ മലയോര ബൂത്തുകളില്‍ സുരക്ഷാ സംവിധാനം കര്‍ശനമാക്കും. ഇതിനായി മേഖലയില്‍ കൂടുതല്‍ പൊലിസുകാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."