കോട്ടപറമ്പ് ആശുപത്രി വികസനം സ്വന്തം നേട്ടമാക്കാനുള്ള എല്‍.ഡി.എഫ് ശ്രമം പരിഹാസ്യം: യു.ഡി.എഫ്
കോഴിക്കോട്: സൗത്ത് മണ്ഡലത്തില്‍പ്പെട്ട കോട്ടപറമ്പ് ആശുപത്രിയുടെ വികസനവും എന്‍.എ.ബി.എച്ച് അംഗീകാരവും സ്വന്തം വികസന നേട്ടമാക്കി പ്രചരിപ്പിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. പ്രദീപ്കുമാറിന്റെ നടപടി പരിഹാസ്യമാണെന്ന് യു.ഡി.എഫ്.
2011 മുതല്‍ സൗത്ത് മണ്ഡലം എം.എല്‍.എയായ എം.കെ മുനീറാണ് കോട്ടപറമ്പ് ആശുപത്രി വികസനത്തിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചത്. 2013 ഡിസംബര്‍ 13ന് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ആശുപത്രിക്ക് എന്‍.എ.ബി.എച്ച് അംഗീകാരം ലഭിക്കുന്നത്. ആശുപത്രി വികസനത്തിനായി എല്ലാ സഹായങ്ങളും ലഭ്യമാക്കിയത് യു.ഡി.എഫ് സര്‍ക്കാരായിരുന്നു. എന്‍.എ.ബി.എച്ച് അംഗീകാരം നല്‍കുന്നതിന് ആശുപത്രിയില്‍ എത്തിയ കേന്ദ്ര സംഘവുമായി നിരവധി ചര്‍ച്ച നടത്തിയതും എം.കെ മുനീറായിരുന്നു. 2018ല്‍ അംഗീകാരം പുതുക്കി, 2017ല്‍ നാഷണല്‍ ക്വാളിറ്റി അഷൂറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിക്കാന്‍ കാരണമായ പ്രവര്‍ത്തനങ്ങളാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയത്. 2018ല്‍ ലേബര്‍ റൂം ഓപറേഷന്‍ തിയറ്റര്‍ മികവുറ്റതാക്കിയതിനുള്ള ലക്ഷ്യ അവാര്‍ഡ് നേടിയെടുത്തു. ഏഴ് വര്‍ഷകാലം പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. എന്നാല്‍ ആശുപത്രിയെ മികവുറ്റ കേന്ദ്രമാക്കാന്‍ യു.ഡി.എഫ് ചെയ്ത വികസന പ്രവൃത്തികള്‍ സ്വന്തം പേരിലാക്കി പേരും വോട്ടും നേടാനാണ് എല്‍.ഡി.എഫ് ശ്രമിച്ച് കൊണ്ടിരിക്കുന്നത്. നഗരറോഡുകളുടെ വികസനത്തിലും ഇടത് സ്ഥാനാര്‍ഥി കാര്യമായ പങ്ക് വഹിച്ചിട്ടില്ല. റോഡ് ഫണ്ട് ബോര്‍ഡിന്റെ നേതൃത്വത്തില്‍ നഗരത്തിലെ ആറു റോഡുകളുടെ വികസനം യാഥാര്‍ത്ഥ്യമാക്കിയത് എം.കെ മുനീര്‍ എം.എല്‍.എയായിരുന്നു. ഭൂമി ഏറ്റെടുക്കല്‍ മുതല്‍ പണി പൂര്‍ത്തികരിക്കും വരെ നേതൃത്വം നല്‍കിയത് യു.ഡി.എഫ് സര്‍ക്കാരാണ്. പിന്നീട് എല്‍.ഡി.എഫ് അധികാരത്തില്‍ എത്തുകയും പൂര്‍ത്തിയായ പദ്ധതിയുടെ ഉദ്ഘാടനം നടത്തി പേര് സ്വന്തമാക്കുകയുമായിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് ഉള്‍പ്പെടെ തുക പ്രഖ്യാപിച്ചെന്ന് ജനങ്ങളെ വിശ്വാസിപ്പിച്ച് വോട്ട് നേടാനാണ് കോഴിക്കോട് മണ്ഡലം ഇടത് സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതെന്ന് യു.ഡി.എഫ് സൗത്ത് നിയോജക മണ്ഡലം ചെയര്‍മാന്‍ അഡ്വ. എസ്.വി ഉസ്മാന്‍കോയ, ജനറല്‍ കണ്‍വീനര്‍ മനോളി ഹാഷിം എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."