ലബ്നാന്‍: കടക്കെണിയില്‍ ഉഴലുന്ന രാജ്യം
ബൈറൂത്ത്: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം 2019ല്‍ അന്നത്തെ പ്രധാനമന്ത്രി സഅദ് അല്‍ ഹരീരിയുടെ കാലത്ത് തന്നെ ലബ്നാനില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടായിരുന്നു.
രാജ്യത്തിന്റെ പേരില്‍ കുമിഞ്ഞുകൂടിയ കടവും അഴിമതിയും കൂടിയതോടെ ലബ്നാന്‍ ജനത തെരുവിലിറങ്ങുകയായിരുന്നു. ലോകബാങ്കിന്റെ കണക്കു പ്രകാരം ലബ്നാനിലെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്നും ദാരിദ്ര്യ നിരക്കിന് താഴെയാണ്.
യുവാക്കളില്‍ 35 ശതമാനം പേര് തൊഴിലില്ലാതെ കഴിയുകയാണ്. രാജ്യത്തെ ആകെ തൊഴിലില്ലായ്മ 25 ശതമാനമാണ്. 9,200 കോടി ഡോളറാണ് രാജ്യത്തിന്റെ കടം. രാജ്യത്തിന്റെ ജി.ഡി.പിയുടെ 170 ശതമാനം വരുമിത്.
ലോകത്തിലെ ഏറ്റവും വലിയ കടബാധ്യതകളിലൊന്നാണ് ലബ്നാനു മേലുള്ളത്.രാജ്യത്തിന്റെ 50 ശതമാനം വരുമാനവും കടബാധ്യത തീര്‍ക്കാന്‍ വേണ്ടി വിനിയോഗിക്കുകയാണ്.
ഇതിനു പുറമെ അധികാരതലത്തില്‍ നടക്കുന്ന അഴിമതിയും രൂക്ഷമാണ്.
15 വര്‍ഷം നീണ്ടുനിന്ന 1975-89 ലെ ആഭ്യന്തര യുദ്ധത്തിന്റെ ആഘാതത്തില്‍ നിന്നും രാജ്യം ഇനിയും കരകയറിയിട്ടില്ല. യുദ്ധശേഷമുള്ള കടമാണ് രാജ്യം ഇപ്പോള്‍ അടച്ചുതീര്‍ത്തു കൊണ്ടിരിക്കുന്നത്.
രാജ്യത്തെ പൊതുമേഖല തകര്‍ച്ചയുടെ വക്കിലാണ്. ഭക്ഷ്യവിഭവങ്ങളുടെ വില 80 ശതമാനത്തിനു മുകളിലാണ്. പലയിടത്തും വൈദ്യതി ലഭിക്കുന്നുമില്ല.
അടിസ്ഥാന സൗകര്യങ്ങളില്ല. ആശുപത്രികളുടെയും സ്കൂളുകളുടെയും അവസ്ഥ ശോചനീയമാണ്. ഇന്റര്‍നെറ്റ് ലഭ്യതയിലും വളരെ പിന്നിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."