കര്‍ണാടകയില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷം പൊലിസ് വെടിവയ്പില്‍ മൂന്നു മരണം
ബംഗളൂരു: പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലിസ് വെടിവയ്പ്. മൂന്നുപേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ 60 പൊലിസുകാര്‍ക്കും രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരുക്കേറ്റു.
വിദ്വേഷ പോസ്റ്റിട്ടതിനു ബംഗളൂരു പുലികേശി നഗര്‍ കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു നവീനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ നേതാവുള്‍പ്പെടെ 110 പേരെയും പൊലിസ് അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ നേതാവ് മുസമ്മില്‍ പാഷയാണ് പിടിയിലായത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് സി.ആര്‍.പി.എഫ് ജവാന്മാരെ വ്യന്യസിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ഡി.ജെ ഹള്ളി, കാവല്‍ ബൈരസന്ദ്ര ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാത്രിയാണ് അക്രമം നടന്നത്. പ്രതിഷേധക്കാര്‍ എം.എല്‍.എയുടെ കാവല്‍ ബൈരസന്ദ്രയിലെ വീട് ആക്രമിച്ചു. ഇതിനിടെ പൊലിസ് വെടിവയ്ക്കുകയായിരുന്നു. ഡി.ജെ ഹള്ളി, കെ.ജി ഹള്ളി പൊലിസ് സ്റ്റേഷനുകള്‍ക്കു നേരെ അക്രമമുണ്ടായതായും പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ കത്തിച്ചതായും പൊലിസ് പറഞ്ഞു. അതേസമയം, രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്നവരെ ബലം പ്രയോഗിച്ച് പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് അറസ്റ്റിലായവരില്‍ ചിലരുടെ ബന്ധുക്കള്‍ ആരോപിച്ചു. തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്തതാണെന്നും താനല്ല വിവാദ പോസ്റ്റിട്ടതെന്നുമാണ് നവീന്റെ പ്രതികരണം.
സംഘര്‍ഷം ആസൂത്രിതമാണെന്നും നഷ്ടപരിഹാരമായി കുറ്റവാളികളുടെ സ്വത്ത് കണ്ടുകെട്ടുമെന്നും മന്ത്രി സി.ടി രവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."