രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമം മറന്നും പൊറുത്തും മുന്നോട്ട്: ഗെലോട്ട്
ജയ്പൂര്‍: സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമതനീക്കത്തെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമിട്ടെന്ന സൂചനകള്‍ നല്‍കി മുഖ്യമന്ത്രി അശോക് ഗെലോട്ട്.
എല്ലാം മറന്നും പൊറുത്തും മുന്നോട്ടുപോകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ജെയ്‌സാല്‍മീറില്‍ എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഗെലോട്ടിന്റെ പ്രഖ്യാപനം.
ഉടമ്പടിയില്‍ അവര്‍ അസ്വസ്ഥരാണെന്നും എന്നാല്‍ എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അവരില്‍ അസ്വസ്ഥത ഉണ്ടാവുമെന്നത് സ്വാഭാവികമാണ്. കഴിഞ്ഞുപോയ സംഭവവികാസങ്ങളുടെ രീതി നോക്കുമ്പോള്‍ അത് സ്വാഭാവികം. താന്‍ എല്ലാ കാര്യങ്ങളും അവരോട് വിശദീകരിച്ചിട്ടുണ്ട്. രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങളെയും ജനാധിപത്യത്തെയും സേവിക്കുമ്പോള്‍ നാം സഹിഷ്ണുത കാണിക്കേണ്ടി വരുമെന്ന് അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഗെലോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നാം തെറ്റുകള്‍ പൊറുക്കണം. അത് ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് വേണ്ടിയാണ്. ജനാധിപത്യം അപകടത്തിലാണ്. നൂറിലധികം എം.എല്‍.എമാര്‍ തന്നോടൊപ്പമുണ്ട്. അത് വളരെ ശ്രദ്ധേയമാണ്. ഈ പോരാട്ടം ജനാധിപത്യത്തെ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. മധ്യപ്രദേശില്‍ നടപ്പാക്കിയത് രാജസ്ഥാനിലും നടപ്പാക്കുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടു. ജനാധിപത്യം സംരക്ഷിക്കാന്‍ തങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.
ജൂലൈ ആദ്യത്തിലാണ് സച്ചിനും 18 എം.എല്‍.എമാരും ഗെലോട്ട് സര്‍ക്കാരിനെതിരേ വിമതനീക്കം തുടങ്ങിയത്. തുടര്‍ന്ന് കോണ്‍ഗ്രസ് സച്ചിനെ ഉപമുഖ്യമന്ത്രി, പാര്‍ട്ടി അധ്യക്ഷ സ്ഥാനങ്ങളില്‍നിന്നു നീക്കിയിരുന്നു.
രണ്ടു ദിവസം മുന്‍പ് സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അനുരഞ്ജന ധാരണയായത്. ഉപമുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും സച്ചിന് തിരികെ ലഭിച്ചേക്കും. 14നാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്. ഗെലോട്ടും സച്ചിനും ഇന്ന് കൂടിക്കാഴ്ച നടത്തും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."