കപ്പയ്ക്ക് വിലയുയരുന്നു; പ്രതീക്ഷയോടെ കര്‍ഷകര്‍
വൈക്കം: കപ്പയുടെ വില കുതിച്ചുയരുന്നത് കര്‍ഷകരെ ആവേശത്തിലാക്കുന്നു. മുന്‍കാലങ്ങളില്‍ വിളവെടുപ്പ് നല്ലരീതിയില്‍ നടക്കാറുണ്ടെങ്കിലും കോരിച്ചൊരിയുന്ന മഴയില്‍ വിലയിടിയുകയും വെള്ളം കയറി കപ്പ ചീഞ്ഞുപോകുന്ന അവസ്ഥയുമായിരുന്നു. ഇതേത്തുടര്‍ന്ന് വൈക്കത്തെ വടയാര്‍, വെള്ളൂര്‍, തലയാഴം, മുണ്ടാര്‍, ഉല്ലല, ഇടയാഴം, കല്ലറ ഭാഗങ്ങളില്‍ കൃഷി നടത്തിയ കപ്പ കര്‍ഷകരെ മുന്‍കാലങ്ങളില്‍ മഴ കണ്ണീരിലാഴ്ത്തിയിരുന്നു.
എന്നാല്‍ ഇവര്‍ക്കെല്ലാം വലിയ നേട്ടാണ് ഉണ്ടായിരിക്കുന്നത്. ഒരു കിലോ കപ്പയ്ക്ക് കര്‍ഷകര്‍ക്ക് 17 രൂപ വരെ ലഭിക്കുന്നുണ്ട്. ഇടനിലക്കാര്‍ ഇത് മാര്‍ക്കറ്റില്‍ 25 രൂപ മുതല്‍ 30 രൂപയ്ക്ക് വരെ വില്‍പന നടത്തുന്നു.
മുണ്ടാറിലെ കര്‍ഷകര്‍ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടു ഓട്ടോറിക്ഷയിലും മറ്റും കച്ചവടം നടത്തി വന്‍ലാഭമാണ് കൊയ്യുന്നത്. തലയാഴം പഞ്ചായത്തിലെ ചില സ്ഥലങ്ങളില്‍ ഓരുവെള്ളം ചെറിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ചും കര്‍ഷകര്‍ മികച്ച വിളവെടുപ്പാണ് നടത്തിയത്. തലയാഴം, കല്ലറ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കൃഷി നടന്നത്.
രണ്ടു പഞ്ചായത്തുകളുടെയും പരിധിയില്‍പെടുന്ന ഒന്നാം ബ്ലോക്കില്‍ രണ്ടായിരത്തിലധികം ഏക്കറില്‍ കപ്പ കൃഷി നടന്നിട്ടുണ്ട്. അഞ്ചു മാസം കൊണ്ട് വിളവെടുക്കുന്ന മിക്‌സ്ച്ചര്‍ ഇനത്തില്‍പ്പെട്ട കപ്പയാണ് ഇവരെല്ലാം കൃഷി നടത്തിയത്.
മഴയെ പേടിച്ചാണ് മിക്‌സ്ച്ചര്‍ ഇനത്തില്‍പ്പെട്ട കപ്പ നടുന്നത്. എന്നാല്‍ സിലോണ്‍ ഇനത്തില്‍പ്പെട്ട കപ്പയാണെങ്കില്‍ ഇതില്‍കൂടുതല്‍ വിളവും, കപ്പക്കോല്‍ മറ്റൊരു ആദായമായിരിക്കുമെന്നും കര്‍ഷകര്‍ പറയുന്നു. മിക്‌സ്ച്ചര്‍ ഇനത്തില്‍പ്പെട്ട കപ്പയുടെ കോല്‍ വീണ്ടും ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതൊരു വരുമാന നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുന്നത്. ചില സ്ഥലങ്ങളില്‍ മഴയുടെ പ്രശ്‌നങ്ങളെ തള്ളി സിലോണ്‍ ഇനത്തില്‍പ്പെട്ട കപ്പ നട്ട് കപ്പക്കോലില്‍ നിന്നും ലാഭം കൊയ്യുന്ന കര്‍ഷകരുമുണ്ട്. ഒരു കപ്പക്കോലിന് അഞ്ചു രൂപ വരെ വില ലഭിക്കുന്നു. ഇതില്‍ നിന്നും എട്ടു ചുവടുവരെ നടാം.
ശക്തമായ വെയിലില്‍ കര്‍ഷകര്‍ കപ്പ ഉണക്കുന്നുമുണ്ട്. ഉണക്കകപ്പയ്ക്കും മാര്‍ക്കറ്റില്‍ നല്ല ഡിമാന്റാണ്. പ്രമേഹം, അള്‍സര്‍ അസുഖങ്ങളുള്ളവര്‍ പച്ചകപ്പയ്ക്ക് പകരം ഉണക്ക കപ്പയാണ് ഉപയോഗിക്കുന്നത്. ആയുര്‍വേദവും അലോപ്പതിയും ഹോമിയോയുമെല്ലാം ഉണക്കകപ്പ കഴിക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ല. കപ്പ കൃഷിയിലെ വന്‍ലാഭം വര്‍ഷകാലത്ത് നെല്‍കൃഷിയൊരുക്കുന്നവര്‍ക്ക് വലിയ പ്രചോദനമാണ് നല്‍കിയിരിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."