പാര്‍ലമെന്റിന്റെയും കോടതികളുടെയും അധികാരങ്ങള്‍ മോദി സര്‍ക്കാര്‍ കവര്‍ന്നെടുത്തു: എസ്. രാമചന്ദ്രന്‍പിള്ള
ഹരിപ്പാട്: പാര്‍ലമെന്റിന്റേയും കോടതികളുടേയും മറ്റ് ജനാധിപത്യ സ്ഥാപനങ്ങളുടെയും അധികാരങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കവര്‍ന്നെടുത്തുവെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള പറഞ്ഞു. ലോക്‌സഭാ തെഞ്ഞെടുപ്പിന്റെ ഭാഗമായി എല്‍.ഡി.എഫ് മുതുകുളത്ത് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പ് ഉയര്‍ത്തുന്ന പ്രശ്‌നം ഇനി തിരഞ്ഞെടുപ്പോ പാര്‍ലമെന്റോ ഭരണഘടനയോ വേണ്ടയോ വേണമോ എന്നുള്ളതാണ്.
വാഗ്ദാനങ്ങള്‍ വാരിക്കോരി ചൊരിഞ്ഞ്് അധികാരത്തിലെത്തിയ മോദിക്ക് ഒന്നു പോലും പാലിക്കാനായില്ല. പുതിയ ഇന്ത്യയെ സൃഷ്ടിക്കുമെന്നും നല്ല ദിവസങ്ങള്‍ വരുമെന്നുമാണ് പറഞ്ഞത്. എന്നാല്‍, പ്രായാസം അനുഭവിക്കുന്നവരുടെയും വീടില്ലാത്തവരുടെയും വിശപ്പനുഭവിക്കുന്നവരുടെയും രാജ്യമായി ഇന്ത്യമാറുകയാണുണ്ടായത്. തൊഴിലില്ലായ്മ 45കൊല്ലത്തിനിടയിലെ ഏറ്റവും ഉയരത്തിലെത്തി.സാധാരണക്കാരുടെ ഉളള വരുമാനം പോലും വിലക്കയറ്റം കവര്‍ന്നെടുത്തു.
കാര്‍ഷിക ഉല്പാദന ചെലവ് വര്‍ധിക്കുകയും കാര്‍ഷിക ഉല്പന്നങ്ങളുടെ വില ഇടിയുകയും ചെയ്തു.
നല്ല ദിവസം ഇന്ത്യയിലെ അതിസമ്പന്നരുടേത് മാത്രമായി മാറിയെന്നും എസ്.രാമചന്ദ്രന്‍പിളള പറഞ്ഞു. സി.പി.ഐ. മുതുകുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കാഞ്ഞിരത്തില്‍ ഗോപാലകൃഷ്ണപിളള അധ്യക്ഷനായി. എം.സത്യപാലന്‍, എം.സുരേന്ദ്രന്‍, ആര്‍.പ്രസാദ്, എന്‍.സഹദേവന്‍, കെ.വിജയകുമാര്‍, എന്‍.ശിവരാമന്‍നായര്‍, കെ.കരുണാകരന്‍, എന്‍.ദേവാനുജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."