'നവകേരള നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയം'
കൊച്ചി: പ്രളയാനന്തരപ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നുവെന്ന് എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍. പ്രളയം ദുരിതംവിതച്ച മേഖലകളില്‍ സാമ്പത്തികാശ്വാസത്തിന്റെ ആദ്യഗഢുപോലും കിട്ടാത്ത പലരും ഇപ്പോഴുമുണ്ട്. നവകേരള നിര്‍മാണം വാക്കുകളില്‍ മാത്രമായി ഒതുങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ഗാന്ധിക്ക് അനുകൂലമായ അന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. നിലവിലെ സാമൂഹിക സാമ്പത്തിക അന്തരീക്ഷവും യു.ഡി.എഫിന് അനുകൂലമാണ്. കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ ഫാസിസത്തിനെതിരെയുള്ള വിധിയെഴുത്താകും തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിഫ്ബി പദ്ധതികളോട് വിയോജിപ്പില്ല. എന്നാല്‍ ഇത്തരം പദ്ധതികള്‍ക്ക് കാലതാമസം വരുന്നതാണ് മടുപ്പുളവാക്കുന്നത്. പല പദ്ധതികളും തുടങ്ങിയ ഇടത്തുതന്നെ നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസങ്ങളെ മുറിവേല്‍പ്പിക്കരുതെന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. ഉമ്മന്‍ചാണ്ടിയായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഒരിക്കലും കേരളത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടലെടുക്കില്ലായിരുന്നു.
രാഷ്ട്രീയപരമായി കരുതി കൂട്ടിയുള്ള നീക്കമാണ് സോളാര്‍ കേസില്‍ തനിക്കെതിരായി ചുമത്തിയ എഫ്.ഐ.ആര്‍ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷമാണ് മൂന്ന് സ്ഥാനാര്‍ഥികള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇട്ടത്. മൂന്നു വര്‍ഷം മുന്‍പുള്ള പെറ്റീഷന്‍ മൂന്നു പേരിലേക്കു ചുരുങ്ങപ്പെട്ടു. തന്റെ സ്ഥാനാര്‍ഥിത്വം പലരും ഭയക്കുന്നതിന്റെ തെളിവാണ് ഇത് സൂചിപ്പിക്കുന്നന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ച കേരളത്തിലെ ജില്ല എറണാകുളമാണ്. നോട്ട് നിരോധനവും ജി.എസ്.ടിയുമൊക്കെ വന്‍തോതിലാണ് വാണിജ്യതലസ്ഥാനം കൂടിയായ എറണാകുളം മണ്ഡലത്തെ ബാധിച്ചത്.
കേരളത്തിന്റെ റവന്യൂ വിഹിതത്തിന്റെ 60-70 ശതമാനം വരെ എറണാകുളത്തുനിന്നാണ്.മാറി വരുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്ര ശ്രമിച്ചിട്ടും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് നവീകരിക്കുന്ന പദ്ധതികള്‍ കാര്യക്ഷമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. എന്‍ജിനീയറിങ് വിഭാഗത്തിലെ അപാകതകളാണ് ഇതിനു കാരണം.കൊച്ചി മെട്രോ നിര്‍മാണത്തില്‍ ആദ്യഘട്ടത്തിലുണ്ടായിരുന്ന വേഗത ഇപ്പോഴില്ല. കൊച്ചി മെട്രോ ഇന്‍ഫോ പാര്‍ക്ക്,ഫോര്‍ട്ട്‌കൊച്ചി, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലേക്ക് നീട്ടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."