മലപ്പുറത്ത് രണ്ടു പേര്‍ക്കു കോളറ സ്ഥിരീകരിച്ചതായി മന്ത്രി
തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്കു കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയെ അറിയിച്ചു. രോഗബാധിതരെന്നു സംശയിക്കുന്ന നാലുപേര്‍ നിരീക്ഷണത്തിലാണ്. ഈ വര്‍ഷം ജൂലൈ 14 മുതല്‍ 17 വരെ ജില്ലയില്‍ കുറ്റിപ്പുറം ഭാഗത്തുനിന്നു ഛര്‍ദ്ദി, അതിസാരം എന്നിവ ബാധിച്ച 84 പേര്‍ മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സ തേടിയതായും മന്ത്രി അറിയിച്ചു.
കുറ്റിപ്പുറം സി.എച്ച്.സിയില്‍ ചികിത്സ തേടിയവരില്‍ രണ്ടുപേരെ കിടത്തിചികിത്സിക്കുകയും നാലുപേരെ നിരീക്ഷണവിധേയമാക്കുകയും ചെയ്തിട്ടുണ്ട്. ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള ജില്ലാതല അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള രണ്ടു ഹോട്ടലുകളില്‍നിന്നു ഭക്ഷണം കഴിച്ചവര്‍ക്കാണ് രോഗബാധയെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് ഈ ഹോട്ടലുകള്‍ അടച്ചിടാന്‍ നടപടി സ്വീകരിച്ചു. കുറ്റിപ്പുറം ടൗണിനകത്തുള്ള ഓടകള്‍ പ്ലാസ്റ്റിക് അടക്കം വിവിധതരം ഖരമാലിന്യങ്ങള്‍ നിറഞ്ഞതുമൂലം അടഞ്ഞനിലയിലാണ്.
അടിയന്തരമായി ഓടകള്‍ വൃത്തിയാക്കുകയും ഖരമാലിന്യങ്ങള്‍ സംസ്‌ക്കരിക്കുകയും ചെയ്യാന്‍ പഞ്ചായത്ത്, മരാമത്ത് വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
സംശയംതോന്നിയ ഭൂജലവിതരണപദ്ധതി നിര്‍ത്തിവയ്പ്പിക്കുകയും സംശയാസ്പദമായ ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്റെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തു മൂന്നു ലാബുകളിലാണ് പരിശോധന നടക്കുന്നത്. ലാബുകളില്‍ സൗകര്യമില്ലാത്തതുമൂലം പരിശോധന മുടങ്ങിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."