വഖ്ഫ് പെന്‍ഷന്‍ തുക വര്‍ധിപ്പിക്കും
തിരുവനന്തപുരം: വിവിധ സാമൂഹികക്ഷേമ പദ്ധതികളുടെ ഭാഗമായി വഖ്ഫ് ബോര്‍ഡ് നല്‍കിവരുന്ന ക്ഷേമപെന്‍ഷനുകള്‍ 1,000 രൂപയായി വര്‍ധിപ്പിക്കും. തിരുവനന്തപുരത്തു ചേര്‍ന്ന വഖ്ഫ് ബോര്‍ഡിന്റെ പ്രത്യേക യോഗത്തിലാണ് തീരുമാനം. മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
വഖ്ഫ് ബോര്‍ഡിനുള്ള ഭരണനിര്‍വഹണ ഗ്രാന്‍ഡ് രണ്ടു കോടിയായി വര്‍ധിപ്പിച്ച സര്‍ക്കാറിനെയും ധനമന്ത്രിയേയും യോഗം അഭിനന്ദിച്ചു. വഖ്ഫ് നിയമനങ്ങള്‍ പി.എസ്.സിക്കു വിടാനുള്ള തീരുമാനം യോഗം അംഗീകരിച്ചു. വഖ്ഫ് സ്വത്തുകള്‍ തിട്ടപ്പെടുത്താനുള്ള സര്‍വേ നടപടികള്‍ ത്വരിതപ്പെടുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതികളിലെ പുരോഗതിയും വിലയിരുത്താന്‍ മൂന്നു മാസത്തിലൊരിക്കല്‍ മന്ത്രിയുടെ ചേംബറില്‍ അവലോകന യോഗം ചേരും.
വഖ്ഫ് ബോര്‍ഡ് ശാക്തീകരണത്തിനു കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ സംസ്ഥാനതല കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗംചേരാനും വരുമാനദായകമാകുന്നതരത്തില്‍ രൂപകല്‍പ്പനചെയ്ത കോഴിക്കോട്ടെയും മഞ്ചേരിയിലേയും വഖ്ഫ് കെട്ടിടങ്ങളുടെ നിര്‍മാണതടസം നീക്കി നിയമാനുസൃത അനുമതി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
അംഗങ്ങളായ ടി.പി അബ്ദുല്ലക്കോയ മദനി, എം.സി മായിന്‍ഹാജി, അഡ്വ. എം. ഷറഫുദ്ദീന്‍, അഡ്വ. പി.വി സൈനുദ്ദീന്‍, ഫാത്തിമ റോസ്‌ന, ബി.എം ജമാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."