നെല്ലിക്കുഴിയിലെ ഫര്‍ണിച്ചര്‍ വ്യവസായങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
കോതമംഗലം: കേരളത്തിലെ ഫര്‍ണിച്ചര്‍ വ്യവസായത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന നെല്ലിക്കുഴിയിലെ ഫര്‍ണിച്ചര്‍ വ്യവസായങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാകാതെ അടച്ച്പൂട്ടല്‍ ഭീഷണിയില്‍.
5000ത്തോളം തൊഴിലാളികളും300 ലധികം യൂനിറ്റുകളും കടുത്തപ്രതിസന്ധിയില്‍ ഇതിന് പല കാരണങ്ങള്‍ ഉള്ളതായി വിലയിരുത്തപ്പെടുന്നു. നോട്ട് നിരോധനത്തിന് ശേഷമുണ്ടായ സാമ്പത്തീകമാന്ദ്യം, തടി വിലവര്‍ധനവ്, നിര്‍മാണ ചിലവ്, തൊഴിലാളികളുടെ കൂലി വര്‍ധനവ്, സ്റ്റീല്‍ ഫര്‍ണിച്ചറുകളുടെ രംഗ പ്രവേശം എന്നീ കാരണങ്ങളും ഇവയില്‍പ്പെടുന്നു.
കോതമംഗലം നഗരസഭയില്‍പ്പെട്ട തങ്കളം മുതല്‍ നെല്ലിക്കുഴി, അശമന്നൂര്‍ പഞ്ചായത്തിലെ ഓടക്കാലി വരെ ആലുവ മൂന്നാര്‍ റോഡിന്റെ ഇരുവശങ്ങളിലുമായി മുന്നൂറിലേറെ ചെറുതും വലുതുമായ ഫര്‍ണിച്ചര്‍ സ്ഥാപനങ്ങളടങ്ങിയതാണ് നെല്ലിക്കുഴി ഫര്‍ണിച്ചര്‍ വ്യവസായം. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും ,ഇതര സംസ്ഥാനങ്ങളില്‍ നിന്നും, ചില വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും നെല്ലിക്കുഴി ഫര്‍ണിച്ചറിന്റെ മഹത്വം കേട്ടറഞ്ഞും അനുഭവിച്ചറിഞ്ഞും ആളുകള്‍ എത്താറുള്ളതായി കടയുടമകള്‍ പറയുന്നു. ആവശ്യക്കാരുടെ താത്പര്യമനുസരിച്ചുള്ള, പോക്കറ്റിലെ കനമനുസരിച്ചുള്ള വില കൂടിയതും കുറഞ്ഞതുമായ ഫര്‍ണിച്ചറുകളുടെ ശേഖരങ്ങള്‍ ഉണ്ടെന്നുള്ളതാണ് നെല്ലിക്കുഴി ഫര്‍ണിച്ചറുകളുടെ ശ്രദ്ധേയമായ വസ്തുത.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ ദിനംപ്രതി ഓരോ കടയിലും ലക്ഷക്കണക്കിന് രൂപയുടെ കച്ചവടമാണ് ഇവിടെ നടന്നിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ചില ദിവസങ്ങളില്‍ ആരും എത്താറില്ലെന്നും കടയുടമകള്‍ പറയുന്നു. പ്രതിസന്ധി മൂലം കോടിക്കണക്കിന് രൂപയുടെ ഫര്‍ണിച്ചറുകളാണ് ഓരോ കടകളിലും ഗോഡൗണുകളിലുമായി കെട്ടിക്കിടക്കുന്നത്. കച്ചവടം പതിന്മടങ്ങ് കുറഞ്ഞിരിക്കുന്നു.ഇതിനോടകം ചില ചെറിയ സ്ഥാപനങ്ങള്‍ അടച്ച് പൂട്ടിയിട്ടുമുണ്ട്.
പല ചെറുകിട കച്ചവടക്കാരും ബാങ്ക് ലോണ്‍ എടുത്താണ് സ്ഥാപനം തുടങ്ങിയത്.ഇപ്പോള്‍ ലോണ്‍ തിരിച്ചടക്കാനാകാതെ ജപ്തി ഭീഷണി നേരിടുകയാണ് പല സ്ഥാപനങ്ങളും അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധിജീവനക്കാരാണ് ഓരോ സ്ഥാപനത്തിലുമുള്ളത്. വേതനം നല്‍കാനില്ലാത്തതുമൂലം പലരെയും ഒഴിവാക്കേണ്ട അവസ്ഥയിലാണ് മിക്കവാറുംയൂനിറ്റുകള്‍.
കച്ചവട സ്ഥാപനങ്ങളോടനുബന്ധിച്ച് നിര്‍മാണ യൂനിറ്റുകളിലെ 'വിവിധ തൊഴിലുകള്‍ ചെയ്യുന്ന തൊഴിലാളികളായ പ്ലെയിനിങ്, കട്ടിങ്, പോളിഷിങ്, കടച്ചില്‍, കൊത്തുപണി, എന്നീ ജോലികള്‍ അന്യസംസ്ഥാന തൊഴിലാളികളുള്‍പ്പെടെയുള്ള വിദഗ്ധരായ തൊഴിലാളികളാണ് ചെയ്തു വരുന്നത് നെല്ലിക്കുഴിയിലെ ഫണിച്ചര്‍ വ്യവസായ മേഖലയില്‍ വിവിധ തൊഴിലുകള്‍ ചെയ്യുന്ന അയ്യായിരത്തിലേറെ തൊഴിലാളികളുണ്ടെന്ന് കണക്കാക്കപ്പെടുന്നത്.
നിരവധി പ്രതിസന്ധികള്‍കക്കിടയിലും 14 ശതമാനം വരുന്ന നികുതിയടക്കുകയെന്ന മറ്റൊരുഭാരവും ഇവരെ വലയ്ക്കുന്നുണ്ട്. കടുത്ത സാമ്പത്തീക പ്രതിസന്ധിയിലായിരിക്കുന്ന നെല്ലിക്കുഴിയിലെ ഫര്‍ണിച്ചര്‍ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ ഭാഗത്ത്‌നിന്നും ഉണ്ടാവുമെന്ന വിശ്വാസത്തോടെ ഉപഭോക്താക്കളെ കാത്ത് നല്ലൊരു ഭാവി പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് നെല്ലിക്കുഴിയിലെ വലിയൊരുവ്യാപാരി സമൂഹം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."