ഓണക്കാലത്ത് 85,000 ടണ്‍ വിഷരഹിത പച്ചക്കറി വിപണിയിലെത്തിക്കും
തിരുവനന്തപുരം: ഓണക്കാലത്ത് 85,000 ടണ്‍ വിഷരഹിത പച്ചക്കറി കൃഷി വകുപ്പ് വിപണിയിലെത്തിക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. ഇതിനായി 15,000 ഹെക്ടര്‍ സ്ഥലത്ത് ഓണ സമൃദ്ധി പദ്ധതിയില്‍ പച്ചക്കറിക്കൃഷി നടത്തും.
മുതലമടയില്‍ മാമ്പഴ സംസ്‌ക്കരണ വിപണന കേന്ദ്രം ആരംഭിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു. കോഴിക്കോട് വേങ്ങേരി കേന്ദ്രീകരിച്ച് കാര്‍ഷിക സര്‍വകലാശാലയുടെ സെന്റര്‍ ആരംഭിക്കും.
ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘങ്ങളെ ഏകോപിപ്പിച്ച് അവയ്ക്ക് അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക സഹായങ്ങളും വിപണന സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് നിലവില്‍ 4,91,269.6634 ഏക്കര്‍ നെല്‍വയലുകളുണ്ടെന്നു മറ്റൊരു ചോദ്യത്തിനു മറുപടിയായി മന്ത്രി നിയമസഭയെ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമാനുസൃതം 1379.887 ഹെക്ടര്‍ നെല്‍വയല്‍ നികത്തുന്നതിനു അനുമതി നല്‍കിയിട്ടുണ്ട്.
കര്‍ഷകര്‍ ഏത് അംഗീകൃത ഏജന്‍സികളില്‍ നിന്നു വിത്തു വാങ്ങിയാലും സബ്‌സിഡി അനുവദിക്കുന്നതിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് എല്ലാ വിളകള്‍ക്കും ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."