ജില്ലാ വികസന സമിതി; കാരാപ്പുഴ ടൂറിസം പദ്ധതി 21ന് ഉദ്ഘാടനം ചെയ്യും
ക ല്‍പ്പറ്റ: ജില്ലയിലെ ആദിവാസി ജനവിഭാഗങ്ങളെ സമ്പൂര്‍ണ സാക്ഷരാക്കാനും കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കാനുമുള്ള ജനകീയ ക്യാംപയിന്‍ 28 മുതല്‍ തുടങ്ങാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ഈ വിഭാഗത്തിലെ 16നും 50നുമിടയില്‍ പ്രായമുളള ഒരാള്‍ പോലും അക്ഷരം എഴുതാനും വായിക്കാനും അറിയാത്തവരായി ഉണ്ടായിരിക്കരുതെന്നും കുട്ടികളെ വിദ്യാലയത്തില്‍ ചേര്‍ത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക, ചേര്‍ക്കാത്തവരെ വിദ്യാലത്തിലെത്തിക്കാന്‍ നടപടി സ്വീകരിക്കുക, ഇടക്ക് പഠനം നിര്‍ത്തിയവരുടെ തുടര്‍ പഠനത്തിന് സാഹചര്യമൊരുക്കുക തുടങ്ങിയവയാണ് കാംപയിന്‍ ലക്ഷ്യമാക്കുന്നതെന്ന് വിഷയമവതരിപ്പിച്ച സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, മഹിളാ പ്രവര്‍ത്തകര്‍, കുടുംബ ശ്രീ, നെഹ്‌റു യുവകേന്ദ്ര, യുവജനക്ഷേമ ബോര്‍ഡ് തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തം ഉറപ്പാക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനകീയ മുന്നേറ്റത്തില്‍ പങ്കാളികളാവണമെന്ന് എം.എല്‍.എ അഭ്യര്‍ഥിച്ചു. പദ്ധതി വിജയിപ്പിക്കാനായി ജനങ്ങള്‍ ചെറുഗ്രൂപ്പുകളായി തിരിഞ്ഞു കോളനികളിലെ വീടുകള്‍ സന്ദര്‍ശിക്കും. നേരത്തെ സംസ്ഥാനത്ത് നടത്തിയ സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിന്റെ മാതൃകയിലായിരിക്കും ഈ ജനകീയ പദ്ധതി.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വരും ദിവസങ്ങളില്‍ ബന്ധപ്പെട്ട എല്ലാവരുടെയും കൂടിയാലോചന നടത്തും. തിരുനെല്ലി, നൂല്‍പ്പുഴ, കണിയാമ്പറ്റ പഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചന്റെ സാധ്യത ആരായാനായി കുടുംബശ്രിയുടെ നേതൃത്വത്തില്‍ സര്‍വേ നടത്തുന്നത് ശരിയായ നടപടിയല്ലെന്ന് ഒ.ആര്‍ കേളു എം.എല്‍.എ ജില്ലാ വികസന സമിതി യോഗത്തില്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട ചിലര്‍ക്ക് മാത്രം ഭക്ഷണം എത്തിക്കുന്നത് കോളനികളില്‍ സുഖകരമല്ലാത്ത അവസ്ഥയുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചിലര്‍ക്ക് മാത്രം പാചകം ചെയ്ത ഭക്ഷണം നല്‍കുന്നതിന് പകരം വിവേചനമില്ലാതെ കോളനിയിലെ എല്ലാവര്‍ക്കും ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുന്ന നടപടിയാണ് ഉചിതമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫിസ് മാനന്തവാടിയില്‍ നിന്നും മാറ്റാന്‍ നീക്കമുണ്ടെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ വിവിധ കക്ഷികള്‍ സമരം നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം നീക്കത്തെക്കുറിച്ച് നാളിതുവരെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു. തിരുനെല്ലി പഞ്ചായത്തിലെ ആനത്താര പുനരധിവാസ പദ്ധതിക്ക് ഫണ്ട് ലഭ്യമാവുകയും ഗുണഭോക്താക്കളെ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ ഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുക, മാനന്തവാടി നഗരസഭയിലും എടവക, തവിഞ്ഞാല്‍ പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതി വേഗത്തിലാക്കുക, പനമരത്തെ പട്ടികവര്‍ഗ ഹോസ്റ്റലില്‍ വെള്ളം ലഭ്യമാക്കാന്‍ നടപടി സ്വികരിക്കുക എന്നീ ആവശ്യങ്ങളും ഒ.ആര്‍ കേളു എം.എല്‍.എ ജില്ലാ വികസന സമിതിയില്‍ ഉന്നയിച്ചു.
കാരാപ്പുഴ ടൂറിസം പദ്ധതി മെയ് 21ന് ഉദ്ഘാടനം ചെയ്യുമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ യോഗത്തില്‍ അറിയിച്ചു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജല വിഭവ വകുപ്പ് മന്ത്രി മാത്യൂ തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 2016-17 വര്‍ഷം 90, 100 ശതമാനം പദ്ധതി തുക ചെലവഴിച്ച വകുപ്പുകള്‍ വിനിയോഗത്തിന്റെ ഭൗതിക നേട്ടങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും ഇതേ വകുപ്പുകള്‍ ത്രിതല പഞ്ചായത്തിന്റെ പദ്ധതി നടത്തിപ്പില്‍ വളരെ കുറഞ്ഞ തുക ചെലവഴിക്കേണ്ട അവസ്ഥയുണ്ടാക്കിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ആവശ്യപ്പെട്ടു. പതിമൂന്നാം പദ്ധതിയില്‍ വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിന് 34 ദിവസം മാത്രമാണ് ലഭിക്കുന്നതെന്നും ഇത് പ്രയാസമുണ്ടാക്കുന്നതായും അവര്‍ പറഞ്ഞു. ജില്ലയില്‍ ഇനിയും നാല് പഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുണ്ടെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി അറിയിച്ചു.
പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ 3.5 കോടി രൂപ ചെലവിലുള്ള ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എം.ഐ ഷാനവാസ് എം.പിയുടെ പ്രതിനിധി കെ.എല്‍ പൗലോസ് ആവശ്യപ്പെട്ടു. ജില്ലയില്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ 640 തെരുവുനായകള്‍ക്ക് പ്രജന നിയന്ത്രണ ശസ്ത്രക്രിയ നടത്തിയതായി മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. തെരുവ്‌നായ പ്രജന നിയന്ത്രണം കുടംബ ശ്രീയെ ഏല്‍പ്പിക്കാനുള്ള ഉത്തരവ് ഇറങ്ങിയിട്ടുണ്ടെന്നും എന്നാല്‍ മാര്‍ഗ രേഖയായിട്ടില്ലെന്നും കുടുംബ ശ്രീ അധികൃതര്‍ അറിയിച്ചു.
2017-18 പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് ഇതിനായി 15 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് പറഞ്ഞു. ആദിവാസി കോളനികളില്‍ കുട്ടികളും യുവാക്കളും മയക്കുമരുന്നിന് അടിമപ്പെടുന്നത് തടയാന്‍ കായിക വിനോദങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നതും ഇതിനായി ക്ലബ്ബുകള്‍ രൂപീകരിക്കുന്നതും ഉചിതമായിരിക്കുമെന്ന് സബ് കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. എ.ഡി.എം കെ.എം രാജു, ഡെപ്യൂട്ടി പ്ലാനിങ്ങ് ഓഫിസര്‍ സുഭദ്ര, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."