നീന്തല്‍ക്കുളത്തില്‍ അപൂര്‍വനേട്ടം കൊയ്ത് ഡീവന്‍സ് മാഷ്
പുല്‍പ്പള്ളി: നീന്തല്‍ക്കുളത്തില്‍ അപൂര്‍വനേട്ടം കൊയ്ത് പുല്‍പ്പള്ളി വേലിയമ്പം പുല്ലാനിക്കാവില്‍ ഡീവന്‍സ് മാഷ്. ഇതിനോടകം ഡീവന്‍സിന്റെ ശിക്ഷണത്തില്‍ നീന്തല്‍ അഭ്യസിച്ചത് പതിനായിരത്തിലധികം കുട്ടികള്‍.
കഴിഞ്ഞ അഞ്ച് വര്‍ഷമായി പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, കബനിഗിരി, പൂതാടി എന്നിവിടങ്ങളിലായി പരിശീലന ക്യാംപുകള്‍ നടത്തി ഡീവന്‍സ് മാഷ് തന്റെ ജൈത്രയാത്ര തുടരുകയാണ്. മറ്റ് കായികയിനങ്ങളില്‍ നിന്നും വ്യത്യസ്തമായി നീന്തല്‍കുളത്തില്‍ പരിശീലനത്തിനായി എത്തുന്ന കുട്ടികളുടെയെണ്ണം ദിനംപ്രതി കൂടുകയാണ്.
പരുക്കുകള്‍ക്ക് ഏറ്റവും സാധ്യത കുറവുള്ള മത്സരയിനമായ നീന്തല്‍ കായികക്ഷമത വര്‍ധിപ്പിക്കാനുള്ള ഉപാധി കൂടിയാണെന്ന് ഡീവന്‍മാഷ് പറയുന്നു. പുല്‍പ്പള്ളി സെന്റ് ജോര്‍ജ്ജ് യു.പി സ്‌കൂള്‍, കല്ലുവയല്‍ ജയശ്രീ എച്ച്.എസ്, പയ്യമ്പള്ളി സെന്റ് കാതറിന്‍സ് സ്‌കൂള്‍, കബനിഗിരി സ്‌കൂള്‍, മുള്ളന്‍കൊല്ലി സെന്റ്‌മേരീസ് സ്‌കൂള്‍, പെരിക്കല്ലൂര്‍ ഗവ. സ്‌കൂള്‍, കാപ്പിസെറ്റ് സ്‌കൂള്‍, വാകേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിങ്ങനെ നിരവധി സ്‌കൂളിലെ വിദ്യാര്‍ഥികളെ നിലവില്‍ ഡീവന്‍സ് മാഷ് പരിശീലിപ്പിക്കുന്നുണ്ട്.
വേലിയമ്പം ദേവിവിലാസം സ്‌കൂളിലെ കായികാധ്യാപകനായി 31 വര്‍ഷത്തെ സര്‍വിസിന് ശേഷം വിരമിച്ചതിന് ശേഷവും കായികപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഡീവന്‍സ് പിന്നോട്ടുപോയില്ല.
കേരളത്തിലാദ്യമായി അഞ്ഞൂറോളം സ്റ്റുഡന്‍സ് പൊലിസ് കേഡറ്റുകളെ അഭ്യസിപ്പിച്ചുവെന്ന അതുല്യനേട്ടവും ഡീവന്‍സിന്റെ പേരിലുണ്ട്. പയ്യമ്പള്ളി സെന്റ് കാതറിന്‍സ്, കല്ലുവയല്‍ ജയശ്രി, വാകേരി ഗവ. സ്‌കൂള്‍ എന്നിവിടങ്ങളിലെ സ്റ്റുഡന്‍സ് പൊലിസ് കേഡറ്റുകളെയാണ് മാഷ് നീന്തല്‍ പരിശീലിപ്പിച്ചത്.
ജില്ലയിലെ ചെക്ക്ഡാമുകളിലും, കബനിനദിയിലുമെല്ലാമാണ് ഡീവന്‍സ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.
വ്യായാമത്തോടൊപ്പം ജീവന്‍ രക്ഷിക്കാനുള്ള ഉപാധികൂടിയാണ് നീന്തലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മറ്റ് കായികയിനങ്ങളില്‍ നിന്നും വ്യത്യസ്തമായി ശിരസ് മുതല്‍ കാല്‍പാദം വരെ വ്യായാമം കിട്ടുന്ന കായികയിനമാണ് നീന്തല്‍. കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം വേലിയമ്പം ദേവിവിലാസം സ്‌കൂളില്‍ കായികാധ്യാപകനായി അദ്ദേഹം ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. സൗകര്യങ്ങളുടെ അപര്യാപ്തയാണ് ജില്ലയിലെ നീന്തല്‍ പരിശീലനം നേരിടുന്ന പ്രധാനവെല്ലുവിളിയെന്നും, ബന്ധപ്പെട്ട അധികാരികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ അത് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."