സ്വന്തമായി വീടില്ല; അനീഷിന്റെ കുടുംബജീവിതം അയല്‍വാസിയുടെ ശൗചാലയത്തില്‍
പുല്‍പ്പള്ളി: ആദിവാസികളെ സംരക്ഷിക്കാന്‍ കോടികള്‍ ചിലവാക്കുന്നുവെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന നാട്ടില്‍ ആദിവാസി വിഭാഗത്തിലെ കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ഒരു കുടുംബം കയറിക്കിടക്കാന്‍ ഒരു വീടില്ലാതെ താമസിക്കുന്നത് അയല്‍വാസിയുടെ ശൗചാലയത്തില്‍. പുല്‍പ്പളളി പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ ചണ്ണക്കൊല്ലിയിലാണ് അച്ഛനും അമ്മയും 10 മാസംമാത്രം പ്രായമായ പിഞ്ചുകുഞ്ഞും ശൗ,ാലയത്തിന്റെ ഇടുങ്ങിയ ചുവരുകള്‍ക്കിടയില്‍ ജീവിക്കുന്നത്. കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട പരേതനായ ഒണക്കന്റെയും,ചിക്കിയുടെയും അഞ്ച് മക്കളില്‍ രണ്ടാമനാണ് അനീഷ്.
ആകെ 15 സെന്റ് സ്ഥലമാണ് ഇറുമുക്കി നായ്ക കോളനിക്കുള്ളത്. ഈ സ്ഥലത്തിനുള്ളില്‍ നാല് വീടുകള്‍, ഒരു കിണര്‍, രണ്ട് ശൗചാലയങ്ങളും നിര്‍മിച്ചിരിക്കുന്നതിനാല്‍ ഇനി ഒരു വീട് നിര്‍മിക്കുവാന്‍ കോളനിയില്‍ സ്ഥലമില്ല.
ഈ ദുരവസ്ഥയിലാണ് അനീഷും, സന്ധ്യയും കുടുംബജീവിതത്തിന് ഒരു സ്ഥലം കണ്ടെത്തിയത്. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന വല്യമ്മ ബൊമ്മിയുടെ വീടിനോടനുബന്ധിച്ചുള്ള ശൗചാലയത്തിലേക്കാണ് അനീഷ് ഭാര്യയും പിഞ്ച് കുഞ്ഞുമായി താമസം മാറ്റിയത്.
കഴിഞ്ഞ എട്ടുമാസമായി ഈ കുടുംബത്തിന്റെ താമസം ഇവിടെയാണ്. പഞ്ചായത്തിലും സ്ഥലം എം.എല്‍.എയുടെ മുന്നിലുമെല്ലാം അനീഷും സന്ധ്യയും തങ്ങളുടെ ദുരവസ്ഥ വിവരിച്ചെങ്കിലും അവരാരും ഇക്കാര്യം പരിഗണിച്ചതേയില്ലെന്ന് ഇവര്‍ പറയുന്നു. ഗ്രാമസഭയിലും, ഊര്കൂട്ടത്തിലും അനീഷിന്റെ ദുരവസ്ഥ ചര്‍ച്ചയ്ക്ക് വന്നെങ്കിലും ആരും ഇതിന് ചെവികൊടുത്തില്ല. റേഷന്‍കാര്‍ഡ് പോലും സ്വന്തമായില്ലാത്ത ഇവര്‍ക്ക് വീട് ഒരു സ്വപ്നം മാത്രമാണ്.
തങ്ങളുടെ വിഭാഗത്തില്‍പ്പെടുന്നവര്‍ തന്നെ വാര്‍ഡ് മെമ്പറും ബ്ലോക്ക് പഞ്ചായത്ത് മെമ്പറും, നിയോജകമണ്ഡലം എം.എല്‍.എയുമൊക്കെയായിട്ടും അനീഷിന്റെ ഈ ദുരവസ്ഥയ്ക്ക് പരിഹാരമില്ലെന്നതാണ് അനീഷ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."