തുറമുഖ സുരക്ഷക്ക് നിലവില്‍ വന്ന പോര്‍ട്ട് പൊലിസ് സ്റ്റേഷന് ആസ്ഥാനമില്ല പൊലിസ് ഉദ്യോഗസ്ഥര്‍ പെരുവഴിയില്‍
കോവളം: അന്താരാഷ്ട്ര തുറമുഖത്തിലെ ക്രമസമാധാന പാലനത്തിന് പുതുതായി രൂപീകരിച്ച സ്റ്റേഷനില്‍ ജോലിചെയ്യാനെത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ പെരുവഴിയിലായി.
തുറമുഖത്തിന്റെ സുരക്ഷക്കായി ഇന്നലെ മുതല്‍ നിലവില്‍ വന്ന പോര്‍ട്ട് പൊലിസ് സ്റ്റേഷന്‍ എന്ന് പേരിട്ട പുതിയ സ്റ്റേഷനില്‍ ചാര്‍ജ്ജെടുക്കാന്‍ വന്ന എസ്.ഐ അടക്കമുള്ള പൊലിസുകാരാണ് ആസ്ഥാനം എവിടെയെന്നറിയാതെ പെരുവഴിയിലായത്.
വിഴിഞ്ഞം സര്‍ക്കിളിന് കീഴിലാണ് വിഴിഞ്ഞം പോര്‍ട്ട് പൊലിസ് സ്റ്റേഷന്‍ നിലവില്‍ വന്നത്.
ഒരു.എസ്.ഐ മുപ്പത് സി.പി.ഒ മാര്‍, ആറു വനിതാ പൊലിസ്, നാല് ഡ്രൈവര്‍മാര്‍ എന്നിങ്ങനെ നാല്‍പത് ജീവനക്കാരെയും രണ്ട് പൊലിസ് ജീപ്പും പോര്‍ട്ട് സ്റ്റേഷന് അനുവദിച്ചിട്ടുണ്ട്. പുതിയ സ്റ്റേഷന്റെ പ്രവര്‍ത്തനം ഇന്നലെ മുതല്‍ ആരംഭിക്കണമെന്നായിരുന്നു ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശം.ഇത് അനുസരിച്ച് എസ്.ഐ.വി പ്രസാദ് ഉള്‍പ്പെടെ 11 പേരാണ് ഇന്നലെ തന്നെ ജോലി ആരംഭിക്കാനായി നിര്‍ദ്ദിഷ്ട വിഴിഞ്ഞം തുറമുഖ പ്രദേശത്ത് എത്തിയത്. തുടക്കത്തില്‍ വിഴിഞ്ഞം പുളിങ്കുടിയിലെ എ.ആര്‍ ക്യാംപില്‍ ഡിറ്റാച്ച്‌മെന്റ് യൂനിറ്റായി പ്രവര്‍ത്തിക്കാനായിരുന്നു നിര്‍ദ്ദേശം.
പക്ഷെ ഇത് സംബന്ധിച്ച യാതൊരറിയിപ്പും ക്യാംപ് അധികൃതര്‍ക്ക് ലഭിക്കാത്തതാണ് പുതിയ സ്റ്റേഷനില്‍ ചാര്‍ജ്ജെടുക്കാന്‍ വന്നവര്‍ക്ക് തിരിച്ചടിയായത്.പുളിങ്കുടി എ.ആര്‍ ക്യാംപ് നിശാന്തിനി ഐ.പി എസിന്റെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച വനിതാ ബറ്റാലിയന്റെ ആസ്ഥാനമാക്കാന്‍ തീരുമാനിച്ചതായാണറിയുന്നത്. ഇതോടെ പുതിയ സ്റ്റേഷനില്‍ ക്രമസമാധാന പാലനത്തിനായെത്തിയ പൊലിസുകാര്‍ക്ക് വിശ്രമിക്കാന്‍ പോലും സ്ഥലമില്ലാതായി. തുറമുഖ പ്രദേശത്ത് ജോലി ആരംഭിച്ച പൊലിസുകാര്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ച് തുറസായ സ്ഥലത്തെ തണലില്‍ പകല്‍ ചിലവഴിച്ചു.
രാത്രിയായതോടെ അവരവരുടെ വീടുകളിലേക്ക് മടങ്ങി. തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയായി പുതിയ കെട്ടിടം നിര്‍മിക്കുന്നതുവരെ പോര്‍ട്ട് പൊലിസ് സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് ഇരിപ്പിടം എവിടെ ഒരുക്കുമെന്നത് അധികൃതര്‍ക്ക് തലവേദനയാണ്. ഇനിയുള്ള രണ്ട് ദിവസം പൊതു അവധി ആയതിനാല്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാനിടയില്ല.
അതു കഴിഞ്ഞ് നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ പൊലിസുകാര്‍ക്ക് പെരുവഴിതന്നെ ശരണം.സിറ്റി കമ്മിഷണര്‍ക്ക് കീഴിലുള്ള വിവിധ സ്റ്റേഷനുകളില്‍ നിന്നുമാണ് പോര്‍ട്ട് സ്റ്റേഷന് ജീവനക്കാരെ കണ്ടെത്തിയിരിക്കുന്നത്. ഇരിക്കാന്‍ ഇരിപ്പിടമില്ലാതായതോടെ ഈ തട്ടിക്കൂട്ട് സ്റ്റേഷനില്‍ നിയോഗിക്കപ്പെട്ട മറ്റ് ജീവനക്കാര്‍ അവധി കഴിഞ്ഞ് ഒരു തീരുമാനം ഉണ്ടായിട്ടേ ജോലിക്കെത്തൂ.വിഴിഞ്ഞം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനിലെ പൊലിസിന് തുറമുഖ പ്രദേശത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ചുമതല മാത്രമാണ് തുടക്കത്തിലുള്ളത്.
ക്രിമിനല്‍ കേസുകളടക്കമുള്ളവ പഴയതുപോലെ വിഴിഞ്ഞം സബ് ഇന്‍സ്‌പെക്ടര്‍ക്കായിരിക്കും. മുന്നൊരുക്കങ്ങളില്ലാതെ പുതിയ സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചതാണ് തുറമുഖത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്ത് നിരവധി കെട്ടിടങ്ങള്‍ ഒഴിഞ്ഞ് കിടന്നിട്ടും ജോലിക്കെത്തിയ പൊലിസുകാര്‍ പെരുവഴിയിലാകാന്‍ കാരണം.
അടിസ്ഥാന സൗകര്യമടക്കമുള്ളവ ഒരുക്കാതെയുള്ള പൊലിസ് സ്റ്റേഷന് കീഴിലുള്ള സുരക്ഷ എത്രമാത്രം ഫലപ്രദമാവുമെന്ന ആശങ്കയുമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."