പതിനാറുകാരിയുടെ മരണം സ്വത്ത് തട്ടാനുള്ള ആസൂത്രിത കൊലപാതകം
കുടുംബത്തിലെ എല്ലാവരേയും കൊലപ്പെടുത്താനായി വീട്ടില്‍ ഉണ്ടാക്കിയ ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്തു
കുന്നുംകൈ (കാസര്‍കോട്): വെള്ളരിക്കുണ്ട് ബളാലില്‍ പതിനാറുകാരി മരിച്ചത് മാതാപിതാക്കളെ ഉള്‍പ്പെടെ കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുക്കാനുള്ള ഇരുപത്തിരണ്ടുകാരനായ സഹോദരന്റെ ആസൂത്രിത കൊലപാതക ശ്രമത്തിനിടെ. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച ബളാല്‍ അരിങ്കല്ലില്‍ ആന്‍മേരിയുടെ സഹോദരന്‍ ആല്‍ബിന്‍ ബെന്നി (22)യെ വെള്ളരിക്കുണ്ട് പൊലിസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ അഞ്ചിനാണ് ബളാല്‍ അരിങ്കല്ലു ഓലിക്കല്‍ ബെന്നി-ബെസി ദമ്പതികളുടെ മകള്‍ ആന്‍മേരി (16) മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ആന്‍മേരി മരിച്ചതെന്നാണ് ആദ്യം വാര്‍ത്ത പരന്നത്. എന്നാല്‍ കുട്ടി മരിച്ചതിനു പിന്നാലെ പിതാവ് ബെന്നിയെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മാതാവ് ബെസിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബം ഒന്നടങ്കം ആശുപത്രിയിലായതോടെ നാട്ടുകാരില്‍ ചിലര്‍ സംശയം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം നടത്തിയത്.
ആന്‍മേരി മരിക്കുന്നതിന് നാലു ദിവസം മുന്‍പ് ബെന്നിയുടെ വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നു. ഈ ഐസ്‌ക്രീം കഴിച്ച ശേഷമാണ് ആന്‍മേരിയെ വയറിന് അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും മരിക്കുന്നതും. എലിവിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാകുകയും ചെയ്തു. ഐസ്‌ക്രീമില്‍ എങ്ങനെ എലിവിഷത്തിന്റെ അംശം വന്നു എന്ന അന്വേഷണമാണ് സഹോദരന്റെ ഞെട്ടിക്കുന്ന ക്രൂരതയുടെ കഥ പുറംലോകമറിയാന്‍ ഇടയായത്.കുടുംബത്തെ ഒന്നടങ്കം വകവരുത്തി സ്വത്ത് തട്ടിയെടുക്കാനും ആഡംബര ജീവിതം നയിക്കാനുമാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നല്‍കിയതായി പൊലിസ് പറഞ്ഞു. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തുന്നതിനു ഒരാഴ്ച മുന്‍പ് കോഴിക്കറിയില്‍ വിഷം കലര്‍ത്തി എല്ലാവരേയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിഷത്തിന്റെ അംശം കുറവായതിനാല്‍ മരണം സംഭവിച്ചില്ല. തുടര്‍ന്ന് എലിവിഷം സംബന്ധിച്ചു ആല്‍ബിന്‍ ഗൂഗിളില്‍ സെര്‍ച് ചെയ്ത് വിവരങ്ങള്‍ അറിഞ്ഞു. പിന്നീടാണ് വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമില്‍ കൂടുതല്‍ വിഷം ചേര്‍ത്തത്. തൊണ്ട വേദനയാണെന്ന് പറഞ്ഞു ആല്‍ബിന്‍ ഐസ്‌ക്രീം കഴിച്ചിരുന്നില്ല. മാതാവും പിതാവും സഹോദരിയും ഈ ഐസ്‌ക്രീം കഴിച്ചു. മാതാവ് കുറച്ചു ഐസ്‌ക്രീം മാത്രമാണ് കഴിച്ചത്. അതിനാല്‍ ആശുപത്രി വിട്ടു. പിതാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ആല്‍ബിന്റെ മറ്റൊരു സഹോദരന്‍ ബിബിന്‍ ബെന്നി താമരശ്ശേരി സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥിയാണ്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി, എം.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.പ്രേംസദനന്‍, എസ്.ഐ ശ്രീദാസ് പുത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കേസ് അന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."