അനധികൃത റിസോര്‍ട്ട് സംരക്ഷിക്കാന്‍ സച്ചിന് മന്ത്രിയെ കണ്ടെന്ന് ആക്ഷേപം
ന്യൂഡല്‍ഹി: കൈയേറ്റ ഭൂമിയില്‍ നിര്‍മിച്ച അനധികൃത കെട്ടിടം പൊളിക്കുന്നത് തടയാന്‍ മുന്‍ ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കര്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ സഹായം തേടിയതായി റിപ്പോര്‍ട്ട്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ബിസിനസ് പങ്കാളിയുടെ റിസോര്‍ട്ട് സംരക്ഷിക്കുന്നതിനാണ് സച്ചിന് ശ്രമിച്ചതെന്നാണ് ആരോപണം.
സുഹൃത്തും ബിസിനസ് പങ്കാളിയുമായ സഞ്ജയ് നരംഗിന്റെ പങ്കാളിത്തത്തിലുള്ള റിസോര്‍ട്ടിനെതിരായ നടപടികള്‍ തടയാനാണ് സച്ചിന് കഴിഞ്ഞവര്‍ഷം പ്രതിരോധ മന്ത്രിയെ കണ്ടത്.
ഉത്തരാഖണ്ഡിലെ മസൂറിയിലാണ് വിവാദ റിസോര്‍ട്ടുള്ളത്. പ്രതിരോധ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാനേജ്മെന്റ് എന്ന തന്ത്രപ്രധാന സ്ഥാപനത്തോട് ചേര്‍ന്നാണ് റിസോര്‍ട്ടുള്ളത്. പ്രതിരോധ വകുപ്പിന്റെ 50 അടിയിലേറെ സ്ഥലം കൈയേറിയെന്നാണ് ആരോപണം. ഈ സ്ഥലത്ത് നിര്‍മിച്ച റിസോര്‍ട്ട് പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് രാജ്യസഭാ എം.പി കൂടിയായ സച്ചിന് പരീക്കറിനെ സമീപ്പിച്ചത്. തന്ത്രപ്രധാനമായ സ്ഥലത്താണ് കൈയേറ്റവും നിര്‍മാണവും നടന്നിട്ടുള്ളത്. മന്ത്രിയെ കണ്ട കാര്യം സച്ചിന്റെ വക്താവ് സമ്മതിച്ചെങ്കിലും ഇക്കാര്യത്തില്‍ സാമ്പത്തികമായ ഒരു ലക്ഷ്യവുമുണ്ടായിരുന്നില്ലെന്ന് പറഞ്ഞു. നരംഗുമായി സച്ചിന് ബിസിനസ് പങ്കാളിത്തമില്ലെന്നും വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."