ടാങ്കും പൈപ്പ് ലൈനും നോക്കുകുത്തി ശുദ്ധജലം കിട്ടാതെ ജനം ദുരിതത്തില്‍
കാഞ്ഞങ്ങാട്: നഗരസഭയിലെ കടപ്പുറം വാര്‍ഡില്‍ ശുദ്ധജല വിതരണത്തിനു വേണ്ടി ഒരുക്കിയ കിണറില്‍ വെള്ളമുണ്ടെങ്കിലും ഇതു വിതരണം ചെയ്യാനുള്ള നടപടികള്‍ ഇല്ലാതെ വന്നതോടെ ടാങ്കും പൈപ്പ് ലൈനും നോക്കുകുത്തിയായി മാറി. 2002ല്‍ നഗരഭരണം നടത്തിയിരുന്ന യു.ഡി.എഫ് ഭരണ സമിതിയാണു കടപ്പുറം വാര്‍ഡിലും പരിസര വാര്‍ഡുകളിലും ശുദ്ധജലം വിതരണം ചെയ്യുന്നതിനു വേണ്ടി ഈ പ്രദേശത്ത് കിണറും പമ്പ് ഹൗസും ടാങ്കും സ്ഥാപിച്ചത്.
പതിനായിരം ലിറ്റര്‍ വെള്ളം ശേഖരിക്കാനുള്ള ടാങ്കാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. വെള്ളം പമ്പ് ചെയ്യാന്‍ മോട്ടോര്‍ ഉള്‍പ്പെടെ സ്ഥാപിച്ച് വൈദ്യുത കണക്ഷനും എടുത്തെങ്കിലും ഒന്നര പതിറ്റാണ്ടായി ഈ ടാങ്കില്‍ നിന്നു ജലം വിതരണം ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
രൂക്ഷമായ ശുദ്ധജലക്ഷാമം അനുഭവിക്കുന്ന നഗരസഭാ പരിധിയിലെ തീരദേശ പ്രദേശത്തെ വാര്‍ഡുകളിലെ ആളുകള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന പദ്ധതി കൂടിയായിട്ടും ഇവിടെ നിന്നു ജലം വിതരണം ചെയ്യാനുള്ള നടപടികള്‍ നഗരസഭാ അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. വാര്‍ഡിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളിലേക്ക് ഈ ടാങ്കില്‍ നിന്നു പൈപ്പ് ലൈനും സ്ഥാപിച്ചിട്ടുണ്ട്.
അതിനിടെ ഇവിടെ സ്ഥാപിച്ച മോട്ടോറും മെയിന്‍സ്വിച്ച് ഉള്‍പ്പെടെയുള്ള വസ്തുക്കളും മോഷണം പോയതായും നാട്ടുകാര്‍ പറഞ്ഞു.
ഉപയോഗിക്കാതെ വന്നതോടെ കിണറില്‍ മാലിന്യം നിറഞ്ഞ അവസ്ഥയാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."