പാക് സൈനികമേധാവി സഊദി സന്ദര്‍ശനത്തിന്
ഇസ്ലാമാബാദ്: കശ്മിര് വിഷയത്തെ ചൊല്ലി പാകിസ്താനുള്ള സാമ്പത്തിക സഹായം സഊദി റദ്ദാക്കിയ സാഹചര്യത്തില്‍ സഊദി കിരീടാവകാശിയെ അനുനയിപ്പിക്കുന്നതിനായി പാക് സൈനിക മേധാവി ഖമര്‍ ജവാദ് ബജ്വ സഊദി സന്ദര്‍ശിക്കുന്നു.
കശ്മിര് വിഷയത്തില്‍ ഒ.ഐ.സി പാകിസ്താന് പിന്തുണ നല്കാത്തതിനാല് സഊദി അംഗമായ സംഘടനയ്ക്കെതിരേ പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈഷി രൂക്ഷ വിമര്‍ശനമുന്നയിച്ചതാണ് സഊദിയെ പ്രകോപിപ്പിച്ചത്. ഇതോടെ പാകിസ്താനിലേക്കുള്ള അസംസ്കൃത എണ്ണ കയറ്റുമതി സഊദി നിര്‍ത്തുകയും കോടികളുടെ വായ്പ റദ്ദാക്കുകയും ചെയ്തിരുന്നു.
300 കോടി ഡോളറിന്റെ വായ്പയാണ് സഊദി സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുന്ന പാകിസ്താന് വാഗ്ദാനം ചെയ്തിരുന്നത്. 320 കോടിയുടെ എണ്ണയും നല്കാന് കരാറിലെത്തിയിരുന്നു. ഇത് നഷ്ടമാകുന്നത് രാജ്യത്തെ വന്‍ പ്രതിസന്ധിയിലാക്കുമെന്നതിനാലാണ് പാക് സൈനിക മേധാവി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ സന്ദര്‍ശിക്കുന്നത്. പാകിസ്താന് രാഷ്ട്രീയത്തില്‍ സൈന്യത്തിന് വലിയ സ്വാധീനമാണുള്ളത്. സൈനിക മേധാവി ഈയാഴ്ച സഊദി സന്ദര്‍ശിക്കുന്ന കാര്യം സൈനിക വക്താവ് മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിഖാറാണ് വെളിപ്പെടുത്തിയത്. നേരത്തെ കശ്മിര് വിഷയത്തില്‍ ഒ.ഐ.സി പാകിസ്താനൊപ്പം നില്ക്കുന്നില്ലെങ്കില് അതിനു തയാറായ മുസ്ലിം രാജ്യങ്ങളുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടുമെന്ന് പാക് വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."