കൂത്തുപറമ്പ് നഗരം സി.സി.ടി.വി നിരീക്ഷണത്തില്‍
കൂത്തുപറമ്പ്: കൂത്തുപറമ്പ് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മുഴുവന്‍ പ്രദേശങ്ങളും ഇനി കാമറാ നിരീക്ഷണത്തില്‍. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 80ഓളം സി.സി.ടി.വി കാമറകളാണ് രണ്ടാഴ്ചക്കകം പൊലിസ് സ്ഥാപിക്കുന്നത്. കൂത്തുപറമ്പ് ടൗണ്‍ കേന്ദ്രീകരിച്ചു 20 കാമറകള്‍ പ്രവര്‍ത്തിച്ചിരുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി കാമറകള്‍ സ്ഥാപിച്ച പോസ്റ്റുകളില്‍ മിക്കതും നീക്കം ചെയ്യേണ്ടി വന്നതിനാല്‍ ഇവയില്‍ ആറു കാമറകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനാലാണ് പുതുതായി കാമറകള്‍ സ്ഥാപിക്കുന്നതിനായി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബി. രാജേന്ദ്രന്‍, എസ്.ഐ പി. റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ജനകീയ കമ്മിറ്റി രൂപീകരിച്ചത്.
സ്റ്റേഷന്‍ പരിധിയിലെ ഏതാണ്ട് മുഴുവന്‍ പ്രദേശങ്ങളും വലയത്തിലാകും വിധം രാത്രിയും പകലും ഒരേ രീതിയില്‍ വ്യക്തമായ കാഴ്ചകള്‍ ലഭിക്കുന്ന 80 കാമറകളാണ് സ്ഥാപിക്കുക. പ്രധാന ടൗണുകളായ കൂത്തുപറമ്പ്, തൊക്കിലങ്ങാടി, പൂക്കോട് എന്നിവിടങ്ങളില്‍ അത്യാധുനിക സൗകര്യത്തോടെയുള്ള കാമറകളാണ് സ്ഥാപിക്കുന്നത്. ഈ കാമറയില്‍ റോഡിലൂടെ പോകുന്ന വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് പതിഞ്ഞു കാണുന്നതിനൊപ്പം വാഹനത്തിന്റെ ഉടമ ആരാണെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലിസിനു ലഭ്യമാകും.
നേരത്തെയുണ്ടായിരുന്ന കാമറ സംവിധാനത്തിലൂടെ ഒട്ടേറെ കുറ്റകൃത്യങ്ങള്‍ കണ്ടു നടപടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ വ്യാവസായികള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നു ജനകീയ കമ്മിറ്റി രക്ഷാധികാരിയായ ഇന്‍സ്‌പെക്ടര്‍ ബി. രാജേന്ദ്രന്‍ പറഞ്ഞു.
എന്‍.പി പ്രകാശന്‍ ചെയര്‍മാനും പി. മഹീന്ദ്രന്‍ കണ്‍വീനറും പി.സി പോക്കു ഹാജി ട്രഷററുമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. രാത്രി കാലങ്ങളില്‍ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകളുടെ സുരക്ഷിതത്വത്തിനായി നേരത്തെ ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച സുരക്ഷാ ബട്ടണ്‍ സംവിധാനവും ഇതോടൊപ്പം പ്രവര്‍ത്തനസജ്ജമാക്കും. സ്റ്റേഷന്‍ പരിധി മുഴുവന്‍ കാമറാ വലയത്തിലാകുന്നതോടെ നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും തടയാമെന്നാണു പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."